ജനാധിപത്യം ഐ സി യു വിലോ?

അധികാരമേറ്റ നാള്‍ മുതല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരെ ചെയ്യാവുന്നതെല്ലാം ചെയ്യുക എന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാറിന്റേത്. ഭരണഘടനയിലെ മതേതരത്വം, ഫെഡറല്‍ ഘടന, മൗലികാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം ഭീഷണി നേരിടുന്നു. സ്വതന്ത്ര സ്ഥാപനങ്ങളായ സി എ ജി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുതലായവക്കെല്ലാം മുടന്തല്‍ രോഗം വന്നിരിക്കുന്നു. തങ്ങള്‍ക്കു തിരഞ്ഞെടുപ്പു യന്ത്രത്തില്‍ വരെ കൃത്രിമം നടത്താന്‍ മടിയില്ലെന്ന് ഈ സര്‍ക്കാര്‍ കാണിക്കുന്നു. പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്നു. വിവരാവകാശനിയമം എല്ലാ സര്‍ക്കാറുകള്‍ക്കും തലവേദനയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനാധിപത്യം എത്ര കാലത്തേക്ക് എന്ന ചോദ്യം ഉയര്‍ന്നു വന്നിരിക്കുന്നു.
Posted on: April 19, 2018 6:00 am | Last updated: April 18, 2018 at 10:51 pm

ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രവര്‍ത്തനമേന്മ വിലയിരുത്തുമ്പോള്‍ ആദ്യമായി പരിഗണിക്കപ്പെടുന്നത് ആ രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കപ്പെടുന്നുവോ എന്നാണ്. അങ്ങനെ ഉണ്ടെന്നു ഏറ്റവും സാധാരണക്കാരനായ മനുഷ്യന് ബോധ്യപ്പെടുന്നുവോ എന്നാണ്. അന്നാട്ടിലെ എഴുതപ്പെട്ട നിയമവ്യവസ്ഥക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു എന്നതാണ് പൗരനുണ്ടാകേണ്ട വിശ്വാസം. അതില്ലാതായാല്‍ ജനാധിപത്യം പരാജയമാണെന്ന് നിയമജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും പറയുന്നു. ലോകത്തിലെ തന്നെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഉള്ള രാജ്യമാണ് ഇന്ത്യ. അന്ന് വരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി നിലവിലുള്ള ഏറ്റവും മെച്ചപ്പെട്ട നിയമങ്ങള്‍ കണ്ടെത്തി അവയെ ഇന്ത്യക്കു ചേര്‍ന്ന വിധത്തില്‍ രൂപപ്പെടുത്തി ചേര്‍ത്തുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനക്ക് ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കിയത്. രേഖകളില്‍ ഇത്ര മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും ഒരു പൗരന്, പ്രത്യേകിച്ച് സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്ക് ഇതെങ്ങനെ പ്രയോജനപ്പെടും എന്ന സംശയം ഉയര്‍ത്തിയ മനീഷിയായാണ് ഡോ. അംബേദ്കര്‍ എന്ന് ഓര്‍ക്കണം. ആ ഭരണഘടന നിലവില്‍ വന്നിട്ട് ഏഴു പതിറ്റാണ്ട് പിന്നിടുന്നു. ഇന്ന് തിരഞ്ഞുനോക്കുമ്പോള്‍ ആ പ്രവചനത്തിന്റെ സാധുത നമുക്ക് പല വിധത്തില്‍ ബോധ്യപ്പെടുന്നു.

