ഇംപീച്ച്‌മെന്റ്: പരസ്യപ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി

Posted on: April 20, 2018 3:22 pm | Last updated: April 20, 2018 at 7:45 pm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് പോകുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പൊതുപ്രസ്താവനകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ എകെ സിക്രി. അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ഇംപീച്ച്‌മെന്റ് സംബന്ധിച്ച വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് നേരത്തെ പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന് കൈമാറിയിരുന്നു. ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയതോടെയാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നടപടികള്‍ ഊര്‍ജിതമാക്കിയത്.