Articles
മോദിയും വര്‍ഗീയതയും ഇവിടെ ഏശില്ല

ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കവെ പോരാട്ടം ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്. കര്‍ണാടക രാഷ്ട്രീയത്തിലെ മുടി ചൂടാമന്നനായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് അങ്കം കുറിക്കുന്നത്. ചാമുണ്ഡേശ്വരിക്ക് പുറമെ ഉത്തര കര്‍ണാടകയിലെ ബദാമി മണ്ഡലത്തില്‍ കൂടി അദ്ദേഹം ജനവിധി തേടുന്നു. മണ്ഡലത്തില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ ക്യൂന്‍സ് റോഡിലെ കെ പി സി സി ആസ്ഥാനത്ത് വെച്ച് സിദ്ധരാമയ്യ “സിറാജു”മായി സംസാരിച്ചു. പ്രസക്ത ഭാഗങ്ങള്‍:
രാജ്യം കാത് കൂര്‍പ്പിക്കുന്ന ഒരു ഈ തിരഞ്ഞെടുപ്പാണിത്; എന്തു തോന്നുന്നു?
ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായി മാറിയിരിക്കുന്ന ഒരു ഘട്ടത്തിലാണ് കര്‍ണാടക അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി -സംഘ്പരിവാര്‍ ശക്തികളുടെ വംശീയ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് രാജ്യം രക്ഷപ്പെടണമെങ്കില്‍ മതേതര ചേരി ഐക്യപ്പെടണം. കാവിഭീകരതക്ക് പച്ചപ്പരവതാനി വിരിച്ചുകൊടുക്കാന്‍ ഒരിക്കലും അനുവദിച്ചുകൂടാ. ബി ജെ പി നടപ്പാക്കുന്ന കാവി ഭീകരതക്ക് ഭരണത്തിന്റെ പിന്തുണ കൂടി ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ ദളിത്- പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അരക്ഷിതമായിത്തീരുകയാണ്. എന്നാല്‍, സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം, രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മതേതര ചേരിക്ക് ശക്തിക്ഷയം സംഭവിക്കുന്നുണ്ടോയെന്ന് ആശങ്കപ്പെടുത്തുന്നുണ്ട്.
മോദി പ്രഭാവം കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമോ?
ഇല്ല. മോദി പ്രഭാവവും ഹിന്ദുത്വ വര്‍ഗീയതയും കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തില്‍ ഒരു തരത്തിലും പ്രതിഫലിക്കുകയില്ല. രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിച്ച നോട്ട് നിരോധനവും അടിക്കടിയുള്ള ഇന്ധന വില വര്‍ധനയും ഹിന്ദുത്വ കടന്നാക്രമണവും ഉള്‍പ്പെടെ മോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്തായി കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം മാറും. അമിത്ഷായെ കര്‍ണാടകയിലെ വോട്ടര്‍മാര്‍ തിരസ്‌കരിച്ചുകഴിഞ്ഞു. ബി ജെ പി ഇപ്പോള്‍ മോദിയെയാണ് പ്രചാരണത്തിനിറക്കുന്നത്. എന്നാല്‍ മോദി പ്രഭാവം വോട്ടാക്കി മാറ്റാമെന്ന ബി ജെ പിയുടെ വ്യാമോഹം നടക്കാന്‍ പോകുന്നില്ല. കഴിഞ്ഞ ബി ജെ പി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയതാണ്. അഴിമതിക്കറ മായാത്ത ബി എസ് യെദ്യൂരപ്പയെയാണ് അവര്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാണിക്കുന്നത്. ഇതുതന്നെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ദയനീയ തോല്‍വിക്ക് ഇടയാക്കും.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യം?
വികസനത്തില്‍ അധിഷ്ഠിതമായ മുദ്രാവാക്യം തന്നെയാണ് കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. വികസനത്തിനും മതേതരത്വത്തിനുമാണ് കോണ്‍ഗ്രസ് വോട്ട് തേടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിനുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് സാധിച്ചു. അഴിമതിയുടെ കറ പുരളാതെ പരാതിക്കിട നല്‍കാത്ത വിധം ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാവുമോ ?
ഒരു സംശയവുമില്ല. ഭരണത്തിന്റെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ, വികസനങ്ങളുടെ വര്‍ഷങ്ങളെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ ഏറെ സഹായകമാവുന്ന നിരവധി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന പദ്ധതിയായ ഇന്ദിരാ കാന്റീനുകള്‍ ബെംഗളൂരു, മൈസൂരു ജില്ലകളില്‍ ആരംഭിച്ചു. ജനങ്ങള്‍ വളരെ ആഹ്ലാദത്തോടെയാണ് കാന്റീനുകളെ സ്വീകരിച്ചത്. ഇന്ദിരാ ക്ലിനിക്ക്, അന്ന ഭാഗ്യ, ക്ഷീര ഭാഗ്യ എന്നീ പദ്ധതികളും നടപ്പിലാക്കി. സ്വകാര്യാശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ ഭേഗദതി ബില്ലും അന്ധവിശ്വാസ നിരോധന ബില്ലും നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി. കര്‍ഷകരുടെ അമ്പതിനായിരം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളി. ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമായ സ്വന്തം പതാകക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്രമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ ആരോപണങ്ങളുയര്‍ത്തി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ താറടിച്ചുകാണിക്കാനാണ് ഇക്കാലയളവില്‍ പ്രതിപക്ഷം തയ്യാറായത്. അതിന് ജനം മറുപടി നല്‍കും.
