Connect with us

Editorial

തെളിവുകള്‍ക്ക് എന്ത് സംഭവിച്ചു?

Published

|

Last Updated

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ പ്രതികള്‍ക്കനുകൂലമായ സമീപനം സ്വീകരിക്കാന്‍ ഒരു എന്‍ ഐ എ ഉദ്യോഗസ്ഥ മേധാവി ആവശ്യപ്പെട്ടതായി സ്‌ഫോടന കേസുകളിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയിരുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തില്‍ 2015-ല്‍ അദ്ദേഹം നടത്തിയ ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള ഹൈദരാബാദ് എന്‍ ഐ എ കോടതി വിധിയും കോടതി അതിന് പറഞ്ഞ ന്യായീകരണവും. പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജറാക്കാന്‍ എന്‍ ഐ എക്ക് കഴിഞ്ഞില്ലെന്നായിരുന്നു എന്‍ ഐ എ കോടതിപ്രത്യേക ജഡ്ജി കെ രവീന്ദര്‍ റെഡ്ഡി പറഞ്ഞത്. നേരത്തെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസിലെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

2007 മെയ് 18-ന്‌വെള്ളിയാഴ്ച ജൂമുഅ നിസ്‌കാരം നടന്നു കൊണ്ടിരിക്കെയാണ് ഹൈദരാബാദ് ചാര്‍മിനാറിനു സമീപമുള്ള മക്ക മസ്ജിദില്‍ ഹിന്ദുത്വ ഭീകരര്‍ സ്‌ഫോടനം നടത്തിയത്. ആര്‍ ഡി എക്‌സ് ബോംബ് ഉപയോഗിച്ചുള്ള വന്‍ സ്‌ഫോടനത്തില്‍ പള്ളിയിലുണ്ടായിരുന്ന ഒമ്പത് പേരും പിന്നീടു പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. കുട്ടികളടക്കം 50ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബോംബ് പള്ളിയിലെ ഒരു ടിഫിന്‍ ബോക്‌സില്‍ ഒളിപ്പിച്ചു വെച്ച ശേഷം സെല്‍ഫോണ്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. ആദ്യം അന്വേഷിച്ച ഹൈദരാബാദ് പോലീസിന്റെ അനുമാനം ലശ്കറെ ത്വയ്യിബ പോലുള്ള പാക് ഭീകര സംഘടനകളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു. ഇതേതുടര്‍ന്ന് നിരപരാധികളായ നൂറോളം മുസ്‌ലിം യുവാക്കളെ പോലീസ് പ്രതിയാക്കി കുറ്റപത്രം തയാറാക്കുകയും ചെയ്തു. കേസ് 2007ല്‍ സി ബി ഐ ഏറ്റെടുത്തതോടെയാണ് ഹിന്ദുത്വ ഭീകരസംഘടനകളാണ് സ്‌ഫോടനം നടത്തിയതെന്ന് വ്യക്തമായത്. പിന്നീട് കേസ് ഏറ്റെടുത്ത എന്‍ ഐ എ മുമ്പാകെ ആര്‍ എസ് എസ് പ്രചാരക് സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആയാളുള്‍പ്പെടെ പത്ത് പേര്‍ക്കെതിര കുറ്റ പത്രം സമര്‍പ്പിച്ചത്. അന്ന് എന്‍ ഐ എ ശേഖരിച്ച തെളിവുകള്‍ കേസ് കോടതിയിലെത്തിയപ്പോള്‍ എവിടെ പോയൊളിച്ചു?

സി ബി ഐ കേസിലെ യഥാര്‍ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവന്നതിന് പിന്നാലെ മുസ്‌ലിം യുവാക്കളെ പ്രതികളാക്കിയതില്‍ അന്നത്തെ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി ക്ഷമാപണം നടത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും പ്രശ്‌നങ്ങളും സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ ഹിന്ദുത്വ ഭീകരരാണ് സ്‌ഫോടനം സൃഷ്ടിച്ചതെന്ന് സമ്മതിക്കുകയും ചെയ്തതാണ്. തുടര്‍ന്ന് എന്‍ ഐ എ കോടതിയില്‍ കേസ് നല്ല നിലയില്‍ നടന്നു വരവെ കേന്ദ്രത്തില്‍ അധികാരമാറ്റം സംഭവിച്ചതോടെയാണ് കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയത്. കുറ്റസമ്മതത്തില്‍ നിന്ന് അസീമാനന്ദ പിന്മാറി. പോലീസ് പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് അയാള്‍ പിന്നീട് കോടതിയില്‍ പറഞ്ഞത്. അതേസമയം ഹരിയാനയിലും ഡല്‍ഹിയിലുമായി നടന്ന ചോദ്യം ചെയ്യലില്‍ യാതൊരു സമ്മര്‍ദവുമില്ലാതെ വളരെ ശാന്തനായാണ് അസീമാനന്ദ കുറ്റസമ്മതം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദുത്വ ഭീകരരുടെ ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങളും ചെയ്തികളും ഉള്‍ക്കൊള്ളുന്ന അസീമാനന്ദയുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയതോടെ അഭിഭാഷകര്‍ക്കു വേണ്ടി ആര്‍ എസ് എസ് സംഘടനയായ അഖില്‍ ഭാരതീയ അതിവക്ത പരിഷത്ത് രംഗത്തെത്തുകയും അസീമാനന്ദയുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്തതോടയാണ് അയാളുടെ നിലപാടില്‍ മാറ്റം വന്നതും കേസിലെ 64 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതും.

