Sports
സൂപ്പര്‍ കപ്പ്: ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ് സി ഗോവയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ഐ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. 79ാം മിനുട്ടില്‍ നൈജീരിയന്‍ താരം ഡുഡുവാണ് വിജയ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന മോഹന്‍ ബഗാന്‍- ബംഗളൂരു എഫ് സി പോരാട്ടത്തിലെ വിജയികള്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിന്റെ എതിരാളികളാകും.
ആദ്യ പകുതിയില്‍ മികച്ച അവസരങ്ങളാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. എന്നാല്‍, ഗോള്‍ അകന്നു നിന്നു. ഒടുവില്‍ കട്‌സുമി യൂസയുടെ പാസില്‍ ഡുഡു ഗോള്‍ കണ്ടെത്തുകയായിരുന്നു.
വെറും മൂന്ന് താരങ്ങളെ മാത്രമേ എഫ് സി ഗോവയുടെ സൈഡ് ബഞ്ചില്‍ ഉണ്ടായിരുന്നുള്ളൂ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജംഷഡ്പൂരിനെതിരായ കളിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടതും മഞ്ഞ കാര്‍ഡ് കണ്ടവരുടെ വിലക്കും ഒപ്പം പരുക്കുമാണ് ഗോവക്ക് തിരിച്ചടിയായത്.
അതിനാല്‍, അഞ്ച് മാറ്റങ്ങളുമായാണ് ഗോവ കളത്തിലിറങ്ങിയത്. മികച്ച സേവുകളോടെ എഫ് സി ഗോവയുടെ ഗോള്‍വല കാത്ത ലക്ഷ്മികാന്ത് കട്ടിമണി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.