ഹര്‍ത്താല്‍ സമരമുറയല്ല, സംഹാരമുറയാണ്

വിശ്വാസത്തിന് എഴുപതില്‍ ചില്വാനം തലങ്ങളുണ്ട്. ഏറ്റവും മുകളിലുള്ളത് ഏകദൈവവിശ്വാസമാണെങ്കില്‍ അതിന്റെ താഴേ തട്ടിലുള്ളത് വഴിയോരങ്ങളിലെ തടസ്സം നീക്കലാണ് എന്ന് പഠിപ്പിക്കുന്ന നബിവചനം ഈ സന്ദര്‍ഭത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
Posted on: April 20, 2018 6:00 am | Last updated: April 19, 2018 at 10:15 pm
SHARE

നിശ്ചിത സമയത്തേക്ക് പൗരന്റെ സഞ്ചാര, തൊഴില്‍, വാണിജ്യ സ്വാതന്ത്ര്യങ്ങളെ ചില ശക്തികള്‍ ചേര്‍ന്ന് തടയുന്നു. അനുസരിക്കാത്തവരെ കയ്യൂക്ക് കൊണ്ട് നേരിടുകയും സ്വകാര്യ – പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ബന്ദ് എന്ന ഹര്‍ത്താല്‍. കത്വയിലെ പെണ്‍കുട്ടിയുടെ ദാരുണകൊലപാതകത്തോടെ ഹര്‍ത്താലുകള്‍ രണ്ടുതരമായിരിക്കുന്നു. ‘ഔദ്യോഗിക’ ഹര്‍ത്താലും ‘അപ്രഖ്യാപിത’ ഹര്‍ത്താലും.
നിയമ നിര്‍മാണ സഭ നിയന്ത്രിക്കുകയും നാടിന്റെ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്താല്‍ ഹര്‍ത്താല്‍ ‘ഔദ്യോഗിക’മായി. ഒരു പാര്‍ട്ടിയും പിന്തുണക്കാതെ ആധുനിക വാര്‍ത്താ മാധ്യമങ്ങള്‍ ഉപയോഗിച്ച് ജനക്കൂട്ടം പ്രഖ്യാപിച്ചാല്‍ ഹര്‍ത്താല്‍ അനധികൃതവുമായി.

കശ്മീരിലെ കത്വയില്‍ വര്‍ഗീയഭീകരവാദികളാല്‍ അതിനിഷ്ഠൂരമായി പെണ്‍കുട്ടി കൊലചെയ്യപ്പെട്ടപ്പോള്‍ മനുഷ്യ ഇന്ത്യ ഒന്നായിട്ടാണ് ആ ക്രൂരതക്കെതിരെ പ്രതികരിച്ചത്. കഴിഞ്ഞ ജനുവരി പത്തിന് നടന്ന ആ സംഭവം തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. എന്നാല്‍, അതിന്റെ ചുരുളഴിക്കാന്‍ കോടതിയില്‍ പോയതും തുടര്‍ന്ന് എല്ലാ തരം പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അവഗണിച്ച് നിജസ്ഥിതി ലോകത്തോട് വിളിച്ചുപറഞ്ഞതും ഹൈന്ദവ വിശ്വാസികളായ അഭിഭാഷകയും ഉദ്യോഗസ്ഥനുമാണ്. ഫാസിസ്റ്റ് ശക്തികളുടെ കണ്ണില്‍ ചോരയില്ലാത്ത വര്‍ഗീയ ചിന്തയും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും നിശിതമായ രീതിയില്‍ ലോകമൊട്ടുക്കും ചര്‍ച്ച ചെയ്യപ്പെടുകയും എല്ലാ വിഭാഗം ജനങ്ങളും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധമറിയിക്കുകയും ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഒരു ‘പിതൃശൂന്യ’ ഹര്‍ത്താല്‍ നടക്കുന്നത്. അതോടനുബന്ധിച്ച് നടന്ന ചില അക്രമ സംഭവങ്ങള്‍ ഒരു സമുദായത്തെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

യഥാര്‍ഥത്തില്‍ ‘അനധികൃത’ ഹര്‍ത്താല്‍ നടന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തടിയൂരാന്‍ സാധിക്കില്ല. മൂന്ന് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ തിങ്കളാഴ്ച ഹര്‍ത്താലാണെന്ന സന്ദേശം നിറഞ്ഞു നിന്നിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പോകട്ടെ, ഭരണകൂടം പോലും അതിനെ എതിര്‍ത്തു പ്രസ്താവന നടത്തുകയോ തങ്ങളുടെ പ്രവര്‍ത്തകര്‍ അതില്‍ പങ്കാളികളാവരുതെന്ന് ഉണര്‍ത്തുകയോ ചെയ്തിട്ടില്ല. എല്ലാവരും ഒരു തരം പ്രതിരോധാവസ്ഥയിലായി എന്ന് വേണം കരുതാന്‍. ഈ ഹര്‍ത്താലിനെ നേരിടുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചാല്‍ ന്യൂനപക്ഷ രാഷ്ട്രീയക്കാര്‍ അത് മുതലെടുക്കുമോ എന്ന ഭയം നാട് ഭരിക്കുന്നവര്‍ക്കുണ്ടായോ? ഹര്‍ത്താലിനെ എതിര്‍ത്താല്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഹാദിയ വിഷയത്തിലെന്ന പോലെ മുതലെടുപ്പിന് ശ്രമിക്കുമോ എന്ന പേടി ലീഗിനുമുണ്ടായി എന്നു കരുതണോ? ഹര്‍ത്താല്‍ ദിനത്തില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് പല നേതാക്കളും തങ്ങള്‍ക്ക് പങ്കില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

