Connect with us

Sports

ഗെയ്‌ലിന് സെഞ്ച്വറി; പഞ്ചാബിന് 15 റണ്‍സ് ജയം

Published

|

Last Updated

ചണ്ഡീഗഡ്: ഐ പി എല്‍ കാത്തിരുന്ന ക്രിസ് ഗെയില്‍ കൊടുങ്കാറ്റ് സംഭവിച്ചു. 63 പന്തില്‍ പുറത്താകാതെ 104 ! കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഗെയില്‍ നേടിയ സെഞ്ച്വറി 2018 ഐ പി എല്ലിലെ ആദ്യത്തെ മൂന്നക്ക പ്രകടനമാണ്. പതിനൊന്ന് സീസണ്‍ നീണ്ട ഐ പി എല്ലില്‍ ഗെയില്‍ നേടുന്ന ആറാം സെഞ്ച്വറിയാണിത്.

ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ ഈ വിന്‍ഡീസ് ബാറ്റ്‌സ്മാന്റെ പേരിലാണ്. ഒരു ഫോറും പതിനൊന്ന് സിക്‌സറും ഉള്‍പ്പെടുന്ന ഗെയ്‌ലിന്റെ ഇന്നിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഇരുപതോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സടിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് 20 ഓവറില്‍ നാല് വിക്കറ്റിന് 178 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

പഞ്ചാബ് ബാറ്റിംഗില്‍ ഓപണര്‍ ലോകേഷ് രാഹുല്‍ (18), അഗര്‍വാള്‍ (18), കരുണ്‍ നായര്‍ (31) എന്നിവരാണ് പുറത്തായത്. പതിനാല് റണ്‍സുമായി ആരോന്‍ ഫിഞ്ച് പുറത്താകാതെ നിന്നു.
നടപ്പ് സീസണില്‍ ഗെയ്‌ലിന്റെ രണ്ടാമത്തെ മികച്ച ഇന്നിംഗ്‌സാണിത്.

നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 33 പന്തില്‍ 63 റണ്‍സടിച്ചിരുന്നു. നാല് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ഗെയ്‌ലിന്റെ മികവില്‍ പഞ്ചാബ് ചെന്നൈയെ തോല്‍പ്പിച്ചു. കളിയിലെ താരവും ഗെയ്‌ലായിരുന്നു.

ഐ പി എല്ലില്‍ 2013 ല്‍ പൂനെ വാരിയേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി നേടിയ 175 നോട്ടൗട്ടാണ് ഗെയ്‌ലിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനം.