നോട്ട് ക്ഷാമത്തിന് കാരണം ഇരുനൂറ് രൂപയുടെ അച്ചടി വര്‍ധിപ്പിച്ചത്

Posted on: April 20, 2018 6:18 am | Last updated: April 19, 2018 at 11:34 pm

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമത്തിന് ഇടയാക്കിയത് രണ്ടായിരം രൂപയുടെ നോട്ട് സര്‍ക്കുലേഷന്‍ കുറച്ച് ഇരുനൂറ് രൂപ നോട്ടുകളുടെ വിതരണം വര്‍ധിപ്പിച്ചതാണെന്ന് എസ് ബി ഐയുടെ റിപ്പോര്‍ട്ട്. നേരത്തെ രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ രണ്ടായിരം രൂപയുടെ വിതരണം കുറഞ്ഞതാണ് നോട്ട് ക്ഷാമത്തിന് ഇടയാക്കിയത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകക്ക് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് വ്യാപകമായ നോട്ട് ക്ഷാമമുണ്ടായത്. ബേങ്കുകള്‍ക്ക് ആര്‍ ബി ഐ ആവശ്യമായ പണം നല്‍കാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ബേങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. നോട്ട് ഉപയോഗത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനയാണ് നോട്ട് ക്ഷാമത്തിന് ഇടയാക്കിയതെന്നും ഇത് പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.