ഹര്‍ത്താലിന് വേണ്ടി തെരുവിലിറങ്ങിയവരില്‍, ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഏറെക്കുറെ എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. എന്നാല്‍, അവര്‍ വര്‍ഗീയപരമായി ഏതെങ്കിലും മതവിഭാഗങ്ങളെയോ സ്ഥാപനങ്ങളെയോ തിരഞ്ഞ് പിടിച്ച് അക്രമിച്ചതായി വാര്‍ത്തകളിലൊന്നും കണ്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ അക്രമം ഭയന്ന് എല്ലാവരും സഹകരിക്കുന്നതിനാല്‍, കൂടുതല്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്ന് മാത്രം.

ഹര്‍ത്താലിനെ ‘മാനിക്കാതെ’യോ അറിയാതെയോ പുറത്തിറങ്ങിയാല്‍ വിവരം അറിയാറുണ്ട്. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ യാത്രക്കിറങ്ങിയവര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ക്രൂരമായി മര്‍ദനത്തിനിരയായത് എല്ലാവരും കണ്ടതാണ്. പരീക്ഷക്ക് പോകുന്ന പെണ്‍കുട്ടികള്‍ കാലുപിടിച്ച് പറഞ്ഞിട്ടും കൊന്നുകളയുമെന്ന് പറയുന്നത് നാം കേട്ടു.

ഈ സോഷ്യല്‍ മീഡിയാ ഹര്‍ത്താലും നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ അതിനോട് സഹകരിക്കാന്‍ കേരളീയരുടെ മനസ്സ് പാകപ്പെട്ടിരിക്കുന്നു. ഒരു പാര്‍ട്ടിയും പിന്തുണക്കാത്തതിനാല്‍ നടക്കില്ലായിരിക്കും എന്ന ചിന്തയിലാണ് പലരും കട തുറക്കാനും പുറത്തിറങ്ങാനും തയ്യാറായത്. സ്വാഭാവികമായും ഹര്‍ത്താല്‍ അക്രമികള്‍ കടയടപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെ നേരിടാന്‍ ശ്രമിച്ച പോലീസുകാരുമായി ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടായി. ഇതിനെ തീവ്രവാദമായും മറ്റുമൊക്കെ വ്യാഖ്യാനിച്ച് ഒഴിഞ്ഞുമാറുന്നതിന് മുമ്പ്, നേതൃത്വമില്ലാത്ത ആള്‍ക്കൂട്ട സമരങ്ങള്‍ വരുത്തിവെക്കുന്ന അപകടങ്ങളെ കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കി അതിനെ തടയേണ്ടിയിരുന്ന ആഭ്യന്തര വകുപ്പിന്റെ ഇടര്‍ച്ചകളാണ് ചര്‍ച്ചയാക്കേണ്ടത്. ഒപ്പം കുറ്റകരമായ മൗനം പാലിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഭീരുത്വ നിലപാടും. മതസംഘടനകള്‍ ഒരു തരത്തിലുള്ള ഹര്‍ത്താലിനെയും അംഗീകരിക്കുകയോ അതിനെ ഒരു സമരമുറയായി സ്വീകരിക്കുകയോ ചെയ്യാറില്ല. ഇത് നാട്ടില്‍ നാശം വിധക്കുന്ന സംഹാര പ്രവര്‍ത്തനമാണ്.

ഈയവസരത്തില്‍ കോടതി ഇതിന് മുമ്പ് നിരോധിച്ച ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സൈര വിഹാരത്തിനും തടസ്സം സൃഷ്ടിക്കുന്ന ഈ സമരമുറ വേണ്ടെന്നുവെക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരികയാണ് വേണ്ടത്. പുതിയ കാലത്ത് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. എല്ലാവരും നേതാക്കളാണ്. എല്ലാവരും പത്രപ്രവര്‍ത്തകരാണ്. നമ്മുടെ കോഴി കൂകിയില്ലെങ്കിലും നേരം വെളുക്കും. ഇനിയും ‘ജനക്കൂട്ട’ ഹര്‍ത്താലും സമരമുറകളും വരും. ചീത്ത കീഴ്‌വഴക്കങ്ങളെ എല്ലാവരും കൈയൊഴിച്ചാല്‍ നാടിന് നല്ലതാണ്.

വിശ്വാസത്തിന് എഴുപതില്‍ ചില്വാനം തലങ്ങളുണ്ട്. ഏറ്റവും മുകളിലുള്ളത് ഏകദൈവവിശ്വാസമാണെങ്കില്‍ അതിന്റെ താഴേ തട്ടിലുള്ളത് വഴിയോരങ്ങളിലെ തടസ്സം നീക്കലാണ് എന്ന് പഠിപ്പിക്കുന്ന നബി വചനം നമുക്ക് പ്രചോദനമാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here