Connect with us

National

ജമ്മു കശ്മീരില്‍ ബി ജെ പി മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി; പകരം പുതുമുഖങ്ങള്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബി ജെ പി മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കി. കത്വ സംഭവത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടി പുതുമുഖങ്ങളെ മന്ത്രിസഭയില്‍ കൊണ്ടുവരാനാണ് നീക്കം. ബി ജെ പി നേതാവ് രാം മാധവ് കഴിഞ്ഞയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാജി വെക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സഖ്യസര്‍ക്കാറിന് ഭീഷണിയില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലെ പ്രതികളെ പിന്തുണച്ചതിന് രാജിവെക്കേണ്ടി വന്ന മുന്‍ മന്ത്രിക്ക് സ്വീകരണം. ബി ജെ പി നേതാവായ ലാല്‍ സിംഗിനാണ് ജമ്മുവില്‍ സ്വീകരണം നല്‍കിയത്.

സ്വീകരണ പരിപാടിയുടെ ഭാഗമായി ലാല്‍ സിംഗിന്റെ റോഡ് ഷോയും നടന്നു. സംഭവത്തില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്നും പോലീസ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ലാല്‍ സിംഗ് പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ സി ബി ഐ അന്വേഷണം വേണമെന്നും ലാല്‍ സിംഗ് ആവശ്യപ്പെട്ടു. വിഷയം അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെക്കണമെന്നും സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ മാധ്യമങ്ങള്‍ മോശം പ്രതിച്ഛായ സൃഷ്ടിച്ചതിനാലാണ് രാജി വെച്ചത്. ജനവികാരം മനസ്സിലാക്കുന്നതില്‍ മുഫ്തി പരാജയപ്പെട്ടു. അതിനാലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്. റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഹിന്ദു ഏകതാ മഞ്ചിന്റെ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.

---- facebook comment plugin here -----