ഈ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹികമായ പരിവര്‍ത്തനങ്ങളുടെ ഫലമായി ആവശ്യമായി വന്ന ഭേദഗതികള്‍ അതിനുണ്ടായിട്ടുണ്ട്. അതില്‍ തെറ്റില്ല. എന്നാല്‍, ഏറെ പ്രസിദ്ധമായ കേശവാനന്ദ ഭാരതിക്കേസില്‍ സുപ്രീം കോടതി ആവര്‍ത്തിച്ചുറപ്പിച്ചിട്ടുള്ള ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഭരണഘടനയുടെ അടിസ്ഥാനഘടനക്കു വിഘാതമായ വിധത്തില്‍ ഒരു ഭേദഗതിയും കൊണ്ടുവരാന്‍ പാര്‍ലിമെന്റിനു അധികാരമില്ലന്നതാണ് ആ വിധിയുടെ സാരം. ഈ അടിസ്ഥാന ഘടന എന്താണെന്ന് ആ വിധിയിലും പിന്നീട് പല ഘട്ടങ്ങളിലും ഇതേ കോടതി തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. ഏതാണ്ടെല്ലാവരും അംഗീകരിക്കുന്ന നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പൗരന്റെ മൗലികാവകാശങ്ങള്‍, മതേതരത്വം, ഫെഡറല്‍ ഘടന (അതിന്റെ പരിമിതികളോടെ) തുടങ്ങിയവക്കൊപ്പം സ്വതന്ത്ര നീതി പീഠങ്ങളും പെടുന്നു. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു പ്രധാന തൂണുകളാണല്ലോ നിയമനിര്‍മാണ സഭയും അതിന്റെ തന്നെ തുടര്‍ച്ചയായ നിര്‍വഹണ സംവിധാനവും (എക്‌സിക്യൂട്ടീവ്) നീതിന്യായ സംവിധാനവും. ഇതില്‍ ആദ്യത്തേത് ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നത് എന്ന രീതിയില്‍ ഏറ്റവും കൂടിയ അധികാരം കൈയാളുന്നത് എന്ന് പറയാം. പക്ഷേ, അവരുടെ തീരുമാനങ്ങളെപ്പോലും തലനാരിഴകീറി പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അധികാരമുണ്ട് നീതി പീഠങ്ങള്‍ക്ക് എന്നതാണ് നമ്മുടെ ഭരണഘടനയുടെ സവിശേഷത. ഇംഗ്ലീഷില്‍ ‘ചെക്ക് ആന്‍ഡ് ബാലന്‍സ്’ എന്ന രീതിയിലുള്ള ഒരു നിയന്ത്രണ സംവിധാനമാണത്.

ഇതിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ നിയമനത്തിന് അവര്‍ക്കു തന്നെ നിയന്ത്രണമുള്ള കോളീജിയം എന്ന സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. അതില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായാല്‍ അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടും എന്നതാണ് പ്രശ്‌നം. ഈ സംവിധാനത്തിന്റെ പല തകരാറുകളും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്നതും പകരമായി ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന സംവിധാനത്തിനായി സര്‍ക്കാറുകള്‍ ശ്രമിക്കുന്നു എന്നതും അതിനു സുപ്രീം കോടതി തന്നെ തടസ്സം നില്‍ക്കുന്നു എന്നതും സത്യമാണ്. അതിന്റെ വിശദാംശങ്ങളിലേക്കു ഇവിടെ കടക്കുന്നില്ല. ഇതെല്ലാമുണ്ടായിട്ടും ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ദിരാ ഗാന്ധി അധികാരത്തിലിരുന്ന കാലത്ത് സീനിയോറിറ്റി മറികടന്നു മൂന്ന് ജഡ്ജിമാരുടെ മേല്‍ ഒരു ജഡ്ജിയെ ചീഫ് ജസ്റ്റിസായി നിയമിച്ചതും ഒഴിവാക്കപ്പെട്ട മൂന്ന് പേര്‍ രാജിവെച്ചതും ഏറെ വിവാദമായിരുന്നു. എന്നാല്‍, പിന്നീട് ഇത്തരം തര്‍ക്കങ്ങള്‍ കുറവായിരുന്നു. പ്രത്യേകിച്ചും കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷമുള്ള കക്ഷികളുടെ ഭരണം ഇല്ലാതിരുന്നു എന്നതും ഇതിനൊരു കാരണമാകാം. സാമൂഹിക പ്രതിബദ്ധതയുള്ള പല ന്യായാധിപന്മാരും ആ സ്ഥാനത്തു വരികയും ഭരണഘടനയെ തീര്‍ത്തും ജനപക്ഷത്തു നിന്നും വ്യാഖ്യാനിക്കുകയും ചെയ്തു. അങ്ങനെയാണ് ജുഡീഷ്യല്‍ ആക്ടിവിസം എന്ന വാക്കു തന്നെ ഏറെ ചര്‍ച്ചയായത്. മൗലികാവകാശങ്ങള്‍ വളരെ വിശാലമായ അര്‍ഥത്തില്‍ അവര്‍ വ്യാഖ്യാനിക്കുകയും ഒട്ടനവധി പുതിയ വിധികള്‍ ഉണ്ടാകുകയും ചെയ്തു.

