Connect with us

International

യമനില്‍ സഖ്യസൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ വിവാഹ പാര്‍ട്ടിക്കെത്തിയ 20 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

സന്‍ആ: വടക്ക്പടിഞ്ഞാറന്‍ യമനില്‍ സഊദി സഖ്യസൈന്യം നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഖൈസ് ജില്ലയിലെ ഒരു വിവാഹ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒത്തുകൂടിയവര്‍ക്ക് നേരെയാണ് ആക്രമണമെന്ന് പ്രദേശവാസികളും മെഡിക്കല്‍ ഉദ്യോഗസ്ഥരും അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. 46 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ കൂടുതലും കുട്ടികളാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു ബാലന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യോമാക്രമണത്തില്‍ മരിച്ചുകിടക്കുന്ന പിതാവിന്റെ ശരീരത്തിലേക്ക് പിടിച്ചുകയറുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവ സമയത്ത് അവിടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചിട്ടും മൃതദേഹത്തില്‍ നിന്ന് കുട്ടി പിടിത്തം വിട്ടിരുന്നില്ല.

വ്യോമാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സഊദി സഖ്യസൈന്യം അറിയിച്ചു. ഈ സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും സമാനമായ മറ്റു സംഭവങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്, മേഖലയില്‍ അസ്ഥിരതസൃഷ്ടിക്കുന്ന ഹൂത്തികളെ ലക്ഷ്യമാക്കി 2015ല്‍ സഊദി സഖ്യസൈന്യം രൂപവത്കരിക്കുകയും ആക്രമണം ആരംഭിക്കുകയും ചെയ്തു. യമന്‍ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം ഇപ്പോഴും ഹൂത്തികളുടെ കൈവശമാണ്.

നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമാക്കിയല്ല സഊദി സഖ്യ സൈന്യം ആക്രമണം നടത്താറുള്ളതെന്ന് സഖ്യസൈന്യം നേരത്തെയും വ്യക്തമാക്കിയതാണ്. 2015 സെപ്തംബര്‍ 28ന് യമനിലെ കടലോര പ്രദേശമായ അല്‍വഹ്ജിയ്യയില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന 131 പേര്‍ സഊദി സഖ്യസൈന്യത്തിന്റെ വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. 2015 ഒക്ടോബറിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന 43 പേരും കൊല്ലപ്പെട്ടിരുന്നു.

Latest