ആന്ധ്രക്ക് പ്രത്യേക പദവി:  തെലുങ്ക് വംശജരുടെ വോട്ടുകളും ബി ജെ പിക്ക് നഷ്ടപ്പെടും

Posted on: April 21, 2018 6:09 am | Last updated: April 20, 2018 at 11:35 pm

ബെംഗളൂരു: ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കര്‍ണാടകയില്‍ ബി ജെ പിക്ക് വോട്ട് ചോര്‍ച്ചയുണ്ടാക്കുമെന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ വോട്ട് ചെയ്യാനാണ് കര്‍ണാടകയിലെ തെലുങ്ക് വംശജര്‍ക്ക് ആന്ധ്രയിലെ ഭരണകക്ഷിയായ തെലുഗു ദേശം പാര്‍ട്ടി നല്‍കിയ സന്ദേശം. ബെംഗളൂരുവിലടക്കം കര്‍ണാടകയിലെ നിരവധി നിയോജക മണ്ഡലങ്ങളില്‍ തെലുങ്ക് വോട്ടര്‍മാരുടെ സാന്നിധ്യമുണ്ട്. ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ടി ഡി പി ആവശ്യപ്പെടുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ദിവസങ്ങളായി പ്രചരിക്കുകയാണ്.

മോദി സര്‍ക്കാര്‍ പ്രത്യേക പദവി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചതിനാല്‍ ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആന്ധ്ര ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂര്‍ത്തി ബെംഗളൂരൂവിലെത്തി ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും തെലുങ്ക് ജനത അധിവസിക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. ആന്ധ്രയിലെ ചിറ്റൂര്‍, കുര്‍നൂല്‍, ഹിന്ദുപുര്‍, അനന്ത്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരാണ് ഏറെയും. ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലാണ് ഇവരില്‍ അധികവും ജോലി ചെയ്യുന്നത്.

ഉത്തര കര്‍ണാടകയിലെ റായ്്ച്ചൂര്‍, ബെല്ലാരി എന്നിവിടങ്ങളില്‍ ആന്ധ്രയില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ അധിവസിക്കുന്നുണ്ട്. തദ്ദേശീയരായ കര്‍ഷകരില്‍ നിന്ന് സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി നടത്തുന്നത്. കര്‍ണാടകയിലെ പരമ്പരാഗത വോട്ട് ബേങ്കാണ് ഈ വിഭാഗം. ബെംഗളൂരു, ബെല്ലാരി, റായ്ച്ചൂര്‍, തുമകൂരു, ചിത്രദുര്‍ഗ, കോലാര്‍, ചിക്കബെല്ലാപുര, ബിദര്‍ എന്നിവിടങ്ങളിലാണ് തെലുങ്ക് വോട്ടര്‍മാര്‍ കൂടുതലുള്ളത്. ആന്ധ്രയില്‍ നിന്നുള്ള പത്ത് ലക്ഷം പേര്‍ ബെംഗളൂരുവിലുണ്ടെന്നാണ് കണക്ക്. ജനസംഖ്യയില്‍ 15 ശതമാനം തെലുങ്കരാണെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. അതിര്‍ത്തി പ്രദേശത്തെ 12 ജില്ലകളിലെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ തെലുങ്കര്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

ബി ജെ പിക്കെതിരെയുള്ള പ്രചാരണത്തിനായി ആന്ധ്രയിലെയും തെലങ്കാനയിലെയും നേതാക്കള്‍ വരുംദിവസങ്ങളില്‍ കര്‍ണാടകയിലെത്തുന്നുണ്ട്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍റാവു, തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി എന്നിവരാണ് പ്രചാരണത്തിനെത്തുന്ന പ്രമുഖര്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍റാവു ബെംഗളൂരുവിലെത്തി ജനതാദള്‍- എസ് നേതാവ് എച്ച് ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തുകയും ദളിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചിരഞ്ജീവി കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. ടി ഡി പി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. തെലങ്കാന രാഷ്ട്ര സമിതി ജനതാദള്‍- എസിനെ പിന്തുണക്കും.