Connect with us

Kerala

അപ്രഖ്യാപിത ഹര്‍ത്താല്‍: മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: കാശ്മീരിലെ കത്വയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹന്‍ദാസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദേശിച്ചു.

ഹര്‍ത്താലില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ ആയിരത്തിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാത്രം 500 ലധികം പേരാണ് ഇതുവരെ കസ്റ്റഡിയിലായത്. 200ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ തീവ്ര സ്വഭാവ സംഘടനകള്‍ പ്രവര്‍ത്തിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇതേ സംഘടനകള്‍ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഹര്‍ത്താലിനിടെ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.