പട്ടാമ്പിയിൽ കാർ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച് ഫുട്ബോൾ താരം അടക്കം മൂന്നു മരണം

Posted on: April 22, 2018 9:23 am | Last updated: April 22, 2018 at 1:08 pm

പട്ടാമ്പി: നിർത്തിയിട്ടിരുന്ന കണ്ടൈനർ ലോറിക്ക് പുറകിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന ഫുട്ബോൾ താരം ഉൾപ്പെടെ മൂന്നു പേർ മരിച്ചു. നെല്ലായ സ്വദേശി സുഹറ, മകൻ അജ്മൽ (കേരള സെവൻസ് ഫുട്ബോളിൽ സോക്കർ സ്പോട്ടിംങ് ഷൊർണൂരിന്റെ ക്യാപ്റ്റൻ ) പാലൂർ സ്വദേശി സുൽത്താൻ എന്നിവരാണ് മരിച്ചത്. മൂന്നു പേർക്കുണ്ട്. ഇവരിൽ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ പെരിന്തമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച അജ്മല്

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ മേലെ പട്ടാമ്പി ഡോ. ജോസ് പുളിക്കലിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട കണ്ടൈനർ ലോറിക്ക് പിന്നിൽ എറണാകുളത്ത് നിന്നും പേങ്ങാട്ടിരിയിലേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നതെന്ന് അപകടസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.

ഫയർഫോഴ്സും നാട്ടുകാരും പട്ടാമ്പി പോലീസും വളരെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പട്ടാമ്പി സേവന ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിൽ പെടാനുള്ള കാരണമെന്ന് സംശയിക്കുന്നു. കാറിൻറെ പകുതിമുക്കാലും ലോറിയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.