കത്വ, ഉന്നാവോ സംഭവങ്ങള്‍: എസ് വൈ എസ് പ്രതിഷേധ മാര്‍ച്ച്

Posted on: April 17, 2018 6:19 am | Last updated: April 17, 2018 at 12:22 am
എസ് വൈ എസ് നേതൃത്വത്തില്‍ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ റാലി സെക്രട്ടേറിയറ്റിന് മുന്നില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ് വൈ എസ് സംസ്ഥാനത്തെ 138 സോണ്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഈ പൈശാചികതയോട് രാജ്യം പൊറുക്കരുത് എന്ന ബാനറുമായി നടത്തിയ മാര്‍ച്ചില്‍ വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

കത്വയിലെയും ഉന്നാവോയിലെയും പെണ്‍മക്കള്‍ക്ക് നീതി ലഭിക്കണം, നിയമത്തിന്റെ കണ്ണുകള്‍ അന്ധമാകരുത്, അവളെ കൊന്നവരും കൊല്ലിച്ചവരും ശിക്ഷിക്കപ്പെടണം, കത്വയിലെ നരാധമന്മാരെ നിങ്ങള്‍ കവര്‍ന്നത് രാജ്യത്തിന്റെ മാനം, നിങ്ങള്‍ കൊന്നത് ഈ രാജ്യത്തിന്റെ പാരമ്പര്യം, അച്ഛാദിന്‍ വരുന്നത് ഇങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കത് വേണ്ട, ഇങ്ങനെയാണ് ഇന്ത്യ തിളങ്ങുന്നതെങ്കില്‍ ഞങ്ങള്‍ക്ക് തിളങ്ങേണ്ട തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് മാര്‍ച്ചില്‍ ജനങ്ങള്‍ അണിനിരന്നത്.

മത രാഷ്ട്രീയ ജാതി വൈരത്തിന്റെ പേരില്‍ ഇനിയൊരു കുഞ്ഞിനേയും കുരുതി കൊടുക്കേണ്ടിവരരുതെന്നും ഈ കൊടും ക്രൂരതകള്‍ ചെയ്തവരെയും അവരെ സംരക്ഷിക്കാന്‍ കൂട്ടുനിന്ന അധമന്‍മാരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നത് വരെ രാജ്യത്തെ മതേതര സമൂഹത്തിന് വിശ്രമമില്ലെന്ന പ്രതിജ്ഞയോടും കൂടിയാണ് പ്രധിഷേധ മാര്‍ച്ച് അവസാനിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് നേതാക്കളായ സയ്യിദ് താഹ തങ്ങള്‍, മജീദ് കക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ലത്വീഫ് സഅദി പഴശ്ശി, റഹ്മത്തുല്ല സഖാഫി, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ്് സാദിഖ് നേതൃത്വം നല്‍കി.

പ്രതിഷേധമുയര്‍ത്തി തലസ്ഥാനത്ത്
എസ് വൈ എസ് റാലി

തിരുവനന്തപുരം: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ് വൈ എസ് നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധ റാലി നടത്തി. പാളയത്തു നിന്ന് ആരംഭിച്ച റാലി സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. മഹത്തായ പാരമ്പര്യമുളള ഇന്ത്യയുടെ അഭിമാനം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തകര്‍ത്ത സംഭവമാണ് കത്വയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പവിത്രമായ ആരാധനാലയത്തെ കൊടുംപാതകത്തിനായി ഉപയോഗപ്പെടുത്തിയ പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണം. രാജ്യത്ത് നിയമം നടപ്പാക്കേണ്ട പോലീസും അഭിഭാഷകരുമടക്കം ഈ പാതകത്തില്‍ പങ്കാളികളായി ത്തീര്‍ന്നുവെന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഉന്നാവോയിലെ കൂട്ടബലാത്സംഗവും അതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ക്രൂരമര്‍ദനമേറ്റ് മരണമടഞ്ഞ സംഭവത്തിന് പിന്നിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എം എല്‍ എയാണ് മുഖ്യപ്രതി. ഈ രണ്ട് സംഭവങ്ങളിലും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അമാന്തം കാണിക്കരുതെന്ന് അലി അബ്ദുല്ല ആവശ്യപ്പെട്ടു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് നേമം സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡ ന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് സുല്‍ഫിക്കര്‍, മുഹമ്മദ് ഇബ്‌റാഹിം മലപ്പുറം, സിദ്ദീഖ് സഖാഫി ബീമാപള്ളി, ജില്ലാ സെക്രട്ടറി മുഹമ്മദ് ജാസ്മിന്‍, സോണ്‍ സെക്രട്ടറി കരീം നേമം പ്രസംഗിച്ചു. ഷാഹുല്‍ സഖാഫി, ശിബിന്‍ മാസ്റ്റര്‍, അസനാര്‍ മുസ്‌ലിയാര്‍ ബീമാപള്ളി, അജ്മല്‍ വള്ളക്കടവ്, താജുദ്ദീന്‍ പരുത്തിക്കുഴി റാലിക്ക് നേതൃത്വം നല്‍കി.