Connect with us

Gulf

സ്വര്‍ണത്തെ വാറ്റില്‍ നിന്ന് ഒഴിവാക്കിയേക്കും

Published

|

Last Updated

ദുബൈ: മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് സ്വര്‍ണത്തെ ഒഴിവാക്കിയേക്കും. വ്യാപാരം 30 മുതല്‍ 50 ശതമാനം വരെ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുറവ് വന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിത്. ആഭരണ നിര്‍മാണനിരക്കിന് മാത്രമായി നികുതി പരിമിതപ്പെടുത്താനാണ് ആലോചന. സ്വര്‍ണകടകളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നു നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. യു എ ഇ യുടെ വിശേഷിച്ചു ദുബൈയുടെ പ്രധാന ആകര്‍ഷണമായ സ്വര്‍ണ വ്യാപാരത്തിനു തിരിച്ചടി നേരിട്ടാല്‍ മൊത്തത്തില്‍ തന്നെ വ്യാപാര മേഖലക്ക് പ്രശ്‌നമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ പത്തു ശതമാനം മാത്രമാണ് പ്രാദേശികമായി വിറ്റഴിക്കപ്പെടുന്നത്. 90 ശതമാനവും പുനഃ കയറ്റുമതി വഴിയാണ്. മൂല്യ വര്‍ധിത നികുതി മുക്ത വ്യാപാര കേന്ദ്രങ്ങളാണ് മറ്റൊരു ഉപായമായി അധികൃതര്‍ കാണുന്നത്. അല്‍ മാസ് ടവര്‍ അത്തരത്തില്‍ ആക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

വാറ്റ് പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടു മുമ്പ്, കഴിഞ്ഞ ഡിസംബറില്‍ സ്വര്‍ണ വ്യാപാരം കുത്തനെ കൂടിയിരുന്നു. സഊദി അറേബ്യയിലെ ജുവല്ലറി ഗ്രൂപ്പും വാറ്റ് ഒഴിവാക്കണമെന്നു സഊദി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യു എ ഇയില്‍ വാറ്റ് നിലവില്‍ വന്ന് മൂന്ന് മാസത്തിനുശേഷം യു എ ഇ ധന വകുപ്പ് അവലോകനം നടത്തിയിരുന്നു. ബന്ധപ്പെട്ട നിര്‍ദേശപത്രിക മുഴുവന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വകുപ്പ് അയച്ചു. എപ്രില്‍ 29ന് മുന്‍പായി മുഴുവന്‍ സ്ഥാപനങ്ങളും ടാക്സ് റിട്ടേണ്‍സ് ഗവണ്‍മെന്റില്‍ സമര്‍പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. മാര്‍ച്ച് 31 വരെയുള്ള നികുതിയാണ് സമര്‍പ്പിക്കേണ്ടത്. ഓരോ മാസവും 28ന് മുന്‍പായി ടാക്സ് റിട്ടേണ്‍സ് ഗവണ്‍മെന്റില്‍ സമര്‍പിക്കണമെന്നാണ് നിയമം. എന്നാല്‍ 28 പൊതു അവധിദിനമാണെങ്കില്‍ അടുത്ത ദിവസത്തേക്ക് സമര്‍പിക്കാന്‍ അനുമതിയുണ്ട്.
നികുതി റിട്ടേണ്‍സ് അനുവദിക്കുന്ന സമയത്തിനുള്ളില്‍ സമര്‍പിക്കുക എന്നുള്ളത് ഒരോ പൗരന്റെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉത്തരവദിത്വമാണെന്ന് എഫ് ടി എ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങളും നികുതി കണക്കുകള്‍ പരിശോധിക്കുകയും വീഴ്ച വരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. നിശ്ചിത തീയതിക്കുള്ളില്‍ റിട്ടേണ്‍സ് സമര്‍പിക്കാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ പിഴയടക്കേണ്ടിവരും.

ഇലക്ട്രോണിക് സംവിധാനം വഴി നികുതിയടച്ചാല്‍ ബാങ്കിടപാടുകള്‍ക്കായി കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. ഈ അവസ്ഥ മുന്നില്‍ക്കണ്ട് വേണം സ്ഥാപനങ്ങള്‍ പണമടക്കാനെന്നും ഇക്കാരണംകൊണ്ട് ഇടപാടുകള്‍ വൈകിയാലും പിഴയടക്കേണ്ടിവരുമെന്നും എഫ് ടി എ മേധാവി അറിയിച്ചു.

Latest