ജനം തെരുവിലിറങ്ങി; പ്രതിഷേധച്ചൂടില്‍ അര്‍മീനിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

നിലപാടുകളില്‍ തെറ്റുസംഭവിച്ചതായി സെര്‍ഷ് സര്‍ഗ്‌സ്യാന്‍
Posted on: April 24, 2018 6:05 am | Last updated: April 23, 2018 at 11:16 pm
അര്‍മീനിയയില്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പതിനായിരങ്ങള്‍ പ്രതിഷേധത്തിലേര്‍പ്പെട്ടപ്പോള്‍

യെര്‍വാന്‍: രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അടുത്തിടെ അര്‍മീനിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സെര്‍ഷ് സര്‍ഗ്‌സ്യാന്‍ രാജിവെച്ചു. സര്‍ക്കാര്‍ നിലപാടുകളിലും പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാനിന്റെ അഴിമതിയിലും പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പതിനായിരക്കണക്കിന് ആളുകള്‍ അര്‍മീനിയയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിലേര്‍പ്പെട്ടുവരികയായിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നതായി അദ്ദേഹം സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.
റിപ്ലബ്ലിക് ഓഫ് അര്‍മീനിയയിലെ മുഴുവന്‍ പൗരന്മാരോടും താന്‍ ക്ഷമചോദിക്കുന്നു. പ്രതിപക്ഷ നേതാവ് നികോള്‍ പെഷ്‌നിയാനായിരുന്നു ശരി. തന്റെ നിലപാടുകളില്‍ തെറ്റുസംഭവിച്ചിരിക്കുന്നു. സാഹചര്യം പ്രശ്‌നകലുശിതമായതിനാല്‍ പ്രശ്‌നപരിഹാരം അനിവാര്യമായിരിക്കുന്നു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന ഉത്തരവാദിത്വപ്പെട്ട സ്ഥാനം രാജിവെക്കുകയാണെന്നും സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് നികോള്‍ പെഷ്‌നിയാനെ കഴിഞ്ഞ ദിവസം അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വൈകാതെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇന്നലെ സൈന്യവും പ്രക്ഷോഭകരോടൊപ്പം പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തതോടെ പ്രധാനമന്ത്രിയുടെ നില പരുങ്ങലിലാകുകയായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തിന്റെ പ്രസിഡന്റായി സേവനം ചെയ്തുവന്ന സെര്‍ഷ് സര്‍ഗ്‌സ്യാന്‍ അടുത്ത് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഈ മാസം 13 മുതലാണ് പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കംകുറിച്ചിരുന്നത്. രാജ്യത്തെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനല്ലെന്നും സാമ്പത്തികസ്ഥിതി മോശമാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.