റിസര്‍വ് ബേങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

  തട്ടിപ്പിനിരയായത് ഗ്രേഡ് ബി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍
  Posted on: April 21, 2018 6:01 am | Last updated: April 21, 2018 at 12:07 am

  കൊല്ലം: റിസര്‍വ് ബേങ്കില്‍ ജോലി റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതി. ഇതു സംബന്ധിച്ച് തട്ടിപ്പിന് ഇരയായ കുണ്ടറ പെരുമ്പുഴ സ്വദേശിനി റീമ മെര്‍ലിന്‍ പണിക്കര്‍ പരാതി നല്‍കി. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും തിരുവനന്തപുരം റിസര്‍വ് ബേങ്ക് ഓഫീസിലുമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്കും സി ബി ഐക്കും പരാതി നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും വ്യക്തമാക്കി.

  ഗ്രേഡ് ബി മാനേജര്‍ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് വ്യാപകമായ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും 2000ല്‍ അധികം ഉദ്യോഗാര്‍ഥികളാണ് സമാന രീതിയില്‍ തട്ടിപ്പിനിരയായതെന്നും പരാതിക്കാരി പറയുന്നു. 2017 മേയ് മൂന്നിന് ഇറങ്ങിയ റിസര്‍വ് ബേങ്ക് ഗ്രേഡ് ബി മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചവരാണ് തട്ടിപ്പിന് ഇരയായതെന്ന് റീമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ആര്‍ ബി ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു ലഭിച്ച ലിങ്ക് വഴി ഓണ്‍ലൈനായാണ് പരീക്ഷക്ക് അപേക്ഷ നല്‍കിയത്. 820രൂപയാണ് ഫീസായി അടച്ചത്. ജൂണില്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചു. ജൂണ്‍ 17ന് പ്രാഥമിക പരീക്ഷയും ജൂലൈ ഏഴിന് രണ്ടാം ഘട്ട പരീക്ഷകളും നടന്നു. ആഗസ്റ്റ് ഒന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖത്തിലും പങ്കെടുത്തു.

  താങ്കള്‍ സെലക്ടായെന്നും നവംബര്‍ ഏഴിന് ചെന്നൈ ആര്‍ ബി ഐ സ്റ്റാഫ് കോളജില്‍ പരിശീലനത്തിനെത്തണമെന്നും റീമക്ക് റിസര്‍വ് ബേങ്കിന്റെ ഇ -മെയില്‍ സന്ദേശം വന്നു. എന്നാല്‍ പരിശീലനം ചെന്നൈയിലെ വെള്ളപ്പൊക്കം കാരണം ഡിസംബര്‍ 18ലേക്കു മാറ്റിയെന്നു പിന്നീട് മെയില്‍ വഴി അറിയിച്ചു. 17ന് ചെന്നൈ ആര്‍ ബി ഐ ട്രെയിനിംഗ് കോളജില്‍ എത്തി അന്വേഷിച്ചെങ്കിലും മെയില്‍ വഴി വിവരം അറിയിക്കുമെന്ന് പറഞ്ഞു തിരിച്ചയച്ചു.

  18ന് ട്രെയിനിംഗ് ഡയറക്ടര്‍ മരണപ്പെട്ടതിനാല്‍ 2018 ഫെബ്രുവരി അഞ്ചിന് പരിശീലനം ഇല്ലാതെ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി മെയില്‍ എത്തി. ഉത്തരവുകളില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ സീലും ഉണ്ടായിരുന്നതിനാല്‍ സംശയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് റീമ നല്‍കിയ പരാതിയില്‍ പറയുന്നു.

  ഫെബ്രുവരി മൂന്നിനു വീണ്ടും പരീക്ഷ നടത്തുന്നുണ്ടെന്നു കാണിച്ച് ഇ- മെയില്‍ എത്തി. പരീക്ഷാ ക്രമക്കേടു കാണിച്ച ചിലരെ പുറത്താക്കിയിട്ടുണ്ടെന്നും അതിനാല്‍ ഏപ്രില്‍ ഒന്നിന് ബെംഗളൂരുവില്‍ പരീക്ഷ നടത്തുമെന്നുമാണ് അറിയിച്ചത്. ഒന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി മഹേന്ദ്ര സിംഗ് എന്നയാള്‍ ഇന്റര്‍വ്യൂ നടത്തി. ഏപ്രില്‍ മൂന്നിന് പരീക്ഷയില്‍ എട്ടാം റാങ്ക് ലഭിച്ചിട്ടുണ്ടെന്നും 11ന് കൊച്ചിയിലെ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും മെയില്‍ എത്തി. എന്നാല്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ അങ്ങിനെ ഒരു സമ്മേളനം അവിടെ ഇല്ലെന്നറിഞ്ഞു. തുടര്‍ന്ന് സംശയം തോന്നിയതിനാല്‍ തിരുവനന്തപുരത്തെ ആര്‍ ബി ഐ ഓഫീസിലെത്തി അന്വേഷിച്ചു.

  ആര്‍ ബ ി ഐ ഒരിക്കലും നിയമന ഉത്തരവ് മെയില്‍ വഴി അയക്കില്ലെന്നും റജിസ്‌ട്രേര്‍ഡ് ആയി മാത്രമേ നല്‍കുകയുള്ളൂവെന്നും ഓഫീസില്‍ നിന്നും അറിഞ്ഞു. അപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതെന്ന് അറിഞ്ഞതെന്ന് റീമ പറഞ്ഞു.

  തന്നെപ്പോലെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും റീമയും പിതാവ് കോശി പണിക്കരും വ്യക്തമാക്കി.