ലിംഗായത്ത് വിഭാഗങ്ങളുടെ പിന്തുണയില്‍ പ്രതീക്ഷയുണ്ടോ?
ലിംഗായത്ത് വിഭാഗങ്ങള്‍ വളരെക്കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യം അംഗീകരിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറാണ്. പ്രത്യേക മതപദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ഇത് സംബന്ധിച്ച ശിപാര്‍ശ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരിക്കുകയാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 17 ശതമാനം ലിംഗായത്തുകളാണ്. ഈ സമുദായത്തിലെ മഠാധിപതികള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ സ്ഥിതിയല്ല ഇപ്പോള്‍. ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിനൊപ്പമാണ്.
ഒരു സമുദായത്തിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയാണോ?
സര്‍ക്കാര്‍ ഇടപെടുകയല്ല ചെയ്തത്. ലിംഗായത്ത് മഠാധിപതികള്‍ പ്രത്യേക മതപദവിയെന്ന അവരുടെ വളരെക്കാലമായുള്ള ആവശ്യവുമായി സര്‍ക്കാറിനെ വന്നുകാണുകയാണ് ചെയ്തത്. അവര്‍ നല്‍കിയ നിവേദനം സര്‍ക്കാര്‍ സ്വീകരിക്കുകയും ഇതേക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് നാഗമോഹന്‍ദാസ് അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. വിശദമായ പഠനത്തിന് ശേഷമാണ് ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവിയാകാമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ച് കേന്ദ്രത്തില്‍ സമര്‍പ്പിച്ചു. ഇതില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല.
രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടേണ്ടി വന്ന സാഹചര്യം?
ചാമുണ്ഡേശ്വരി ഞാന്‍ ജയിച്ചുവന്ന പഴയ മണ്ഡലമാണ്. അഞ്ച് തവണ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാണ്. മകന്‍ യതീന്ദ്രക്ക് വേണ്ടിയാണ് ഇത്തവണ വരുണ മണ്ഡലം ഒഴിയേണ്ടിവന്നത്. ബദാമിയില്‍ മത്സരിക്കണമെന്നത് എ ഐ സി സിയുടെ ആവശ്യമാണ്. ബദാമിയിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഈ ആവശ്യവുമായി എന്നെ വന്നുകാണുകയുണ്ടായി. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ച സാഹചര്യത്തിലാണ് ഞാന്‍ ഇതിന് മാനസികമായി തയ്യാറെടുത്തത്.
ചാമുണ്ഡേശ്വരിയില്‍ എതിരാളികള്‍ ശക്തമാണെന്ന പ്രചാരണമുണ്ടല്ലോ?
മൈസൂരു മേഖലയില്‍ ബി ജെ പിയും ജനതാദള്‍- എസും സഖ്യമുണ്ടാക്കി കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. മറ്റു പല ഭാഗങ്ങളിലും ഇവര്‍ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. പരാജയ ഭീതിയില്‍ ബി ജെ പിയും ദളും കൈകോര്‍ത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുമായി സഖ്യമുണ്ടാക്കാനാണ് ജനതാദള്‍- എസ് നീക്കം നടത്തുന്നത്. ജനം ഇത് തിരിച്ചറിയും. ചാമുണ്ഡേശ്വരിയിലും ബദാമിയിലും വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്.
പാര്‍ട്ടിക്കുള്ളിലെ വിമതശല്യം വിജയത്തെ ബാധിക്കുമോ?
കോണ്‍ഗ്രസിലെ വിമത ശല്യമൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി രൂപപ്പെട്ട പ്രശ്‌നങ്ങളെല്ലാം രണ്ട് ദിവസത്തിനകം പരിഹരിക്കപ്പെടും. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് നേരിടുന്നത്. പാര്‍ട്ടിയില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊന്നുമില്ല.
സര്‍വേ ഫലങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടോ?
വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേ കളിലെല്ലാം കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ല. ജനം കോണ്‍ഗ്രസിനോടൊപ്പമാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചുരുങ്ങിയത് 130 സീറ്റെങ്കിലും ലഭിക്കും. ബി ജെ പിക്ക് 60 സീറ്റ് വരെ മാത്രമേ ലഭിക്കാനിടയുള്ളൂ. ജനതാദള്‍- എസ് 20 സീറ്റുകളില്‍ ഒതുങ്ങാനാണ് സാധ്യത. തെറ്റായ പ്രചാരണം നടത്തി കോണ്‍ഗ്രസിനെ തകര്‍ത്തുകളയാമെന്നത് വ്യാമോഹം മാത്രമാണ്.
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം?
ഗൗരിലങ്കേഷിന്റെ കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഘാതകരെ മുഴുവന്‍ പിടികൂടി ഉചിതമായ ശിക്ഷ നല്‍കേണ്ടതുണ്ട്. ഗൗരിയുടെ ഘാതകരെ പിടികൂടാന്‍ ആഭ്യന്തര വകുപ്പ് ശക്തമായ ഇടപെടലാണ് ഇക്കാലയളവില്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയുമായി നേരിട്ട് ബന്ധമുള്ളവരെ കണ്ടെത്തും. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോവുന്നത്.