വെളിച്ചം നല്‍കാം, ഈ ഗ്രാമങ്ങള്‍ക്ക്

ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പലവട്ടം യാത്ര ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള മുസ്‌ലിംകളുടെയും മറ്റു അവശ ജനവിഭാഗങ്ങളുടെയും ദാരിദ്ര്യവും വേദനകളും കണ്ട് മനസ്സ് നൊമ്പരപ്പെട്ടിട്ടുണ്ട്. സര്‍ക്കാറുകളുടെയെല്ലാം മുഖ്യ അജന്‍ഡകളിലൊന്നാണ് ഗ്രാമീണ വികസനം. പക്ഷേ, വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക സൗകര്യം പോലും ഇല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളെ ഇന്ത്യയില്‍ കാണുന്നു. വിശേഷിച്ചും, നോര്‍ത്ത് ഇന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും. ഈ സാഹചര്യത്തില്‍ മര്‍കസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി രണ്ട് പ്രധാന പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഒന്ന് രാജ്യത്തെ നൂറ് ഗ്രാമങ്ങളെ ഏറ്റെടുക്കലാണ്. ഈ ഗ്രാമങ്ങളുടെ സമ്പൂര്‍ണമായ പരിവര്‍ത്തനമാണ് മര്‍കസ് ലക്ഷ്യം വെക്കുന്നത്.
Posted on: April 18, 2018 6:00 am | Last updated: April 17, 2018 at 10:23 pm

മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ ഇന്ന് സ്ഥാപകദിനം ആചരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതികള്‍ അവതരിപ്പിച്ചു രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്ന പദ്ധതികള്‍ കൂടുതല്‍ അവതരിപ്പിക്കുകയാണ് ഈ സ്ഥാപക ദിനത്തോടെ. മര്‍കസ് ഡേ എന്ന നാമത്തില്‍ അറിയപ്പെടുന്ന സ്ഥാപകദിനം രാജ്യത്തൊട്ടാകെ വിപ്ലവകരമായ പദ്ധതികള്‍ക്കു ആരംഭം കുറിക്കുന്ന വേളയാവുന്നു.

1978ല്‍ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കയാണ് മര്‍കസിന്റെ ശിലാസ്ഥാപനം നടത്തിയത്. അന്ന് മാലികി തങ്ങള്‍ ദുആ ചെയ്ത വാക്യങ്ങള്‍ ഇപ്പോഴും ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ‘അല്ലാഹുവേ, വൈജ്ഞാനിക വിപുലീകരണത്തിനു വേണ്ടി നിര്‍മിക്കുന്ന ഈ സ്ഥാപനത്തെ ഔന്നത്യങ്ങളിലേക്ക് ഉയര്‍ത്തേണമേ’ എന്നായിരുന്നു അതിലൊരു വാചകം. നാഥന്‍ സഹായിച്ചു. 25 അനാഥ മക്കളെയും കൊണ്ട് ആരംഭിച്ച മര്‍കസ് ഇന്ന് രാജ്യത്തൊട്ടാകെ പടര്‍ന്നുകിടക്കുന്ന മഹത്തായ വൈജ്ഞാനിക കേന്ദ്രമായിരിക്കുന്നു.

മര്‍കസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി രണ്ട് പ്രധാന പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഒന്ന് രാജ്യത്തെ നൂറ് ഗ്രാമങ്ങളെ ഏറ്റെടുക്കലാണ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പലവട്ടം യാത്ര ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള മുസ്‌ലിംകളുടെയും മറ്റു അവശ ജനവിഭാഗങ്ങളുടെയും ദാരിദ്ര്യവും വേദനകളും കണ്ട് മനസ്സ് നൊമ്പരപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് കേരളീയ മാതൃകയില്‍ വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും നല്‍കി ഇന്ത്യയിലെ 22 സംസ്ഥാങ്ങളില്‍ മര്‍കസ് ശ്രദ്ധേയമായ സാന്നിധ്യമായി ഉയര്‍ന്നുവന്നത്. നൂറുകണക്കിന് സന്നദ്ധ സേവകരുടെ രാപ്പകലുകള്‍ ഭേദമന്യേയുള്ള ആത്മാര്‍ഥമായ അദ്ധ്വാനമുണ്ടായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക്. മര്‍കസ് ഡേയില്‍ നടക്കുന്ന നൂറ് ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതി വ്യത്യസ്തമായ ഭൂമിശാസ്ത്ര പരിസരമുള്ള, സാമൂഹികമായി ദുര്‍ബലപ്പെട്ട ജനതകളെ സമീപപ്രദേശങ്ങളിലെല്ലാം വെളിച്ചം നല്‍കുന്ന രൂപത്തില്‍ മാറ്റിയെടുക്കാന്‍ പറ്റുമെന്ന ഉറച്ച വിശ്വാസത്തില്‍ ആരംഭിക്കുന്നതാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയെല്ലാം മുഖ്യ അജന്‍ഡകളിലൊന്നാണ് ഗ്രാമീണ വികസനം. പക്ഷേ, വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക സൗകര്യം പോലും ഇല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളെ ഇന്ത്യയില്‍ കാണുന്നു. വിശേഷിച്ചും, നോര്‍ത്ത് ഇന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും. ഏറ്റവും അവശതയനുഭവിക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ വിഭിന്നങ്ങളായ പദ്ധതികള്‍ മര്‍കസ് നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്താകെ 7218 ഗ്രാമങ്ങളില്‍ ശുദ്ധ ജല പദ്ധതികള്‍, ഗ്രാമീണ സ്‌കൂളുകളുടെ നിര്‍മാണം, ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കല്‍, ഭക്ഷണ വിതരണം തുടങ്ങി ഒട്ടേറെ കര്‍ത്തവ്യങ്ങള്‍.

