Connect with us

National

കേന്ദ്ര കമ്മിറ്റിയെയും പി ബിയെയും ഇന്ന് തിരഞ്ഞെടുക്കും

Published

|

Last Updated

ഹൈദരാബാദ്: സി പി എമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ്ബ്യൂറോയെയും ഇന്ന് തിരഞ്ഞെടുക്കും. അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ സീതാറാം യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരും. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായ യെച്ചൂരിക്ക് പാര്‍ട്ടി ഭരണഘടന അനുസരിച്ച് രണ്ട് ടേം കൂടി തുടരുന്നതിന് തടസ്സമില്ല. രാഷ്ട്രീയ പ്രമേയത്തില്‍ തന്റെ നിലപാടിന് സാധൂകരണം ലഭിച്ചതിനാല്‍ സ്വയം ഒഴിയാന്‍ അദ്ദേഹം സന്നദ്ധനുമാകില്ല. രാഷ്ട്രീയ പ്രമേയത്തിലെന്ന പോലെ ഇക്കാര്യത്തിലും സമവായത്തിനാകും മുന്‍തൂക്കം.
എസ് രാമചന്ദ്രന്‍പിള്ളക്ക് പകരം ആര് പോളിറ്റ്ബ്യൂറോയില്‍ വരുമെന്നതിലാണ് ശ്രദ്ധ. എണ്‍പത് വയസ്സ് തികഞ്ഞതിനാല്‍ പി ബിയില്‍ നിന്നും സി സിയില്‍ നിന്നും മാറുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ എസ് ആര്‍ പിക്ക് ഒരവസരം കൂടി നല്‍കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. സംസ്ഥാന ഘടകത്തിന്റെ താത്പര്യം പി ബിയില്‍ അനുകൂലമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന വ്യക്തിയാണ് എസ് ആര്‍ പി. ഇക്കാര്യത്തില്‍ ഇന്ന് രാവിലെ ചേരുന്ന പി ബി യോഗം നിര്‍ണായകമാകും.
എസ് ആര്‍ പി മാറിയാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ദാവ്‌ളെ പി ബിയിലെത്തുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് തന്നെ ഒരാളെ പരിഗണിച്ചാല്‍ എ കെ ബാലനോ എ വിജയരാഘവനോ നറുക്ക് വീഴും. എസ് രാമചന്ദ്രന്‍പിള്ളക്ക് പുറമെ പി കെ ഗുരുദാസനും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയും. പ്രായപരിധി കടന്നിട്ടില്ലെങ്കിലും അനാരോഗ്യം അലട്ടുന്ന വൈക്കം വിശ്വന്‍ കൂടി മാറിയേക്കുമെന്നും സൂചനയുണ്ട്. സ്വയം ഒഴിയാന്‍ സന്നദ്ധമായില്ലെങ്കില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായി തുടരും.
പുതിയ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ആരൊക്കെ വേണമെന്നതില്‍ സീതാറാം യെച്ചൂരി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും. സംസ്ഥാന ഘടകം മുന്നോട്ടുവെക്കുന്ന പേരുകള്‍ അതേപടി അംഗീകരിക്കണമെന്നില്ല. പാര്‍ട്ടിയില്‍ പിടിമുറുക്കിയ യെച്ചൂരി പുതിയ കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.
പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തുന്നവരില്‍ എം വി ഗോവിന്ദന്റെ പേരിനാണ് മുഖ്യപരിഗണന. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. എസ് രാമചന്ദ്രന്‍പിള്ളയും പി കെ ഗുരുദാസനും കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണെന്ന പരിഗണനയില്‍ കെ എന്‍ ബാലഗോപാലിനെ സി സിയിലെടുത്തേക്കും. സി പി എമ്മിന്റെ പട്ടികജാതി സംഘടനയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണനെയും സജീവമായി പരിഗണിക്കുന്നു.
വനിതാ കമ്മീഷന്‍ അധ്യക്ഷയായ എം സി ജോസഫൈനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് മാറ്റുമെന്നും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ പകരം പി സതീദേവിയോ ടി എന്‍ സീമയോ കേന്ദ്ര കമ്മിറ്റിയിലെത്തും.