Connect with us

Gulf

ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് ഉജ്വല തുടക്കം

Published

|

Last Updated

1- വായനോത്സവം ഉദ്ഘാടനം ചെയ്ത ശേഷം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കുട്ടികള്‍ക്കൊപ്പം

ഷാര്‍ജ: പത്താമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിനു ഉജ്വല തുടക്കം. ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് റക്കദ് അല്‍ ആമിരി അടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഈ മാസം 28 വരെ നീണ്ടു നില്‍ക്കും. അല്‍ താവൂനിലെ എക്‌സ്‌പോ സെന്ററിലാണ് ചില്‍ഡ്രന്‍സ് ബുക്ക് ഫെസ്റ്റിവല്‍. നിങ്ങളുടെ ഭാവി ഒരു പുസ്തകം അകലെ എന്ന പ്രമേയത്തിലാണ് പുസ്തകമേള.

ആദ്യ ദിനം തന്നെ ആയിരക്കണക്കിന് കുട്ടികള്‍ എത്തി. പുസ്തക പ്രദര്‍ശനത്തിനും വില്‍പനക്കും പുറമെ കുട്ടികള്‍ക്ക് കലാ പരിപാടികള്‍, മത്സരങ്ങള്‍, സംവാദം, സെമിനാര്‍, ശില്‍പശാലകള്‍, നാടകം തുടങ്ങിയവ അരങ്ങേറുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താന്‍ ഡിജിറ്റല്‍ മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ചിത്രകലക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2,600 പരിപാടികളാണ് നടക്കുക. ഈജിപ്ഷ്യന്‍ ചലച്ചിത്ര നടി സബ്രിന്‍, നടന്‍ അബ്ദുര്‍റഹ്മാ ന്‍ അബു സഹ്‌റ, 121 രാജ്യങ്ങളില്‍ നിന്നുള്ള 286 അതിഥികള്‍ പങ്കെടുക്കുമെന്നതാണ് ഇത്തവണത്തെ സവിശേഷത. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ ബാല സാഹിത്യകാരി നടാഷ ശര്‍മ, നടനും നിര്‍മാതാവുമായ വരുണ്‍ പ്രുതി എന്നിവരെത്തും.

18 രാജ്യങ്ങളില്‍ നിന്ന് 134 പ്രസാധകര്‍ എത്തി. പുസ്തകങ്ങള്‍ കൂടാതെ, പഠനോപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നു. 2,233 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള സ്ഥലത്താണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന മേഖലയിലെ ഏറ്റവും വലിയ കുട്ടികളുടെ വായനോത്സവം. ശൈഖ് ഡോ. സു ല്‍ത്താന്റെ പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗ നിര്‍ദേശാനുസരണമാണ് പരിപാടികള്‍ ഒരുക്കിയത്. യു എ ഇയില്‍ നിന്ന് 62 പ്രസാധകരാണ് പങ്കെടുക്കുന്നത്.

ലബനന്‍(22), ഈജിപ്ത് (21), ജോര്‍ദാന്‍, യുകെ (അഞ്ച് വീതം). ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിലെ പ്രസാധകരുമെത്തി. സാംസ്‌കാരിക കഫെ, കിഡ്‌സ് ക്രിയേറ്റീവ് കഫെ, സോഷ്യല്‍മീഡിയാ കഫെ, കുക്കറി കോര്‍ണര്‍ എന്നിവയുമുണ്ട്. ഇറ്റലിയിലെ ഫോര്‍ലി നഗരത്തിലെ ത്രീഡി ബുക് സെന്ററില്‍ നിന്നു കൊണ്ടുവന്ന 250 പോപ് അപ് പുസ്തകങ്ങളും ഇപ്രാവശ്യത്തെ പ്രത്യേകതയാണ്. യുഎഇയില്‍ താമസിക്കുന്ന മൂന്ന് മലയാളി ബാലപ്രതിഭകള്‍ വായനോത്സവത്തില്‍ സജീവ സാന്നിധ്യമാകും. മാളവിക രാജേഷ്, ആര്യന്‍ മുരളീധരന്‍, കാശിനാഥ് പ്രാണേഷ് എന്നിവരാണ് വായനോത്സവത്തിലെ ക്രിയേറ്റീവ് കിഡ്‌സ് കഫെ വിഭാഗത്തില്‍ അതിഥികളായി പങ്കെടുക്കുക.

മലയാളിയായ കുഞ്ഞു പാചകക്കാരി ജെഹാന്‍ റസ്ദാന്‍ വായനോത്സവത്തില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ പങ്കെടുത്തു. കാനഡയില്‍ നിന്നുള്ള പാചകവിദഗ്ധ സൂസന്ന ഹുസൈനി, ഇംഗ്ലണ്ടുകാരി ജെന്നി ടെഷ്ചിഷെ, ലാറ സ്റ്റാര്‍, നാന്‍സി മാക് ഡഗന്‍, അമേരിക്കയില്‍ നിന്നുള്ള മാര്‍ക് അയിന്‍സ് വെര്‍ത് എന്നിവരാണ് മറ്റുള്ള പാചകക്കാര്‍.

