ശ്രീജിത്തിന്റെ മരണം പോലീസ് മര്‍ദനം മൂലമെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്

Posted on: April 19, 2018 9:50 pm | Last updated: April 20, 2018 at 10:56 am
സ്റ്റേഷനില്‍ നിന്നെടുത്ത ശ്രീജിത്തിന്റെ ഫോട്ടോ

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയല്‍ ശ്രീജിത്ത് മരണപ്പെട്ടത് പോലീസിന്റെ മര്‍ദനം മൂലമെന്ന് മെഡിക്കല്‍ ബോര്‍ഡ്. അടിവയറ്റിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. പോലീസ് പിടികൂടിയപ്പോഴാണ് ഈ പരിക്കുണ്ടായതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ പ്രത്യേക അന്വേഷണസംഘം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ്് ശ്രീജിത്തിന്റെ മരണകാരണം പോലീസ് മര്‍ദനം തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞത്.

ശ്രീജിത്തിന്റെ കാലിലെ പേശികള്‍ക്കേറ്റ ക്ഷതം ഉരുട്ടിയതു മൂലമാണെന്ന സംശയവും ഉയര്‍ന്നിരുന്നു. ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിക്കുന്ന രീതിയില്‍ പരുക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മരണത്തിന് കാരണമായ പരുക്കേതെന്നും അതു സംഭവിച്ച സമയവും അതിനിടയാക്കിയ മര്‍ദനമുറകളും കണ്ടെത്താണ് മെഡിക്കല്‍ ബോര്‍ഡിനെ ചുമുതലപ്പെടുത്തിയിരുന്നത്. വിവധ വിഭാഗങ്ങളില്‍ വിദഗ്ധരായ അഞ്ച് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടെ വരാപ്പുഴ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരും കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്. അതിനിടെ, വരാപ്പുഴ കസ്റ്റഡി കൊലപാതക്കേസില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചതില്‍ എതിര്‍പ്പുമായി ഫൊറന്‍സിക് സര്‍ജന്‍മാരുടെ സംഘടന രംഗത്തു വന്നിട്ടുണ്ട്.