പി എസ് സി പരീക്ഷാ കേന്ദ്രം അറിയിപ്പ് പരീക്ഷക്ക് എത്തുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം

  • ആഗസ്റ്റ് 15ന് നടപ്പില്‍ വരും
  • പരീക്ഷാ തീയതി 70 ദിവസം മുമ്പ് അറിയിക്കും
  • വിവരങ്ങള്‍ എം എസ് എം വഴിയും നല്‍കും
Posted on: April 18, 2018 6:19 am | Last updated: April 18, 2018 at 12:17 am

തിരുവനന്തപുരം: പരീക്ഷക്കെത്തുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം ഇനി പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് അയച്ചാല്‍ മതിയെന്ന് പി എസ് സി തീരുമാനം. ഈവര്‍ഷം ആഗസ്ത് 15 മുതല്‍ നടപ്പാക്കുന്ന പുതിയ പരിഷ്‌കരണ പ്രകാരം പരീക്ഷക്കെത്തുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ മാത്രം പരീക്ഷ എഴുതിയാല്‍ മതിയെന്ന നിലപാടിലാണ് പി എസ് സി. അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം (കണ്‍ഫര്‍മേഷന്‍) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്നും കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിക്കേണ്ടന്നുമാണ് ഇന്നലെ ചേര്‍ന്ന പി എസ് സി യോഗത്തിന്റെ തീരുമാനം. ഒപ്പം ഓരോ പി എസ് സി പരീക്ഷക്കും പരീക്ഷാതീയതിയുടെ 70 ദിവസം മുമ്പ് ആ തീയതി ഉള്‍പ്പെടുത്തി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കാനും പി എസ് സി തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷാ തിയതി മുന്‍കൂട്ടി നിശ്ചയിക്കുന്ന കലണ്ടറില്‍ ഓരോ പരീക്ഷയുടെയും തീയതിക്കൊപ്പം 40 മുതല്‍ 60 ദിവസം വരെ സാവകാശം നല്‍കി കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനും, പരീക്ഷാതീയതിക്ക് 15 ദിവസം മുമ്പ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഉള്ള തീയതികളും പ്രസിദ്ധീകരിക്കും. പരീക്ഷാ കലണ്ടര്‍ പുറത്തിറങ്ങുന്നതോടെ ഓരോപരീക്ഷയിലെയും അപേക്ഷകരായ ഉദ്യേഗാര്‍ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍, ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് എന്നിവ സംബന്ധിച്ച തീയതികളെപ്പറ്റി പ്രൊഫൈലിലും എസ് എം എസ് മുഖേനയും അറിയിപ്പ് നല്‍കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സംവിധാന കാര്യക്ഷമമാണന്ന് ഉറപ്പുവരുത്തുന്നതിന് ഉദ്യോഗാര്‍ഥിക്ക് ലഭിച്ച പ്രൊഫൈല്‍ മെസേജ് ഉദ്യോഗാര്‍ഥി കണ്ടുവെന്നത് തീയതി, സമയം അടക്കം മനസ്സിലാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

ഒപ്പം കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് തനിക്ക് കണ്‍ഫര്‍മേഷന്‍ ലഭിച്ചെന്ന അറിയിപ്പ് പ്രൊഫൈലിലും എസ് എം എസ് മുഖേനയും നല്‍കും. കണ്‍ഫര്‍മേഷന്‍ കാലയളവ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്‍ഫര്‍മേഷന്‍ ആയ അപേക്ഷകര്‍ക്ക് മാത്രം പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ച് നല്‍കുന്നതുമാണ് പുതിയ സംവിധാനം.

പി എസ് സിക്ക് വന്‍ സാമ്പത്തിക-സമയ നഷ്ടമുണ്ടാക്കുന്ന ഉദ്യോഗാര്‍ഥികളെ നിയന്ത്രിക്കാനാണ് പി എസ് സിയുടെ പുതിയ പരിഷ്‌കരണം. പരീക്ഷക്ക് അപേക്ഷിച്ചതിന് ശേഷം പരീക്ഷ എഴുതാതിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ രീതി കമ്മീഷന് വന്‍ സാമ്പത്തിക-സമയ നഷ്ടമാണുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തത്തിലാണ് പി എസ് സി ബോര്‍ഡ് കടുത്ത തീരുമാനത്തിലെത്തിയിരിക്കുന്നത്.

നിലവില്‍ പരീക്ഷാ കേന്ദ്രം അറിയിപ്പ് ലഭിക്കുന്നവരില്‍ 40 ശതമാനത്തോളം പേരും പരീക്ഷ എഴുതുന്നില്ലെന്നാണ് വിലയിരുത്തല്‍. നേരത്തെ അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാകേന്ദ്രം ഒരുക്കിയിരുന്ന പി എസ് സി പിന്നീട് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു.

എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ എത്താത്തത് മൂലം പരീക്ഷാകേന്ദ്രം ഒരുക്കല്‍, അധ്യാപകരെ സജ്ജമാക്കല്‍, ചോദ്യപേപ്പര്‍ അച്ചടി എന്നിവക്കെല്ലാമായി വന്‍ സാമ്പത്തിക ബാധ്യത വരുന്നുവെന്ന് വിലിയിരുത്തിയരുന്നു.