ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന് സംശയം; ഇരുതുടകളിലും ഒരേപോലെയുള്ള ചതവുകള്‍

Posted on: April 17, 2018 10:33 am | Last updated: April 17, 2018 at 1:46 pm

തിരുവനന്തപുരം: വാരാപ്പുഴയില്‍ പോലീസ് കസറ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന് സംശയം ബലപ്പെടുന്നു. ശ്രീജിത്തിന്റെ ശരീരത്തില്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ ആയുധം ഉപയോഗിച്ചിരിക്കാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ഈ സംശയം ബലപ്പെടുത്തിയത്. ശ്രീജിത്തിന്റെ ഇരുതുടകളിലും ഒരേപോലെയുള്ള ചതവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ലാത്തിപോലുള്ള എന്തോ വസ്തു ഉപയോഗിച്ച് ഉരുട്ടിയെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം വിദഗ്ധ ഉപദേശം തേടിയിട്ടുണ്ട്. മര്‍ദനമേറ്റത് എങ്ങനെയാണെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്.

ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റിരുന്നുവെന്നും ചെറുകുടല്‍ പൊട്ടിയാണ് ഇയാള്‍ മരിച്ചതെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.