എന്നാല്‍ പുതിയ പദ്ധതി വഴി നൂറ് ഗ്രാമങ്ങളുടെ സമ്പൂര്‍ണമായ പരിവര്‍ത്തനമാണ് മര്‍കസ് ലക്ഷ്യം വെക്കുന്നത്. മിഷന്‍ സ്മാര്‍ട്ട് വില്ലേജ് എന്ന നാമത്തില്‍ ആരംഭിക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ പദ്ധതികള്‍, സാമൂഹിക സാമ്പത്തിക സേവനങ്ങള്‍, സാമുദായികസാധുജന ക്ഷേമ പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍ എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്.

വിദ്യാഭ്യാസ ഉപകരണങ്ങള്‍ നല്‍കി പാവപ്പെട്ടവരെ സഹായിക്കലാണ് വിദ്യാഭ്യാസ പദ്ധതികള്‍ വഴി ലക്ഷ്യം വെക്കുന്നത്. പത്ത് ലക്ഷം നോട്ടുബുക്കുകള്‍ ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അവശത അനുഭവിക്കുന്ന പഠിതാക്കള്‍ക്കും നല്‍കും. അതോടൊപ്പം പഠനത്തിന് ആവശ്യമായ മറ്റു സാമഗ്രികളും വിതരണം ചെയ്യും. ഗ്രാമീണ വിദ്യാലയങ്ങള്‍ നിര്‍മിച്ചു ഏറ്റെടുത്ത ഗ്രാമങ്ങളെ വൈജ്ഞാനികമായി ശാക്തീകരിക്കും. കേവല വിദ്യാഭ്യാസം മാത്രമല്ല ഈ വിദ്യാലയങ്ങള്‍ വഴി നല്‍കുക. അസ്വസ്ഥകരമായ ബാല്യമനുഭവിച്ച കുട്ടികള്‍ പലവിധത്തിലുള്ള ശാരീരികമാനസിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നവരാകും. അവര്‍ക്കു മനഃശാസ്ത്രപരമായ പരിശീലനം കൂടി നല്‍കി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. വീട്ടില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അനുഗുണമായ സാഹചര്യം സൃഷ്ടിക്കാന്‍ മാതാപിതാക്കളെയും ബോധവാന്മാരാക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങള്‍ സ്‌കൂളുകള്‍ നിര്‍മിച്ചു വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കുന്നതോടൊപ്പം നിര്‍വഹിക്കും.

സാമൂഹിക സാമ്പത്തിക സേവനങ്ങള്‍ വില്ലേജുകളില്‍ നടപ്പിലാക്കുന്നത് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയും വരുമാന ഉത്പാദനം വര്‍ധിപ്പിച്ചുമാണ്. അതിനായി സൗകര്യകരമായ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കും. പ്രകൃതി സൗഹൃദപരമായിട്ടാവും ഈ വീടുകളുടെ നിര്‍മാണവും അവ നില്‍ക്കുന്ന സ്ഥലത്തിന്റെ പരിരക്ഷയും. മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ രൂപപ്പെടുന്ന ഈ കാലത്ത് സൗഹൃദത്തിന്റെ അയല്‍ ബന്ധത്തില്‍ ഊഷ്മളതയുടെയും മാതൃകകള്‍ ഓരോ കുടുംബങ്ങളിലും സാധ്യമാക്കും. കുടിവെള്ള പദ്ധതികള്‍ ഗ്രാമങ്ങളില്‍ നടപ്പാക്കും. കിണറുകളും കുഴല്‍ക്കിണറുകളും കുളങ്ങളും നിര്‍മിച്ചു ആവശ്യമായ ജലം സജ്ജീകരിക്കുകയും ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഗ്രാമീണ നിവാസികളെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഉപജീവനത്തിനാവശ്യമായ വിവിധ ആരോഗ്യദായകമായ ഭക്ഷ്യ പദാര്‍ഥങ്ങളും വിതരണം ചെയ്യും.

