Connect with us

National

കായിക വിദ്യാഭ്യാസത്തിന് ദിവസവും ഒരു പീര്യഡ് വേണമെന്ന് സി ബി എസ് ഇ

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസത്തിന് എല്ലാ ദിവസവും ഒരു പീര്യഡ് വേണമെന്ന് വ്യക്തമാക്കി സി ബി എസ് ഇയുടെ പുതിയ മാര്‍ഗനിര്‍ദേശം. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ കായിക വിദ്യാഭ്യാസം നല്‍കണമെന്നാവശ്യപ്പെട്ടാണ് 150 പേജുള്ള മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യ- കായിക വിദ്യാഭ്യാസ രംഗം കൂടുതല്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുന്നത്. ദിവസത്തില്‍ ഒരു പീര്യഡ് കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുകയും മാര്‍ഗനിര്‍ദേശത്തില്‍ പരാമര്‍ശിച്ച ഏതെങ്കിലും കായിക ഇനത്തില്‍ വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി പരിശീലിക്കുന്നതിനുള്ള നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

തുടങ്ങാനിരിക്കുന്ന അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും കായിക വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കണമെന്നും എല്ലാ ദിവസങ്ങളിലും പീര്യഡ് ഇതിനായി മാറ്റിവെക്കണെമെന്നും കഴിഞ്ഞ മാസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കായിക വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശം തന്നെ തയ്യാറാക്കിയിരിക്കുന്നത്.