Connect with us

Kerala

ഉമിക്കരി നിര്‍മിച്ച് വിജയിച്ച സിജേഷിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Published

|

Last Updated

സിജേഷിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു

കണ്ണൂര്‍: ഉമിക്കരി നിര്‍മാണരംഗത്ത് മുന്നേറ്റം കാഴ്ചവെച്ച കണ്ണൂര്‍ സ്വദേശിയെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ചു. ശാന്തീസ് ഉമിക്കരി എന്ന സംരംഭത്തിന്റെ ഉടമ കണ്ണൂര്‍ അഴീക്കോട് പോച്ചപ്പനിലെ സിജേഷിനാണ് സ്വയം സംരംഭകനായി മികവ് തെളിയിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. സിജീഷ് നിര്‍മിച്ച ഉമിക്കരി പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മുദ്രായോജനയുടെ സഹായത്തോടെ 8.5 ലക്ഷം രൂപ വായ്പയെടുത്താണ് സിജേഷ് ഉമിക്കരി നിര്‍മാണ സംരംഭത്തിന് തുടക്കമിട്ടത്. മുദ്രായോജന പദ്ധതിപ്രകാരം സംരംഭം നടത്തി വിജയിച്ച നാല് പേരെയാണ് കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ പ്രധാനമന്ത്രിയുമായി തന്റെ ഉത്പന്നത്തെക്കുറിച്ച് സംവദിക്കാനും മറ്റും അവസരം ലഭിച്ചത് സിജീഷിന് മാത്രമായിരുന്നു.

കറിപ്പൊടി, ഓയില്‍മില്‍ എന്നിവയുണ്ടാക്കി മികവ് തെളിയിച്ച വയനാട് സ്വദേശി വേണു, ബേക്കറി ഉത്പന്നങ്ങളുണ്ടാക്കിയ കോഴിക്കോട് സ്വദേശി വിനോദ്, കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂനിറ്റുണ്ടാക്കിയ കൊയിലാണ്ടി സ്വദേശി ശ്രീലാല്‍ എന്നിവരാണ് അഭിനന്ദനത്തിന് അര്‍ഹമായ മറ്റു മലയാളികള്‍. അഴീക്കോട് പോച്ചപ്പന്‍ ചന്ദ്രന്‍-ജാനകി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സിജേഷ്. യുവാക്കളായ സാമൂഹിക സംരംഭകരെ കൈപ്പിടിച്ച് സഹായിക്കുന്ന പോസിറ്റീവ് കമ്മ്യൂണ്‍ എന്റര്‍പ്രണര്‍ഷിപ്പ് ക്ലബാണ് സംരംഭം തുടങ്ങാന്‍ ഇദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. ഗ്രാമീണമേഖലയിലെ പരമ്പരാഗത ഉത്പന്നങ്ങള്‍ കമ്പോളങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉമിക്കരി പോലെയുള്ള നാടന്‍ ഉത്പന്നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നതിനാണ് പ്രധാനമന്ത്രി സിജേഷിനെ നേരിട്ട് അഭിനന്ദിക്കാന്‍ തയ്യാറായത്. സിജേഷിനെ അഭിനന്ദിക്കുന്ന ചിത്രം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലും മറ്റും പ്രചരിക്കുന്നുണ്ട്.