Connect with us

Gulf

അബുദാബി പുസ്തകോത്സവം 25 മുതല്‍ മെയ് ഒന്ന് വരെ

Published

|

Last Updated

അബുദാബി: 28-ാമത് അന്താരഷ്ട്ര പുസ്തകോത്സവത്തിന് അബുദാബിയില്‍ തിരി തെളിയുന്നു. പുസ്തകോത്സവം ഏപ്രില്‍ 25 മുതല്‍ മെയ് ഒന്ന് വരെ അബുദാബി അന്താരഷ്ട്ര പ്രദര്‍ശന നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 63 രാജ്യങ്ങളില്‍ നിന്നുള്ള 1,350 പ്രദര്‍ശകര്‍ 500,000 ത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പ്രസിദ്ധീകരണ വ്യവസായത്തെ ഉള്‍ക്കൊള്ളുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട 830 സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്.

വായനയും സാഹിത്യവും സംസ്‌കാരവും വളര്‍ത്തി സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുക എന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയന്റെ ദര്‍ശനത്തിന് വിധേയമായാണ് പ്രദര്‍ശനം ഒരുക്കിയതെന്ന് അബുദാബി സാംസ്‌കാരിക – ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗോബാഷ് പറഞ്ഞു. 1981 ല്‍ അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അബുദാബി പുസ്തക മേള ആദ്യമായി നടന്നത്. അബുദാബി പുസ്തക മേള യു എ ഇ യിലെ പ്രസിദ്ധീകരണ വ്യവസായത്തിന്റെ വികസനത്തിന് വഴിതെളിച്ചു. കഴിഞ്ഞ കാലത്തെ നേട്ടങ്ങള്‍ സാഹിത്യ പാരമ്പര്യത്തെ രൂപപ്പെടുത്തുന്നതിനും ആധുനിക സാഹിത്യ പ്രവണതകള്‍ സമന്വയിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട് ഗോബാഷ് വ്യക്തമാക്കി. വിവിധ ദിവസങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ രചയിതാക്കള്‍, എഴുത്തുകാര്‍, പ്രസാധകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പോളണ്ടാണ് അതിഥി രാജ്യം. സന്ദര്‍ശകര്‍ക്ക് രാജ്യത്തിന്റെ 1000 വര്‍ഷത്തെ സാഹിത്യചരിത്രത്തെക്കുറിച്ച് പഠിക്കാനുള്ള അവസരം നല്‍കും. ആദ്യമായാണ് അറബ് ലോകത്ത് പോളണ്ട് അതിഥി രാജ്യമായി പങ്കെടുക്കുന്നത് യുഎഇയിലെ പോളിഷ് അംബാസഡര്‍ റോബര്‍ട്ട് റോസ്റ്റേക്ക് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ആഴത്തില്‍ വളരുന്നതിന് അവസരമൊരുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സാഹിത്യം , ശാസ്ത്രം , ബിസിനസ്സ്, മറ്റ് മേഖലകള്‍ എന്നിവയെ സംബന്ധിക്കുന്ന ഏറ്റവും മികച്ച 30-ലധികം ഭാഷകളിലുള്ള പുസ്തകങ്ങള്‍ പ്രദര്‍ശന നഗരിയില്‍ ലഭ്യമാകും.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest