വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശുദ്ധികലശം: മലപ്പുറം ജില്ലയില്‍ അറസ്റ്റ് 500 പിന്നിട്ടു

Posted on: April 21, 2018 12:19 pm | Last updated: April 21, 2018 at 12:19 pm

മലപ്പുറം: വാട്‌സ് ആപ്പ് ഗ്രൂപ്പുകളെല്ലാം ഇപ്പോള്‍ ശുദ്ധികലശം നടത്തുന്നതിന്റെ തിരക്കിലാണ് അഡ്മിന്‍മാര്‍. വൈകിയുദിച്ച വിവേകത്തിന്റെ ഫലമായി ഗ്രൂപ്പുകളിലെല്ലാം ഇപ്പോള്‍ ചര്‍ച്ച ഗ്രൂപ്പില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചാണ്.
കഴിഞ്ഞ 16ന് സാമൂഹ്യമാധ്യമങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി അക്രമങ്ങളും അനിഷ്ട സംഭവങ്ങളുമുണ്ടായതിന്റെ അനന്തരഫലം വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള സന്ദേശം ശരവേഗത്തിലാണ് ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രവഹിച്ചിരുന്നത്. ആരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ രാവിലെ നിരത്തിലിറങ്ങി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസുകളില്‍ അറസ്റ്റ് തുടരുകയാണ്.

ഇന്നലെ വരെ അഞ്ഞൂറോളം പേരെയാണ് ജില്ലയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം വിവിധ സ്റ്റേഷനുകളിലായി അന്‍പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂവായിരത്തിലേറെ പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചവരെ കുറിച്ചും പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസ് അന്വേഷണം നേരിടേണ്ടി വരുന്നുണ്ട്.
സ്റ്റേഷനിലേക്ക് നേരിട്ട് വിളിപ്പിച്ചാണ് പോലീസ് ചോദ്യം ചെയ്യല്‍. ഹര്‍ത്താലിനെ അനൂകൂലിച്ച് നിരത്തിലിറങ്ങിയവര്‍ അനന്തരഫലം ആലോചിക്കാതെ എടുത്ത് ചാടുകയായിരുന്നു. യുവാക്കളാണ് ഇതിലധികവും. സി സി ടി വി ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം പരിശോധിച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അന്വേഷണം ശക്തമാക്കിയതോടെ പലരും ഒളിവിലാണ്. കത്വയില്‍ പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രവും പേരും പ്രദര്‍ശിപ്പിച്ചതിന് പോക്‌സ് നിയമപ്രകാരവും പോലീസ് കേസെടുക്കുന്നുണ്ട്.