Connect with us

Kerala

വിസ്മയ പദ്ധതികളുമായി മര്‍കസ്

Published

|

Last Updated

ഫലസ്തീന്‍ ഇന്ത്യാ മിഷന്‍ ഡെപ്യൂട്ടി അംബാസഡര്‍ ഡോ. വാഇല്‍ ബത്‌റഹ്കി, ഫലസ്തീന്‍ പ്രസിഡന്റ്
മഹമൂദ് അബ്ബാസിന്റെ ഉപഹാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കുന്നു

കോഴിക്കോട്: മര്‍കസ് 41 ാം സ്ഥാപകദിനത്തിന്റെ ഭാഗമായി, രാജ്യത്തെ അതിദുരിതത്തില്‍ കഴിയുന്ന ജനവിഭാഗങ്ങളുള്ള നൂറ് ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം പ്രൗഢമായി. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെ 5000 അനാഥകളുടെ വിദ്യാഭ്യാസ ജീവിത ചെലവുകള്‍ക്കുള്ള ഫണ്ടിന്റെ ഭാഗമായി ഒന്നര കോടി രൂപയും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്ത് ലക്ഷം നോട്ടുബുക്കുകള്‍ നല്‍കുന്ന പദ്ധതിക്കും തുടക്കമായി.

നാല് മുഖ്യപദ്ധതികള്‍ നടപ്പാക്കിയാണ്, പുതിയ വെളിച്ചം നല്‍കി നൂറ് ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന “മിഷന്‍ സ്മാര്‍ട്ട് വില്ലേജ്” ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വിദ്യാഭ്യസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് ആധുനിക വൈജ്ഞാനിക പദ്ധതികള്‍ അവതരിപ്പിച്ച് നടപ്പാക്കുക, സാമൂഹിക സാമ്പത്തിക അഭിവൃദ്ധിക്കുള്ള പ്രത്യേക മിഷനുകള്‍, ഗാര്‍ഹിക ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായി ഇടപെടുക, കാര്‍ഷിക മേഖലയെ ശാക്തീകരിച്ച് ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിഷരഹിത ഭക്ഷണ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ച് ഗ്രാമീണ ജനതയുടെ ആരോഗ്യ ജീവിതം സാധ്യമാക്കുക എന്നിവയാണ് മര്‍കസ് ഏറ്റെടുക്കുന്ന ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍.

ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പാര്‍ശ്വവത്കരിക്കപ്പെട്ട രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റം സാധ്യമാക്കാന്‍ ക്രിയാത്മകമായി മര്‍കസ് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പല ഗ്രാമീണ മേഖലകളും അങ്ങേയറ്റം പ്രയാസം അനുഭവിക്കുന്നവയാണ്. അത്തരം പ്രദേശങ്ങളിലാണ് സമ്പൂര്‍ണ നവോത്ഥാനം സാധ്യമാക്കുന്ന പദ്ധതികള്‍ക്ക് മര്‍കസ് ആരംഭം കുറിക്കുന്നത്. അനാഥ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി ഒന്നര കോടി രൂപയുടെ സാമ്പത്തിക സഹായ വിതരണം വിവിധ ജില്ലകളില്‍ നിന്നെത്തിയ ഓര്‍ഫന്‍ കെയര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി കാന്തപുരം നിര്‍വഹിച്ചു.

ഫലസ്തീന്‍ ഇന്ത്യാ മിഷന്‍ ഡെപ്യൂട്ടി അംബാസഡര്‍ ഡോ. വാഇല്‍ ബത്‌റഹ്കി മര്‍കസ് ദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ആധുനിക കാലത്തെ ബന്ധം ശക്തമാക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പങ്കുവഹിക്കാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

മര്‍കസ് ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് കാഴ്ചവെക്കുന്ന സേവനങ്ങള്‍ തന്നെ അതിശയിപ്പിക്കുന്നുവെന്നും ധിഷണയുള്ള പണ്ഡിത നേതൃത്വമാണ് ലോകത്തെ മുസ്‌ലിം സമൂഹം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഉപഹാരം അദ്ദേഹം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു.

വിവിധ സേവന രംഗങ്ങളില്‍ മാതൃകാപരമായി ഇടപെട്ട പത്ത് പേരെ ചടങ്ങില്‍ ആദരിച്ചു. മര്‍കസ് ഖിദ്മ മെംബര്‍മാരുടെ സംഗമവും നടന്നു.
മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ലോഞ്ചിംഗ് ചെന്നൈ ജില്ലാ ജഡ്ജി ജസ്റ്റിസ് സാക്കിര്‍ ഹുസൈന്‍ നിര്‍വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മര്‍കസ് ദിന പദ്ധതികള്‍ അവതരിപ്പിച്ചു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, മുഖ്താര്‍ ഹസ്രത്ത്, റശീദ് പുന്നശ്ശേരി, നിയാസ് മാസ്റ്റര്‍ പ്രസംഗിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്‍ സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.