Connect with us

Editorial

സിറിയയിലെ അമേരിക്കന്‍ ആക്രമണം

Published

|

Last Updated

സിറിയ ആത്യന്തികമായ പതനത്തിലേക്ക് സഞ്ചരിക്കുകയാണ്. വന്‍ ശക്തികളുടെ കിടമത്സര വേദിയായി നേരത്തേ തന്നെ സിറിയ അധഃപതിച്ചിരുന്നു. അവിടെ ബശര്‍ അല്‍ അസദിനെ ഏത് വിധേനയും അധികാരഭ്രഷ്ടമാക്കാന്‍ അമേരിക്ക കരുക്കള്‍ നീക്കുമ്പോള്‍ സംരക്ഷിക്കാന്‍ മറുപുറത്ത് റഷ്യയുണ്ടായിരുന്നു. എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സിറിയന്‍ സംഘര്‍ഷം യഥാര്‍ഥത്തില്‍ ഈ രണ്ട് ശക്തികളുടെയും കിടമത്സരത്തിന്റെ ഫലമാണ്. വിമത ശക്തി കേന്ദ്രമായ കിഴക്കന്‍ ഗൗതയിലെ ദൗമയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് വ്യോമാക്രമണം തുടങ്ങിയ അമേരിക്കന്‍ ചേരി യഥാര്‍ഥത്തില്‍ ആക്രമിക്കുന്നത് റഷ്യന്‍ ചേരിയുടെ താത്പര്യങ്ങളെയാണ്. അസദ് ഭരണകൂടം സ്വന്തം ജനതയെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും അഭയാര്‍ഥികളാക്കിയുമാണ് അധികാരം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അദ്ദേഹത്തിന്റെ സൈന്യം രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് തറപ്പിച്ച് പറയാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. വൈറ്റ് ഹെല്‍മറ്റ്‌സ് പോലുള്ള സന്നദ്ധ സംഘടനകള്‍ പുറത്ത് വിട്ട ദൃശ്യങ്ങളും വസ്തുതകളും മാരകമായ വിഷപ്രയോഗം നടത്തിയെന്ന് തന്നെയാണ് കാണിക്കുന്നത്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ഭരണാധികാരിക്ക് മാത്രമേ ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നുവെച്ച് സിറിയന്‍ ജനതക്ക് മേല്‍ നൂറ് കണക്കിന് മിസൈല്‍ തൊടുത്തു വിടാന്‍ അമേരിക്കക്ക് ആരാണ് അധികാരം നല്‍കിയത്? ഏത് അന്താരാഷ്ട്ര സംവിധാനമാണ് സിറിയയിലെ പരിഹാരം വ്യോമാക്രമണമാണെന്ന് നിശ്ചയിച്ചത്? ഈ അധികാര വടം വലിയില്‍ സിറിയന്‍ ജനതയുടെ സ്ഥാനമെവിടെയാണ്?

സിറിയയില്‍ സൈനിക നടപടി തുടരുമെന്നും റഷ്യയെ പാഠം പഠിപ്പിക്കുമെന്നും യു എസ് പ്രതിനിധി നിക്കി ഹാലി യു എന്നില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും. യു എസ്, യു കെ, ഫ്രാന്‍സ് സംയുക്ത സൈന്യമാണ് സിറിയയില്‍ ആക്രമണം നടത്തിയത്. ഇതാദ്യമായാണ് ബശര്‍ സര്‍ക്കാറിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സംയുക്തമായി ആക്രമണത്തിനിറങ്ങുന്നത്. തൊമാഹോക്‌സ് ഉള്‍പ്പെടെ 103 ക്രൂയിസ് മിസൈലുകള്‍ സഖ്യസേന സിറിയയുടെ വിവിധ ഭാഗങ്ങളില്‍ പ്രയോഗിച്ചു. ഈ ആക്രമണം ലോകത്തെ രണ്ടായി പിളര്‍ത്തിയെന്ന് തന്നെ പറയാം. ഇറാനും റഷ്യയും ചൈനയും അവരെ പിന്തുണക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ആക്രമണത്തെ ശക്തമായി അപലപിക്കുമ്പോള്‍ അനിവാര്യമായ നടപടിയെന്നാണ് പാശ്ചാത്യ ചേരി വാദിക്കുന്നത്.