വിചാരണക്കിടെ കേസിലെ സുപ്രധാന രേഖകള്‍ അപ്രത്യക്ഷമായതും കേസ് വിധി പ്രസ്താവം നടത്തിയതിന് തൊട്ടു പിന്നാലെ ജഡ്ജി ജസ്റ്റിസ് കെ രവീന്ദര്‍ റെഡ്ഡിയുടെ അപ്രതീക്ഷിത രാജിയും ദുരൂഹതയുണര്‍ത്തുന്നതാണ്. സ്വാമി അസിമാനന്ദ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ നല്‍കിയ മൊഴികളുടെ രണ്ട് പേജുകളുള്‍പ്പെടെയുള്ള രേഖകളാണ് കാണാതായത്. വിചാരണക്കിടെ മുതിര്‍ന്ന ആര്‍ എസ് എസ് നേതാക്കളുടെ പേരുകള്‍ അസിമാനന്ദ് വെളിപ്പെടുത്തിയിരുന്നു. കേസില്‍ വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജഡ്ജി രവീന്ദര്‍ റെഡ്ഡി ആന്ധ്ര പ്രദേശ് ചീഫ് ജസ്റ്റിസിന് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരം എന്നല്ലാതെ രാജിക്ക് മറ്റു കാരണങ്ങളൊന്നും കാണിച്ചിട്ടില്ല. മനഃസാക്ഷിക്കുത്താണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

എന്‍ ഐ എ കേന്ദ്രസര്‍ക്കാറിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന സന്ദേഹത്തിന് ബലം നല്‍കുന്ന സംഭവങ്ങള്‍ വേറെയും നിരവധിയുണ്ട്. 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനാ നേതാവുമായ സ്വാമിനി പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെ ചുമത്തിയിരുന്ന എല്ലാ വകുപ്പുകളും എടുത്തുകളഞ്ഞ് ക്ലീന്‍ ചിറ്റ് നല്‍കിയതും 2008ല്‍ ഗുജറാത്തിലെ മൊദാസയില്‍ നടന്ന ബോംബ് സ്‌ഫോടന കേസില്‍ തെളിവില്ലെന്നും മുഖ്യപ്രതിയെ കണ്ടെത്താനായില്ലെന്നും പറഞ്ഞു 2015 ജൂലൈയില്‍ അന്വേഷണം അവസാനിപ്പിച്ചതും ഈ അന്വേഷണ ഏജന്‍സിയുടെ തനിനിറം വെളിപ്പെടുത്തുന്നതാണ്. തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായ ജോഷി വധക്കേസിന് തെളിവില്ലെന്നും തീവ്രവാദ പശ്ചാത്തലം ഇല്ലെന്നുമുള്ള വാദമുന്നയിച്ച് തിരിച്ചയച്ചതും 2006ലെ ഒന്നാം മലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളാക്കപ്പെട്ട ഒമ്പത് മുസ്‌ലിം യുവാക്കള്‍ നിരപരാധികളാണെന്ന് സമ്മതിച്ച ശേഷം പിന്നീട് നിലപാട് മാറ്റി അവരുടെ മോചനം തടഞ്ഞതും എന്‍ ഐ എ ആയിരുന്നല്ലോ. ഈ സാഹചര്യത്തല്‍ മക്കാ സ്‌ഫോടനക്കേസില്‍ എന്‍ ഐ എക്ക് മതിയായ തെളിവുകള്‍ ഹാജറാക്കാന്‍ കഴിയാതെ പോയതും മനസ്സിലാക്കാവുന്നതേയുള്ളൂ.

 

---- facebook comment plugin here -----

Latest