ശമ്പളമായി കൈപ്പറ്റിയ 2.50 രൂപ കേന്ദ്രത്തിന് തിരിച്ചു നല്‍കി എ എ പി നേതാവ്

Posted on: April 18, 2018 7:02 pm | Last updated: April 18, 2018 at 9:44 pm

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 2.50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി എ എ പി നേതാവ്. ഡല്‍ഹി കേന്ദ്ര സര്‍ക്കറിന്റെ ഉപദേശകരായിരുന്ന ഒന്‍പതു പേരെ പുറത്താക്കിയ നടപടിക്ക് പിന്നാലെയാണ് പുറത്താക്കിയവരിലുള്‍പ്പെട്ട രാഘവ് ഛന്ദ താ്ന്‍ വാങ്ങിയ ശമ്പളം കേന്ദ്രത്തിന് തിരിച്ചു നല്‍കി കത്തെഴുതിയത്. എ എ പി നേതാവും ദേശീയ വക്താവുമാണ് രാഘവ് ഛന്ദ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥി സിങ്ങിനാണ് 2.50 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ് അടക്കം കത്ത് നല്‍കിയത്. ഡല്‍ഹി ധനമന്ത്രിയുടെ ഉപദേശകന്‍ സ്ഥാനത്ത് നിന്നാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല എന്നാരോപിച്ച് കേന്ദ്രം ഛന്ദയെ പുറത്താക്കിയത്

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന താന്‍ സര്‍ക്കാരിന്റെ ഉപദേശകനായി ഇരുന്ന കാലത്ത് പ്രതിഫലമായി മാസം ഒരു രൂപയാണ് കൈപ്പറ്റിയിരുന്നത്. ബഡ്ജറ്റ് തയ്യാറാക്കുന്നതിന് സഹായം ചെയ്യുന്നതിന് 75 ദിവസങ്ങളാണ് സര്‍ക്കാരിനുവേണ്ടി താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പിന്നീട് ഉപദേശക സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 2.50 രൂപ പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ട്. ആ തുക തിരികെ തരികയാണെന്നും രാഘവ് ഛന്ദയുടെ കത്തില്‍ പറയുന്നു.

2015ല്‍ എ എ പി അധികാരത്തിലെത്തിയ ശേഷം വിവിധ മേഖലകളില്‍ വേദഗ്ധ്യമുള്ളവരെ ഉപദേശകരായി നിയമിച്ചിരുന്നു. ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായിരുന്നു ഇത്. ഒരു വിധത്തിലുള്ള നേട്ടത്തിനുവേണ്ടിയും ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഒമ്പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ ആണ് പുറത്താക്കിയത്. ധനമന്ത്രാലയം ഈ നിയമനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്ന് ആം ആദ്മി ആരോപിച്ചു.

2015 ലാണ് മന്ത്രിസഭയെ സഹായിക്കാനെന്ന പേരില്‍ ഒമ്പത് ഉപദേശകരെ ഡല്‍ഹി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇവരെ പുറത്താക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തതെന്നാണ് വിവരം.