Connect with us

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കല്‍ അന്തിമ വിജ്ഞാപനം ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച് നഴ്‌സുമാര്‍ക്കുള്ള ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി രാജ്യത്ത് നഴ്‌സുമാര്‍ക്ക് നല്‍കേണ്ട വേതനത്തെ സംബന്ധിച്ച് ഒരു മാര്‍ഗ്ഗരേഖ ശിപാര്‍ശ ചെയ്തിരുന്നു. ഈ മാര്‍ഗ്ഗരേഖയില്‍ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാണ്.

സംസ്ഥാനത്തെ നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഇന്ന് ലഭിച്ചു വരുന്നത് 2013 നവംബര്‍ അഞ്ചിലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരമുള്ള വേതനമാണ്. 2013ലെ വിജ്ഞാപന പ്രകാരം സ്റ്റാഫ് നഴ്‌സിന് അടിസ്ഥാന ശമ്പളം 8975 രൂപയാണ്. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്കുള്ള ആകെ വേതനം ഏറ്റവും കുറഞ്ഞത് 20,000 രൂപയാക്കി ഉയര്‍ത്തി നിശ്ചയിക്കുന്നതാണെന്ന് ഉറപ്പു നല്‍കിയിരുന്നു.
ഇപ്പോള്‍ മിനിമം വേതനം അഡൈ്വസറി കമ്മിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ള ശിപാര്‍ശയിലും ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയായിരിക്കണമെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമെന്നതിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയായി നിശ്ചയിക്കുന്നതിനൊപ്പം ആശുപത്രിക്കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ശമ്പളം വര്‍ധിക്കുകയും ചെയ്യും. ഇതാണ് സര്‍ക്കാറിനു മുന്നില്‍ മിനിമം വേതന ഉപദേശക സമിതി സമര്‍പ്പിച്ചിട്ടുള്ള ശിപാര്‍ശകള്‍. ഇത് അംഗീകരിക്കുന്നതോടെ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ ഇരട്ടിയിലധികം വര്‍ധനവും ആകെ ശമ്പളത്തില്‍ അമ്പത് ശതമാനത്തിലധികം വര്‍ധനവും ഉടന്‍ ലഭിക്കും.

മിനിമം വേതന വര്‍ധനവ് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനത്തില്‍ 400ഓളം ആക്ഷേപങ്ങളാണ് ലഭിച്ചത്. ഈ ആക്ഷേപങ്ങള്‍ പരിഗണിക്കാനും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിയമപരമായ ബാധ്യത മിനിമം വേതന ഉപദേശക സമിതിക്കുണ്ട്. അത്തരത്തില്‍ പരിശോധന നടത്തിയ ശേഷമുള്ള ശിപാര്‍ശകളാണ് സമര്‍പ്പിച്ചതായി കാണുന്നത്. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സര്‍ക്കാറാണ് യുക്തമായ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.

മാര്‍ച്ച് 31നകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ ഈ സമയപരിധിക്കുള്ളില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. ഏതായാലും മിനിമം വേതന ഉപദേശക സമിതിയുടെ ശിപാര്‍ശ സര്‍ക്കാറിന് ലഭിക്കുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീക്കുകയും ചെയ്ത സാഹചര്യത്തില്‍ അന്തിമ വിജ്ഞാപനം പറപ്പെടുവിക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് ഉറപ്പുള്ള കാര്യമാണ്.

 

Latest