ഇപ്പോള്‍ വീണ്ടും ഈ വിഷയങ്ങളൊക്കെ മറ്റൊരു തരത്തില്‍ തുറന്ന ചര്‍ച്ചയായിരിക്കുന്നു. സുപ്രീം കോടതിയില്‍ വരുന്ന കേസുകള്‍ ഏതൊക്കെ ബഞ്ചിന് നല്‍കുന്നു എന്നതാണ് അവിടുത്തെ റോസ്റ്റര്‍ എന്നത്. ഇത് തീരുമാനിക്കുന്ന മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ചീഫ് ജസ്റ്റിസ് ആണെന്നാണ് പൊതുധാരണ. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇക്കാര്യം സംബന്ധിച്ച് ഒരു കേസില്‍ ഇപ്പോഴത്തെ ചീഫിന്റെ ബഞ്ച് അക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനുവരി 12നു രാജ്യത്തെ ആകെ ഞെട്ടിച്ചുകൊണ്ട് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഒരു പത്രസമ്മേളനം നടത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇങ്ങനെ ഒരു സംഭവം. വിവിധ ബഞ്ചുകളിലേക്കു കേസുകള്‍ നല്‍കുമ്പോള്‍ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നുവെന്നും ഇത് പല നിര്‍ണായക കേസുകളിലെ നീതിനടത്തിപ്പിനെ ബാധിക്കുന്നു വെന്നുമായിരുന്നു അവരുടെ ആരോപണം. വളരെ പ്രധാനപ്പെട്ട കേസുകള്‍ താരതമ്യേന ജൂനിയര്‍ ആയ ജഡ്ജിമാരെ ഏല്‍പിക്കുന്നു എന്ന് അവര്‍ പറയാതെ പറയുകയായിരുന്നു. ഇതില്‍ പല കേസുകളും കേന്ദ്ര സര്‍ക്കാറിന് തലവേദന ഉണ്ടാക്കുന്നവയാണ് എന്നതിനാല്‍ ഫലത്തില്‍ നീതിന്യായ സംവിധാനത്തിന് മേല്‍ ഭരണകൂടം നടത്തുന്ന ഇടപെടല്‍ ആകുന്നു. സ്വതന്ത്ര നീതിന്യായ സംവിധാനം എന്ന തത്വം നഗ്നമായി ലംഘിക്കപ്പെടുന്നു. ഇത് വളരെ ഗുരുതരമായ ആരോപണമാണ്. അമിത്ഷാ പ്രതിയായ ഒരു ക്രിമിനല്‍ കേസില്‍ പല ജഡ്ജിമാര്‍ പലവട്ടം മാറ്റപ്പെടുന്നു. ഒടുവില്‍ എത്തിയ ജഡ്ജ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഇത് സംബന്ധിച്ച് വന്ന ഒരു കേസ് വളരെ ജൂനിയര്‍ ആയ ഒരു ജഡ്ജിയുടെ ബഞ്ചിലേക്ക് നല്‍കിയതാണ് ഈ മുതിര്‍ന്ന ജഡ്ജിമാരെ ഏറെ ചൊടിപ്പിച്ചത് എന്ന് വ്യക്തം. കടുത്ത രാഷ്ട്രീയ സമ്മര്‍ദം ഉണ്ടാകാവുന്ന ഒരു കേസില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുക വഴി കേന്ദ്ര സര്‍ക്കാറിനെ പ്രീണിപ്പിക്കാനാണ് ചീഫ് ശ്രമിക്കുന്നത്. കേസുകള്‍ വീതംവെച്ച് നല്‍കുന്നതിന് ചീഫിന് വിവേചനാധികാരമുണ്ടെന്നത് ശരി തന്നെ. പക്ഷേ, ഒരു വിവേചനാധികാരവും പരിധികള്‍ ഇല്ലാത്തതല്ല എന്നതാണ് നിയമം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. അതുകൊണ്ട് ഇക്കാര്യത്തില്‍ സുതാര്യമായ ഒരു മാനദണ്ഡവും നടപടിക്രമങ്ങളും ഉണ്ടാകണം എന്നാണിവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റോസ്റ്ററിന്റെ പരമാധികാരി ചീഫ് ആണെന്ന് ആവര്‍ത്തിച്ചു കൊണ്ട് ഇതിനെ തടയുകയാണ് ചീഫ് ചെയ്തത്. ചീഫിനെതിരെ പാര്‍ലിമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. അതിനെയും നിയമത്തിന്റെ കുരുക്കില്‍ പെടുത്തി തടയാനാണ് ചീഫും കൂട്ടരും ശ്രമിക്കുന്നത്. പാര്‍ലിമെന്റ് അംഗങ്ങളായ വക്കീലന്മാര്‍ ഇംപീച്ച്‌മെന്റ് നടപടികളുമായി വരാന്‍ പാടില്ലെന്ന് ബാര്‍ കൗണ്‍സില്‍ വഴി സമ്മര്‍ദം ചെലുത്തപ്പെടുന്നു.

