വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരും കുടുങ്ങും; അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമങ്ങള്‍ ആസൂത്രിതമെന്ന് പോലീസ്

Posted on: April 18, 2018 10:46 am | Last updated: April 18, 2018 at 1:39 pm

തിരുവനന്തപുരം: ജമ്മുവില്‍ ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളേയും അഡ്മിനുകളേയും കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി. അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജനകീയ ഹര്‍ത്താലെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഹര്‍ത്താലിനിടെ വിവിധയിടങ്ങളില്‍ ആക്രമങ്ങള്‍ നടത്തിയതും ആസൂത്രിതമായാണെന്നാണ് പോലീസിന്റെ നിഗമനം. അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ തീവ്ര സ്വഭാവ സംഘടനകള്‍ പ്രവര്‍ത്തിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം.

കോഴിക്കോട് ജില്ലയില്‍ പോലീസ് നിരീക്ഷണത്തിലുള്ള ചില വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരോട് ഇന്ന് വിവിധ സ്‌റ്റേഷനുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ത്താലിന് വാഹനങ്ങള്‍ തടയണമെന്നും കടകള്‍ അടപ്പിക്കണമെന്നും ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്‍മാരേയാണ് പോലീസ് വിളിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ ഷെയര്‍ ചെയ്ത ആള്‍ക്കൊപ്പം ഗ്രൂപ്പും അഡ്മിനും തുല്യഉത്തരവാദിത്വമുണ്ടെന്നാണ് ഐടി നിയമം പറയുന്നത്. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ ആയിരത്തിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആഹ്വാനം ചെയ്തതനുസരിച്ച് തിങ്കളാഴ്ച്ച നടന്ന ഹര്‍ത്താലിലാണ് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
അക്രമങ്ങളുണ്ടാകാനുള്ള സാധ്യതയോ, ഇത് തടയാനുള്ള നടപടിയോ സ്വീകരിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അക്രമങ്ങളില്‍ 30 ലധികം പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ചുമതലപ്പെടുത്തിയത്.
മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ഉള്‍പ്പെടെയുള്ളസ്ഥലങ്ങളില്‍ മാത്രം 500 ലധികം പേരാണ് ഇതുവരെ കസ്റ്റഡിയിലായത്. 200ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.