Connect with us

Gulf

അനധികൃത വില്‍പന; വംശനാശ ഭീഷണി നേരിടുന്ന 400ഓളം അലങ്കാര പക്ഷികളെ കണ്ടെത്തി

Published

|

Last Updated

പരിശോധനയില്‍ കണ്ടെത്തിയ അലങ്കാര പക്ഷികള്‍

ഷാര്‍ജ: വില്‍പനക്കുവെച്ച വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത വിഭാഗത്തില്‍ പെട്ട നാനൂറിനടുത്ത് അലങ്കാര പക്ഷികളെ ഷാര്‍ജയില്‍ പിടികൂടി. കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാര പക്ഷികളെ കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ ട്രേഡ് എന്റെയ്ന്‍ജേര്‍ഡ് സ്പീഷ്യസ് ഓഫ് വൈല്‍ഡ് ഫോന ആന്‍ഡ് ഫ്‌ളോറ (സി ഐ ടി ഇ എസ്) വ്യവസ്ഥ പ്രകാരം ഇത്തരം ഗണത്തില്‍ പെട്ട ജന്തുജാലങ്ങളെ കച്ചവടം ചെയ്യുന്നത് യു എ ഇ ഫെഡറല്‍ നിയമം 11/2002 പ്രകാരം കുറ്റകൃത്യമാണ്.
ഷാര്‍ജ അല്‍ ജുബൈലിലെ ബേര്‍ഡ്‌സ് ആന്‍ഡ് അനിമല്‍സ് മാര്‍ക്കറ്റിനടുത്തുള്ള താമസ കേന്ദ്രത്തില്‍ നിന്നാണ് പക്ഷികളെ കണ്ടെത്തിയത്. സംഭവത്തില്‍ ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാര്‍ജ പോലീസുമായി ചേര്‍ന്നാണ് പരിശോധന നടത്തിയതെന്ന് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം എന്‍വയോണ്‍മെന്റല്‍ കോംപ്ലിയന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സആബി പറഞ്ഞു. പക്ഷികളെ മന്ത്രാലയത്തിന് കീഴിലുള്ള ക്വാരന്റൈന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.