സാധുജന ക്ഷേമപദ്ധതികളുടെ ഭാഗമായി വൈദ്യവൈദ്യോപകരണ സഹായങ്ങള്‍ നല്‍കും. ഗ്രാമങ്ങളില്‍ പ്രാഥമിക ചികിത്സക്ക് ആവശ്യമായ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കും. അതോടൊപ്പം ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ ഭക്ഷ്യശീലം പരിശീലിപ്പിക്കും. തെറ്റായ ഭക്ഷണ ക്രമങ്ങള്‍ ആണല്ലോ, മനുഷ്യരെ മാരക രോഗങ്ങളിലേക്കു നയിക്കുന്നത്. അനാഥ സംരക്ഷണവും ഇതോടൊപ്പം നടക്കും. നിലവില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 5000 അനാഥകള്‍ക്കു വിദ്യാഭ്യാസ സഹായം നല്‍കിയും അവര്‍ക്കും മാതാവിനും ഉള്ള ചെലവിനുള്ള തുക നല്‍കിയും മര്‍കസ് സംരക്ഷിക്കുകയാണ്. ചെറു പ്രായത്തിലുള്ള കുട്ടികള്‍ വരെ ഇതിലുണ്ട്. എങ്ങനെ മക്കളെ നന്മയുടെ വഴിയില്‍ ഉയര്‍ത്തികൊണ്ടുവരാം എന്നതിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കുന്നു. മര്‍കസ് ഏറ്റെടുക്കുന്ന ഗ്രാമങ്ങളിലെ അനാഥകുട്ടികളെ സവിശേഷ പരിശീലനം നല്‍കി കൊണ്ടുവന്നു തിളക്കമുള്ള ഭാവി സമ്മാനിക്കും. അംഗ പരിമിതിയും മാനസിക വെല്ലുവിളിയും കാരണം പ്രയാസമനുഭവിക്കുന്ന നിരവധി പേരുണ്ട് സമൂഹത്തില്‍. മര്‍കസ് ഇപ്പോള്‍ തൃശൂരിലും കോഴിക്കോട് ജില്ലയിലെ പൂനൂരിലുമുള്ള സെന്ററുകള്‍ വഴി ജീവിതത്തിന്റെ മാധുര്യത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുവന്നത് നിരവധി പേരെയാണ്. ഈ മാതൃകയില്‍ ശാരീരിക അവശതയനുഭവിക്കുന്നവരെ വൈജ്ഞാനിക ആരോഗ്യ സഹായം നല്‍കി വളര്‍ത്തും.

കാര്‍ഷിക രീതി മര്‍കസ് ഗ്രാമങ്ങളില്‍ സജീവമാക്കും. കൃഷിയില്‍ നിന്ന് പിന്നാക്കം നിന്നത് മനുഷ്യന്റെ ആരോഗ്യത്തെയും ഭക്ഷണ ശീലത്തെയും എല്ലാം വിപരീതമായി ബാധിച്ചിട്ടുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ആവശ്യമായ കന്നുകാലികളെ വാങ്ങി നല്‍കിയും ചെടികളും വിത്തുകളും നല്‍കി പരിശീലിപ്പിച്ചും പച്ചപ്പുള്ള ഗ്രാമ്യ ഹൃദയങ്ങളെ രൂപപ്പെടുത്തും. മര്‍കസ് മസ്‌റ ഇന്ന് കേരളത്തിലെ ഹരിതഗ്രാമമാണ്. ജൈവ കൃഷിയും പ്രകൃതി സൗഹൃദപരമായ കന്നുകാലി വളര്‍ത്തലും തേനീച്ച വളര്‍ത്തലും എല്ലാമായി നോളേജ് സിറ്റിക്ക് പരിസരത്ത് ഉയര്‍ന്നുവരുന്ന മസ്‌റ ആധുനിക സംവിധാനങ്ങള്‍ വഴി എങ്ങനെ കൃഷിയെ ഫലപ്രദവും ലാഭകരവുമാക്കാം എന്ന് കാണിക്കുന്നു. ഇത്തരത്തില്‍ ലാഭകരമായി കാര്‍ഷിക വ്യവസ്ഥയെ പരിപാലിപ്പിച്ചു കൊണ്ടുവരും. വളര്‍ത്തുമൃഗങ്ങളെ നല്‍കി കൃഷിക്കുള്ള വളങ്ങളും പാല് പോലുള്ള പോഷകാഹാര നിര്‍മിതിയും വികസിപ്പിക്കും.
മര്‍കസ് കുല്ലിയ്യ സ്ഥാപകന്‍ ഡേ.ാ ഉമര്‍ കാമില്‍ അനുസ്മരണം, വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയമായ സേവനം ചെയ്യുന്നവര്‍ക്കുള്ള അവാര്‍ഡ് ദാനം, ഖിദ്മ സംഗമം, ഓര്‍ഫന്‍ കെയര്‍ ഫണ്ട് വിതരണം തുടങ്ങിയ ബഹുമുഖ പദ്ധതികളും ഇന്ന് മര്‍കസ് ഡേയില്‍ നടക്കും. രാജ്യത്തിന് മാതൃകയായി പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കാന്‍ സഹായകമാകുന്നത് മര്‍കസിനെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യരുടെയും പ്രാര്‍ഥനകളും സഹായങ്ങളുമാണ്. അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് മര്‍കസിലെ ഗുരുക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കാനാവുക. ആ പ്രാര്‍ഥന ഇന്നത്തെ മര്‍കസ് ദിനത്തിലെ പ്രത്യേക ചടങ്ങാവും.