ഇന്നലെ വൈകിട്ട് ഏഴ് മുതല്‍ 7.45 വരെയും 19നും 24നും വൈകിട്ട് നാല് മുതല്‍ 4.45 വരെയും 20നും 27നും വൈകിട്ട് 5.15 മുതല്‍ ആറ് വരെയും 22ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയും 23ന് വൈകിട്ട് 6.30 മുതല്‍ 7.15 വരെയും 26ന് രാവിലെ 10 മുതല്‍ 10.45 വരെയും ജെഹാന്‍ ഹാള്‍ നമ്പര്‍ നാലിലെ കുക്കറി കോര്‍ണറില്‍ വിവിധ വിഭവങ്ങള്‍ തത്സമയമുണ്ടാക്കും.

 

ശൈഖ് സുല്‍ത്താന്‍ മണിക്കൂറുകള്‍ ചെലവഴിച്ചു

കുട്ടികളുടെ വായനോത്സവത്തില്‍ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചെലവഴിച്ചത് മണിക്കൂറുകള്‍. ഇന്നലെ രാവിലെ 9.30ന് എത്തിയ ശൈഖ് തിരിച്ചുപോയത് 12 മണി കഴിഞ്ഞ് കൊച്ചു കുട്ടികളോട് ആശയവിനിമയം നടത്തിയും സൊറ പറഞ്ഞും വായനോത്സവം നടന്നുകണ്ടു. കുട്ടികളോടും പുസ്തകങ്ങളോടും വായനയോടുമുള്ള ശൈഖിന്റെ താത്പര്യത്തിന് ഇത് ഉദാഹരണമായി.

മുപ്പതിലേറെ ചരിത്ര-ഗവേഷണ ഗ്രന്ഥങ്ങള്‍, പത്ത് നാടകങ്ങളടക്കം ഇരുപതോളം സാഹിത്യ കൃതികള്‍ എന്നിവ രചിച്ച ലോക പ്രശസ്തനായ എഴുത്തുകാരന്‍ കൂടിയാണ് ഷാര്‍ജ ഭരണാധികാരി. നിത്യേന മുന്നൂറോളം പേജുകള്‍ വായിക്കാറുള്ള ശൈഖിന്റെ കൃതികളില്‍ മിക്കതും ഇംഗ്ലീഷിലേക്കും അതുവഴി ഫ്രഞ്ച്, ഇറ്റലി, ചൈന, തുര്‍ക്കി, സ്പാനിഷ്, ജര്‍മന്‍, റഷ്യന്‍, ഉറുദു, റൊമാനിയന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഭാഷയില്‍ ശൈഖിന്റെ കൃതികള്‍ പുറത്തിറങ്ങിയിട്ടുള്ളത് മലയാളത്തിലും ഉറുദുവിലും മാത്രം. മലയാളത്തിലെത്തിയ നാലു പുസ്തകങ്ങളിലൊന്നു മലയാള കവയിത്രി ഒ വി ഉഷ വിവര്‍ത്തനം ചെയ്ത വെള്ളക്കാരന്‍ ശൈഖ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യപൂര്‍വദേശത്തിന്റെ ചരിത്രം പറയുന്ന നോവലില്‍ പലപ്പോഴായി ഇന്ത്യ കടന്നുവരുന്നു.

അറബ് ലോകം കടന്നുപോയ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ ചരിത്രരൂപത്തില്‍ ഷെയ്ഖ് സുല്‍ത്താന്‍ രചിച്ചത് ഇതിനകം തന്നെ ലോക ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ ബാല്യകാലം വിവരിക്കുന്ന മൈ ഇയര്‍ലി ഡേയ്‌സ് (എന്റെ ആദ്യകാല ദിനങ്ങള്‍) ഒട്ടേറെ വായനക്കാരുടെ മനം കവര്‍ന്ന പുസ്തകമാണ്.

മലയാളത്തിലെത്തിയ മറ്റു രണ്ട് പുസ്തകങ്ങള്‍ ചരിത്ര കൃതികള്‍. എ മെമോറാണ്ടം ഫോര്‍ ഹിസ്റ്റോറിയന്‍ ഓണ്‍ ദി ഇന്നസന്‍സ് ഓഫ് ഇബ്‌ന് മാജിദ് (2000), ഡീപ് സീറ്റഡ് മാലിസ് എന്നിവ(2008). അല്‍ ഖാസിമി പബ്ലിക്കേഷനാണ് എല്ലാ കൃതികളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

Latest