പട്ടാമ്പിയില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

Posted on: April 23, 2018 6:02 am | Last updated: April 22, 2018 at 11:05 pm

പട്ടാമ്പി: മേലെ പട്ടാമ്പിയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ഫുട്‌ബോള്‍ താരം അജ്മല്‍ പേങ്ങാട്ടിരി (21), മാതാവ് പേങ്ങാട്ടിരി കൃഷ്ണപ്പടി സ്വദേശി സുഹറ (46), കാര്‍ ഡ്രൈവര്‍ സല്‍മാന്‍ ജസീല്‍ (21) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ പുലാമന്തോള്‍ സ്വദേശി ജസീന(32), ചുണ്ടമ്പറ്റ സ്വദേശി റജീന (30), മകന്‍ മുഹമ്മദ് റഹ്നസ് (14) എന്നിവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്ത് നിന്ന് വീട്ടിലേക്ക് വരുംവഴി മേലെ പട്ടാമ്പി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ പുലര്‍ച്ചെയാണ് അപകടം. സല്‍മാനെ പാലൂരിലെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനാണ് പട്ടാമ്പി വഴി പോയത്. സല്‍മാന്‍ തന്നെയാണ് കാറോടിച്ചത്. ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

അജ്മല്‍ പട്ടാമ്പി സേവനാ ആശുപത്രിയിലും സുഹ്‌റയും സല്‍മാനും പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം അജ്മലിന്റെയും സുഹ്‌റയുടെയും മൃതദേഹം ഇന്നലെ ഉച്ചയോടെ നെല്ലായ കൃഷ്ണപ്പടിയിലെ വീട്ടില്‍ എത്തിച്ച് പേങ്ങാട്ടിരി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.