മക്ക മസ്ജിദ്: പ്രോസിക്യൂട്ടറുടെ പരിചയമില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നു

Posted on: April 18, 2018 6:08 am | Last updated: April 17, 2018 at 11:21 pm
SHARE

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ പരിചയമില്ലാത്തയാളാണ് പ്രോസിക്യൂട്ടറായതെന്ന് റിപ്പോര്‍ട്ട്. ക്രിമിനല്‍ നിയമത്തില്‍ പരിചയം കുറഞ്ഞയാളാണ് പ്രോസിക്യൂട്ടറായിരുന്ന എന്‍ ഹരിനാഥെന്ന് തെലങ്കാന അഭിഭാഷകര്‍ പറയുന്നു. ഇത്തരം പ്രധാന കേസുകള്‍ക്ക് ഇദ്ദേഹത്തെ പോലുള്ളവരെ പ്രോസിക്യൂട്ടറാക്കരുതായിരുന്നെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ആരോപണവിധേയര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതിലും ശക്തമായ തെളിവ് സമര്‍പ്പിക്കുന്നതിലും ഹരിനാഥും എന്‍ ഐ എയും ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അഭിഭാഷകനാണെന്നും ബേങ്ക് തട്ടിപ്പ് കേസുകളില്‍ സി ബി ഐക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നും ഹരിനാഥ് പറയുന്നു. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നിവയും കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, മക്ക മസ്ജിദ് ആക്രമണം പോലുള്ള തീവ്രവാദ അന്വേഷണ കേസില്‍ പ്രത്യേകിച്ചും, കൊലപാതക വിചാരണ സംബന്ധിച്ച അറിവ് പ്രധാനമാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഉജ്ജ്വല്‍ നിഗം, അമരീന്ദ്ര ശരണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനല്‍ വിചാരണ നടത്തി പത്ത് വര്‍ഷത്തെ പ്രാക്ടീസ് അത്യാവശ്യമാണെന്ന് നിഗം വ്യക്തമാക്കി. അത്തരം പരിചയമൊന്നുമില്ലാതെ ഹരിനാഥിനെ എന്തിനാണ് കേസ് ഏല്‍പ്പിച്ചതെന്ന് പറയേണ്ടത് എന്‍ ഐ എയാണ്. നിയമപരമായി പറഞ്ഞാല്‍, ഗുരുതര കേസുകള്‍ നടത്തി പരിചയം അത്യാവശ്യമാണെന്നും നിഗം പറഞ്ഞു.

ബി ജെ പിയുടെ അടുപ്പക്കാരനാണ് ഹരിനാഥ്. ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ എ ബി വി പിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഹരിനാഥ്. തെലങ്കാന ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഹരിനാഥിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചത് ബി ജെ പിയാണ്. ഇതുവരെ അതീവപ്രാധാന്യമുള്ള ക്രിമിനല്‍ കേസുകളൊന്നും ഹരിനാഥ് കൈകാര്യം ചെയ്തിട്ടില്ലെന്ന് അഭിഭാഷകര്‍ പറയുന്നു.