സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് : മാറുമോ സീതാറാം യെച്ചൂരി

Posted on: April 18, 2018 6:09 am | Last updated: April 18, 2018 at 12:11 am

ഹൈദരാബാദ്: പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സി പി എം നേതൃത്വത്തിലുണ്ടാകുന്ന മാറ്റങ്ങളിലും ആകാംക്ഷ. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച രാഷ്ട്രീയ ലൈന്‍ നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന് പോളിറ്റ്ബ്യൂറോയില്‍ രാജിസന്നദ്ധത അറിയിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആ പദവിയില്‍ തുടരുമോയെന്ന ചോദ്യത്തിന് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് ഉത്തരം നല്‍കും. മലയാളിയായ എസ് രാമചന്ദ്രന്‍ പിള്ള 80 തികഞ്ഞ സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ ഒരു മലയാളി തന്നെ പി ബിയിലെത്തുമോയെന്നും കേരളം ഉറ്റുനോക്കുന്നു. പി കെ ഗുരുദാസനും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിയുമെന്ന് ഉറപ്പായതിനാല്‍ കേരളത്തില്‍ നിന്ന് സി സിയിലും പുതുമുഖങ്ങളുണ്ടാകും.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍സെക്രട്ടറിയായ യെച്ചൂരി പദവിയില്‍ ഒരു ടേം മാത്രമാണ് പൂര്‍ത്തിയാക്കിയത്. മൂന്ന് ടേം വരെ തുടരുന്നതില്‍ തടസമൊന്നുമില്ലെങ്കിലും പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും വേണ്ടത്ര പിന്തുണയില്ല. പ്രധാന എതിര്‍പ്പ് കേരളഘടകത്തില്‍ നിന്നാണ്. പ്രകാശ് കാരാട്ട് സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം എസ് രാമചന്ദ്രന്‍ പിള്ളയെ നിയോഗിക്കാനായിരുന്നു കേരള ഘടകത്തിന്റെ തീരുമാനം. വിശാഖപട്ടണത്ത് ഇതിനായി കരുക്കള്‍ നീക്കിയെങ്കിലും ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന ഘട്ടത്തില്‍ പിന്മാറുകയായിരുന്നു. ഹൈദരാബാദിലും സമാനസാഹചര്യം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരാനാണ് സാധ്യതകള്‍. ഇനി, യെച്ചൂരി മാറുകയാണെങ്കില്‍ പകരം ആരെ നിയോഗിക്കുമെന്നതിലും ചര്‍ച്ചകള്‍ നടക്കുന്നു. പാര്‍ട്ടിക്ക് വനിതാനേതൃത്വം വരട്ടെയെന്ന് തീരുമാനിച്ചാല്‍ വൃന്ദാകാരാട്ട് ജനറല്‍ സെക്രട്ടറിയാകും. ത്രിപുര മുഖ്യമന്ത്രിപദം ഒഴിഞ്ഞ മണിക് സര്‍ക്കാര്‍ മുതല്‍ ബി രാഘവുലു വരെയുള്ള പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നു.

എസ് രാമചന്ദ്രന്‍പിള്ളക്ക് പകരം ആര് പി ബിയിലെത്തുമെന്നതിലും പലതലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക്ധാവ്‌ളെയെ പരിഗണിക്കുമെന്നാണ് സൂചന. മലയാളി തന്നെ വേണമെന്ന് തീരുമാനിച്ചാല്‍ എ കെ ബാലനോ തോമസ് ഐസക്കോ പി ബിയിലെത്തും. എസ് ആര്‍ പിയെ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി നിലനിര്‍ത്താനാണ് സാധ്യത. ഇതിനൊപ്പം പി കെ ഗുരദാസന്‍ കൂടി ഒഴിഞ്ഞാല്‍ സി സിയിലെ കേരളത്തില്‍ നിന്നുള്ള ഒഴിവുകള്‍ രണ്ടാകും. അനാരോഗ്യം അലട്ടുന്ന വൈക്കം വിശ്വന്‍ കൂടി മാറി നില്‍ക്കട്ടെയെന്നാണ് തീരുമാനിക്കുന്നതെങ്കില്‍ മൂന്ന് പുതുമുഖങ്ങള്‍ കേരളത്തില്‍ നിന്ന് സി സിയിലെത്തും.