കോടതിയില്‍ കേസുകള്‍ വീതംവെച്ച് നല്‍കുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മറ്റൊരു കേസ് ചീഫിന്റെ ബഞ്ചില്‍ എത്തി. അശോക് പാണ്ഡെ നല്‍കിയ ഒരു ഹരജിയില്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം ചീഫ് പറഞ്ഞു, ഈ കാര്യത്തില്‍ പരമാധികാരി താന്‍ തന്നെയാണ്. ഇത് സംബന്ധിച്ച് ഒരു തരം വിശ്വാസരാഹിത്യത്തിന്റെയും സൂചനകള്‍ ആവശ്യമില്ല. ഇതിനായി ഒരു പ്രത്യേക നടപടിക്രമങ്ങളും ഉണ്ടാക്കാന്‍ താത്്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. അന്തിമ വിധിക്കായി കേസ് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ഈ മാസം 12നു ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീം കോടതിയില്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ചീഫിന്റെ അധികാരപരിധി നിയന്ത്രിക്കപ്പെടണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഒരു കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയില്‍ രണ്ടാമത്തെ സ്ഥാനത്തുള്ള ചെലമേശ്വറിന്റെ പരാമര്‍ശം ഉണ്ടായത്. ചീഫിന്റെ അധികാര ദുര്‍വിനിയോഗം സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന ജഡ്ജുമാരുടെ ഒരു ഭരണഘടനാ ബഞ്ച് സ്ഥാപിക്കണം എന്ന ആവശ്യമാണ് പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചത്. തന്റെ മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ചെലമേശ്വര്‍ ഒഴിവായത്. മുമ്പൊരിക്കല്‍ മെഡിക്കല്‍ കോളജ് കോഴ സംബന്ധിച്ചുള്ള കേസില്‍ ഒരു ഭരണഘടനാ ബഞ്ച് രൂപവത്കരിക്കണം എന്ന ചെലമേശ്വറിന്റെ വിധിയാണ് പിറ്റേന്ന് തന്നെ ചീഫ് റദ്ദാക്കിയത്. ഇക്കാര്യം പറയാതെ ഓര്‍മിപ്പിക്കുകയായിരുന്നു ചെലമേശ്വര്‍. ചീഫിന്റെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ, സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ ജഡ്ജിമാര്‍ പ്രതികരിച്ചത്. ‘ഇപ്പോള്‍ ഇത് പറഞ്ഞില്ലെങ്കില്‍ വരും തലമുറ ഞങ്ങളോട് ചോദിച്ചാല്‍ മറുപടി ഉണ്ടാകില്ല’. എന്നാല്‍, അന്ന് മുതല്‍ ഇന്ന് വരെ ഈ ജഡ്ജിമാരെ അപമാനിക്കാന്‍ കരുതിക്കൂട്ടി ഒരു സംഘം പ്രവര്‍ത്തിക്കുകയാണ്. താന്‍ എന്തോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നതെന്നും ആര്‍ക്കാണ് അത്തരം ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതെന്ന് കാലം ബോധ്യപ്പെടുത്തുമെന്നും ചെലമേശ്വര്‍ പറഞ്ഞു.

