ബിര്‍മിംഗ്ഹാം ഗെയിംസ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യ

Posted on: April 18, 2018 6:16 am | Last updated: April 17, 2018 at 11:36 pm

ന്യൂഡല്‍ഹി: ഷൂട്ടിംഗ് മത്സരങ്ങള്‍ ഒഴിവാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടകര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നാഷനല്‍ റൈഫിള്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ ആര്‍ എ ഐ) രംഗത്ത്.

2022ല്‍ ബിര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് ഇനങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ ഇന്ത്യ ഗെയിംസ് ബഹിഷ്‌കരിക്കണമെന്ന് എന്‍ ആര്‍ എ ഐ പ്രസിഡന്റ് റനീന്ദര്‍ സിംഗ് പ്രതികരിച്ചു. ബിര്‍മിംഗ്ഹാം ഗെയിംസില്‍ ഷൂട്ടിംഗ് മത്സര ഇനമായിരിക്കില്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിം ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഗ്രീവെംബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് കോമണ്‍വെല്‍ക്ക് ഗെയിംസില്‍ ഏറെ മെഡല്‍ സാധ്യതയുള്ള ഇനമാണ് ഷൂട്ടിംഗ്. ഗോള്‍ഡ് കോസ്റ്റില്‍ അവസാനിച്ച ഗെയിംസില്‍ ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ ഇനം ഒഴിവാക്കുകയാണെങ്കില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ പിന്നാക്കം പോകുമെന്ന് ഉറപ്പാണ്. അതുതന്നെയാണ് ഇന്ത്യയെ ശക്തമായ പ്രതികരണത്തിന് നിര്‍ബന്ധിതമാക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യന്‍ കായിക മന്ത്രാലയവും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും ഇടപെടണമെന്ന് എന്‍ ആര്‍ എ ആആവശ്യപ്പെട്ടു.