സി പി എമ്മിന്റെ പട്ടിക ജാതി സംഘടനയുടെ ദേശീയ പ്രസിഡന്റായ കെ രാധാകൃഷ്ണന്‍ സി സിയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ സീനിയോറിറ്റി പരിഗണിക്കുമ്പോള്‍ എം വി ഗോവിന്ദന്‍, ബേബി ജോണ്‍ എന്നിവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്. യുവനേതാക്കളെ പരിഗണിച്ചാല്‍ കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, പി രാജീവ് എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴും.

ഇന്ന് പതാക ഉയരും

ഹൈദരാബാദ്: രാഷ്ട്രീയ അടവുനയത്തിലെ അന്തിമ തീര്‍പ്പടക്കം സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സി പി എമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. ഹൈദരാബാദ് ബാഗ്‌ലിംഗപള്ളിയിലെ മുഹമ്മദ് അമീന്‍ നഗറിലാണ് (ആര്‍ ടി സി കല്യാണമണ്ഡപം) അഞ്ച് ദിവസം നീളുന്ന സമ്മേളനം. പത്ത് ലക്ഷത്തോളമുള്ള പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 763 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. 70ഓളം നിരീക്ഷകരും സമ്മേളനത്തിന്റെ ഭാഗമാകും. 175 പേര്‍ വീതം പങ്കെടുക്കുന്ന കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമാണ് കൂടുതല്‍ പ്രതിനിധികള്‍. പി ബി അംഗം മണിക് സര്‍ക്കാര്‍ അധ്യക്ഷനായുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുക.

ഇന്ന് രാവിലെ 10ന് തെലുങ്കാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി ക്ഷണിതാവുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തും. ജന.സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേന്ദ്ര നേതാക്കളില്‍ അച്ചടക്കലംഘനം

ഹൈദരാബാദ്: സി പി എം കേന്ദ്ര നേതാക്കള്‍ നിരന്തരം അച്ചടക്കലംഘനം നടത്തുകയാണെന്ന് ഇന്ന് പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ സ്വയംവിമര്‍ശം. പാര്‍ട്ടി സെന്ററില്‍ നിന്ന് പോലും വാര്‍ത്തകള്‍ ചോരുന്നുണ്ടെന്നും ഇതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടോയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി.

സി പി ഐയെ ഒഴിവാക്കി ഇടത് ഐക്യം സാധ്യമാകില്ലെന്നാണ് റിപോര്‍ട്ടിലെ വിലയിരുത്തല്‍. രാഷ്ട്രീയ ലൈനിലെ ഭിന്നത ഇടത് കൂട്ടായ്മയെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ആര്‍ എസ് പിയും ഫോര്‍വേഡ് ബ്ലോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചു. കോണ്‍ഗ്രസിനോട് സഹകരിക്കണമെന്ന സി പി ഐ നിലപാടിനോട് യോജിക്കാനാകില്ല. എന്നാല്‍, സി പി ഐയെ ഒഴിവാക്കി ഇടത് ഐക്യം പ്രാവര്‍ത്തികമല്ലെന്നും ഇടതുജനാധിപത്യ മുന്നണിയുടെ മര്‍മസ്ഥാനത്ത് സി പി ഐ വേണമെന്നും റിപോര്‍ട്ട് അടിവരയിടുന്നു.

കേന്ദ്ര നേതാക്കള്‍ പോലും അച്ചടക്കലംഘനം നടത്തുന്നുവെന്ന ഗുരുതരമായ പരാമര്‍ശവും റിപോര്‍ട്ടിലുണ്ട്. നിയന്ത്രണമില്ലാതെയുള്ള കേന്ദ്ര നേതാക്കളുടെ പ്രതികരണ രീതി അവസാനിപ്പിക്കണം. ബംഗാള്‍ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറി. ഇനിയെങ്കിലും നേതാക്കളെല്ലാം കേന്ദ്രീകൃത ജനാധിപത്യശൈലി പിന്തുടരണം – റിപ്പോര്‍ട്ടില്‍ പറയുന്നു.