എന്നെ ഉപദേശിച്ചത് ഓര്‍മയില്ലേ; ഇടയ്‌ക്കെങ്കിലും വായ തുറക്കൂ- മോദിയെ പരിഹസിച്ച് മന്‍മോഹന്‍ സിംഗ്

Posted on: April 18, 2018 11:57 am | Last updated: April 18, 2018 at 3:11 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് താനെന്ന് മോദി തന്നെ വിമര്‍ശിക്കാറുണ്ടായിരുന്നുവെന്നും മോദി ആ ഉപദേശം ഓര്‍ക്കണമെന്നും വല്ലപ്പോഴെങ്കിലും വായ തുറക്കണമെന്നും മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിയെ പോലെയുള്ളവര്‍ പ്രതികരിക്കാന്‍ വൈകിയാല്‍ കുറ്റവാളികള്‍ക്ക് അത് മുതലെടുപ്പിനുള്ള അവസരമാവും. എന്ത് കുറ്റം ചെയ്താലും ഒരു പ്രശ്‌നവുമില്ലെന്ന് അവര്‍ കരുതും. അധികാരികള്‍ യഥാസമയം ഇടപെട്ട് വ്യക്തമായ സന്ദേശം നല്‍കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. വൈകിയെങ്കിലും വിഷയങ്ങളെ മോദി അപലപിച്ചതില്‍ സന്തോഷമുണ്ട്.

2012 ലെ നിര്‍ഭയ സംഭവത്തിന് ശേഷം യുപിഎ സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തി ശക്തമായ നടപടിയെടുത്തിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.