Connect with us

Sports

സൂപ്പര്‍ ബെംഗളുരു

Published

|

Last Updated

ഭുവനേശ്വര്‍: ഇന്ത്യയിലെ സൂപ്പര്‍ ക്ലബ്ബ് പട്ടം ബെംഗളുരു എഫ് സിക്ക്. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് കിരീടപ്പോരില്‍ ഐ ലീഗ് ടീമായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഐ എസ് എല്‍ റണ്ണേഴ്‌സപ്പായ ബെംഗളുരു എഫ് സി ചാമ്പ്യന്‍മാരായത്.

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ബെംഗളുരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകള്‍ക്ക് കരുത്തായി രാഹുല്‍ ബെക്കെ, നികോളാസ് ഫെഡൊര്‍ എന്നിവരും സ്‌കോര്‍ ചെയ്തതോടെ വിജയം ആധികാരികമായി.

കലിംഗ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികളില്‍ ഇരുടീമുകള്‍ക്കും ആര്‍പ്പുവിളികളുമായി ആരാധക സംഘമുണ്ടായിരുന്നു.

ഈസ്റ്റ് ബംഗാളിന്റെ ആക്രമണ നീക്കങ്ങളോടെയാണ് മത്സരത്തിന് ചൂട് പിടിച്ചത്. എഴാം മിനുട്ടില്‍ ബെംഗളുരു ഗോള്‍ മുഖം വിറച്ചു. പെനാല്‍റ്റി മേഖലയില്‍ വെച്ച് അന്‍സുമാന ക്രോമ ടാപ് ചെയ്ത പന്ത് ഗോളിലേക്ക് തുറിച്ചു നോക്കി. പക്ഷേ, ക്രോമയെ മുന്നേറാന്‍ ബെംഗളുരു ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവും ഡിഫന്‍ഡര്‍ ജോണ്‍ജോണ്‍സനും സമ്മതിച്ചില്ല. രണ്ട് പേരും ചേര്‍ന്ന് നടത്തിയ ഫൗളില്‍ ഈസ്റ്റ്ബംഗാള്‍ താരം ബോക്‌സിന് പുറത്ത് വീണു. ബെംഗളുരു കളിക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ മഞ്ഞക്കാര്‍ഡ്. റഫറി ഫ്രീകിക്ക് നല്‍കി. യുസ കാസുമിയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ബെംഗളുരുവിന്റെ അപകടം ഒഴിവായി.

പതിനാറാം മിനുട്ടില്‍ ബെംഗളുരുവിന് ആദ്യ അവസരം. മൂന്ന് മിനുട്ടിനുള്ളില്‍ രണ്ടാമത്തേത്. ആദ്യ നീക്കം രാഹുല്‍ ബെക്കെയുടെതായിരുന്നു. ഈസ്റ്റ് ബംഗാള്‍ ഡിഫന്‍ഡര്‍മാര്‍ ബ്ലോക്ക് ചെയ്തു. രണ്ടാമത്തേത് നായകന്‍ ഛേത്രിയുടേത്. ഗോളി സി കെ ഉബൈദ് ഛേത്രിയുടെ ഷോട്ട് തടഞ്ഞു. ഇരുപത്തെട്ടാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ എക്കൗണ്ട് തുറന്നു. കോര്‍ണര്‍ കിക്ക് ബോള്‍ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ അന്‍സുമാനക്രോമ വലക്കുള്ളിലാക്കി. ബെംഗളുരു ഗോളി ഗുര്‍പ്രീതിന്റെ കണക്ക് കൂട്ടല്‍ പിഴക്കുകയായിരുന്നു. ഇത് കൃത്യമായി ക്രോമ മുതലെടുത്തു.