ഇതിനു സമാന്തരമായി മറ്റൊരു സംഭവം കൂടി നടന്നു. പുതിയ രണ്ട് ജഡ്ജിമാരെ നിയമിക്കുന്നതിനായി കോളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങളായി തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫിന് അയച്ച ഒരു കത്താണ് ആ സംഭവം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയും, ഉത്തരാഖണ്ഡ് ചീഫ് ആയ കെ എം ജോസഫിനേയും നിയമിക്കാനുള്ള നിര്‍ദേശങ്ങളാണ് തടയപ്പെട്ടിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ബി ജെ പി ശ്രമത്തിനു തടസ്സം നിന്നതു ജസ്റ്റിസ് ജോസഫാണ് എന്നതാണ് അദ്ദേഹത്തെ ശത്രുപക്ഷത്താക്കുന്നത്. വളരെ അടിയന്തര സാഹചര്യമാണെന്നും ആവശ്യമെങ്കില്‍ ഒരു സിസേറിയന്‍ ശസ്ത്രക്രിയ വഴി കുഞ്ഞിനെ രക്ഷിക്കേണ്ടതുണ്ടെന്നും കുര്യന്‍ ജോസഫ് സൂചിപ്പിക്കുന്നു. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ നടത്തിയ ഒരു പ്രഭാഷണത്തിലും ഇദ്ദേഹം ഇത്തരം ഗൗരവതരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. ‘ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കളാണ് മാധ്യമങ്ങളും നീതി പീഠവും. യജമാനന്മാരായ ജനങ്ങളുടെ സമ്പത്ത് നഷ്ടപ്പെടുമ്പോള്‍ കാവല്‍ നായ്ക്കള്‍ കുരക്കാന്‍ ബാധ്യസ്ഥരാണ്. കുരച്ചിട്ടും യജമാനന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയില്ലെങ്കില്‍ കടിക്കുകയല്ലാതെ വേറെ വഴിയില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണഗതിയില്‍ ഇത്തരം ഒരു നിര്‍ദേശം നല്‍കിയാല്‍ കാലതാമസമില്ലാതെ അത് നടപ്പാക്കാറുണ്ട്. അതില്‍ കാല താമസം വരുന്നത് വഴി നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിന് ഇടിവുണ്ടാകും എന്ന് കുര്യന്‍ ജോസഫ് ആശങ്കപ്പെടുന്നു.

ചുരുക്കത്തില്‍ ഭരണഘടനയും നിയമവാഴ്ചയും നേരിടുന്ന കടുത്ത വെല്ലുവിളികളാണിവ. അധികാരമേറ്റ നാള്‍ മുതല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരെ ചെയ്യാവുന്നതെല്ലാം ചെയ്യുക എന്ന സമീപനമാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിന്റേത് എന്ന് കാണാം. ഭരണഘടനയിലെ മതേതരത്വം, ഫെഡറല്‍ ഘടന, മൗലികാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം ഭീഷണി നേരിടുന്നു. സ്വതന്ത്ര സ്ഥാപനങ്ങളായ സി എ ജി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുതലായവക്കെല്ലാം മുടന്തല്‍ രോഗം വന്നിരിക്കുന്നു. തങ്ങള്‍ക്കു തിരഞ്ഞെടുപ്പു യന്ത്രത്തില്‍ വരെ കൃത്രിമം നടത്താന്‍ മടിയില്ലെന്ന് ഈ സര്‍ക്കാര്‍ കാണിക്കുന്നു. പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്നു. ദേശീയ ഹരിത ട്രിബ്യൂണല്‍ എന്നതിനെ ഇല്ലാതാക്കിയിരിക്കുന്നു. വിവരാവകാശനിയമം എല്ലാ സര്‍ക്കാറുകള്‍ക്കും തലവേദനയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനാധിപത്യം എത്ര കാലത്തേക്ക് എന്ന ചോദ്യം ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഒരു ജനതയുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന്റെ കൂടി ഫലമാണ്. എന്നാല്‍ ആ പോരാട്ടത്തില്‍ ഒരിക്കലും പങ്കാളി ആകാതിരിക്കുകയും പലപ്പോഴും സാമ്രാജ്യത്വത്തോട് ഒട്ടി നില്‍ക്കുകയും ചെയ്ത പാരമ്പര്യമുള്ള ഇന്നത്തെ ഭരണ കര്‍ത്താക്കള്‍ക്കു ജനാധിപത്യവും പൗരാവകാശങ്ങളും ഒരു തടസ്സമായി തോന്നുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, ഒരു ജനതക്ക് അത് പ്രാണവായുവാണ്. അതിനായി പോരാടുക തന്നെ വേണം.