കുറച്ച് നേരം ഷോക്കേറ്റതു പോലെ ബെംഗളുരു കളിക്കാര്‍ മരവിച്ചു നിന്നു. മുപ്പത്തഞ്ചാം മിനുട്ട് മുതല്‍ അവര്‍ ഉണര്‍ന്നു. തുടരെ ആക്രമണം. ബോക്‌സിലേക്ക് ക്രോസ് ബോളുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു. ഇതിലൊന്ന് മിക്കു ഹെഡ് ചെയ്തത് ഡിഫന്‍ഡറുടെ തലയില്‍ തട്ടി നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി. ഏത് നിമിഷവും ഗോള്‍ മടങ്ങുമെന്ന തോന്നലുളവായി. ഈസ്റ്റ് ബംഗാള്‍ കോച്ച് ഖാലിദ് ജമീല്‍ പ്രതിരോധ തന്ത്രങ്ങള്‍ മെനയും മുമ്പ് ഗോള്‍ മടക്കാനായിരുന്നു ബെംഗളുരു കോച്ച് ആല്‍ബര്‍ട്ട് റോച്ചയുടെ പ്ലാന്‍.

ഇതിന് വേണ്ടിയായിരുന്നു വിംഗുകളിലൂടെയുള്ള ഇരച്ചു കയറലും ക്രോസിംഗുകളും. കോര്‍ണര്‍ ബോളിന് തല വെച്ച് രാഹുല്‍ബെക്കെ ആദ്യ പകുതിക്ക് മുമ്പ് സമനില ഗോളടിച്ചു (1-1). ഇതിന് ശേഷം രണ്ട് സുവര്‍ണാവസരങ്ങള്‍ ബെംഗളുരു പാഴാക്കി. ആദ്യ പകുതിയില്‍ ലീഡ് നേടി ആധിപത്യംസ്ഥാപിക്കാനുള്ള അവസരമാണ് ബെംഗളുരു തുലച്ചത്.

എന്നാല്‍, ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാള്‍ഡിഫന്‍ഡര്‍ സമദ് അലി മാലിക്ക് ചുവപ്പ് കാര്‍ഡുമായി കളം വിട്ടു. ഇത് ബെംഗളുരുവിന് പ്ലസ് പോയിന്റായി.

രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിനെ തല പൊക്കാന്‍ സമ്മതിച്ചില്ല റോച്ചയുടെ കുട്ടികള്‍. ഗ്രൗണ്ട് അടക്കി ഭരിച്ചു ഛേത്രിയും സംഘവും. ആള്‍ബലം കുറഞ്ഞ എതിരാളിയെ വീഴ്ത്താന്‍ ഐ എസ് എല്‍ ടീമിന് അധിക നേരം വേണ്ടി വന്നില്ല.

അറുപത്തെട്ടാം മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ ബെംഗളുരു 2-1ന് ലീഡെടുത്തു. ഗുര്‍വീന്ദര്‍ സിംഗ് പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്തത് സുനില്‍ ഛേത്രിയായിരുന്നു. മൂന്നാം ഗോള്‍ നികോളാസ് ഫെഡൊറിന്റെ മാസ്മരികതയില്‍. വിക്ടര്‍ പെരെസ് മധ്യഭാഗത്ത് നിന്ന് നല്‍കിയ പാസ് ബോക്‌സിലേക്ക് ഓടിക്കയറി വലയിലേക്ക് ബുള്ളറ്റ് ഷോട്ട് പായിച്ച് നികോളാസ് ഗോള്‍ ആഘോഷിച്ചു.

രാഹുല്‍ ബെക്കെയുടെ ക്രോസ് ബോളില്‍ ഹെഡ്ഡറിലൂടെ ഛേത്രി തന്റെ ഇരട്ട ഗോള്‍ തികച്ചു. കളിയിലെ താരം ഛേത്രിയാണ്. ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് നികോളാസ് ഫെഡൊറും.

ഒഡിഷീ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജേതാക്കള്‍ക്കുള്ള സൂപ്പര്‍ കപ്പ് കൈമാറി. ഒഡീഷ കായിക മന്ത്രി ചന്ദ്ര സാരഥി ബെഹ്‌റയും ചടങ്ങില്‍ സംബന്ധിച്ചു.