അമേരിക്കന്‍ സഖ്യം നേരിട്ട് ഇറങ്ങിയ ലിബിയയുടെ അവസ്ഥ ലോകത്തിന് മുമ്പിലുണ്ട്. മുഅമ്മര്‍ ഗദ്ദാഫിയെ കൊന്നു തള്ളിയ ശേഷം ലിബിയയിലേക്ക് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. പേരിനൊരു യു എന്‍ പ്രമേയത്തിന്റെ ബലത്തില്‍ ലിബിയന്‍ ആകാശത്ത് നിന്ന് ബോംബ് വര്‍ഷിച്ച് വിമതര്‍ക്ക് രക്തദാഹികളാകാന്‍ അവസരമൊരുക്കുകയാണ് അമേരിക്ക ചെയ്തത്. ഗദ്ദാഫിയെ വധിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി സഖ്യ ശക്തികള്‍ മടങ്ങിപ്പോയപ്പോള്‍ അവശേഷിച്ചത് തികച്ചും അരാജകമായ ലിബയയാണ്. ഇന്നത്തെ നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഇത്തരമൊരു പരിണതിയാണ് സിറിയയെയും കാത്തിരിക്കുന്നത്.

ബശര്‍ അല്‍ അസദിനെ താഴെയിറക്കാന്‍ 2011ലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മുല്ലപ്പൂ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രക്ഷോഭ പരമ്പരയില്‍ നിന്ന് പ്രചോദ്യമുള്‍ക്കൊണ്ടാണ് അത് തുടങ്ങിയത്. അല്‍പ്പ സമയം മാത്രമേ പ്രക്ഷോഭത്തിന്റെ സ്വഭാവത്തില്‍ നില്‍ക്കാനായുള്ളൂ. അതിന് ശേഷം അത് സായുധ ആക്രമണത്തിലേക്ക് കൂപ്പുകുത്തി. ആ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയായിരുന്നു. തുര്‍ക്കി വഴി വിമതര്‍ക്ക് വന്‍തോതില്‍ ആയുധം എത്തിച്ചു കൊണ്ടിരുന്നു അമേരിക്ക. അതോടെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ പരിമിതമായ ഉള്ളടക്കം പോലും അപ്രത്യക്ഷമാകുകയും ശത്രുതാപരമായ സായുധ കലാപത്തിന്റെ ഭീകരത പ്രത്യക്ഷപ്പെടുകയും ചെയ്തു. ബശര്‍ ഭരണകൂടം അതിക്രൂരമായാണ് ഈ സായുധ സംഘങ്ങളെ നേരിട്ടത്. രാസായുധങ്ങളടക്കം എല്ലാ തരം നിഗ്രഹോപാധികളും അദ്ദേഹം സ്വന്തം ജനതക്ക് മേല്‍ പ്രയോഗിച്ചു. സ്വകാര്യ സേനകളെയും തന്റെ കൂടെ നില്‍ക്കാന്‍ തയ്യാറുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളെയും ബശര്‍ അല്‍ അസദ് ഉപയോഗിച്ചു. തന്റെ പിതാവിന്റെ കാലത്ത് നടന്ന ഹുമ കൂട്ടക്കൊലയുടെ ചെറുപതിപ്പുകള്‍ രാജ്യത്തുടനീളം ആവര്‍ത്തിക്കുകയാണ് ബശര്‍ അല്‍ അസദ് ചെയ്തത്. അമേരിക്കന്‍ ചേരിയുടെ ഇടപെടലാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ വഷളാക്കിയത്. ഈ ഘട്ടത്തില്‍ യു എന്നില്‍ സിറിയ വിഷയമാകുകയും അന്താരാഷ്ട്ര സൈന്യം സിറിയന്‍ ആകാശത്തും മണ്ണിലിറങ്ങുമെന്ന് വരികയും ചെയ്തപ്പോള്‍ റഷ്യ നേരിട്ടെത്തി. രാസായുധങ്ങള്‍ നശിപ്പിക്കാമെന്ന വ്യവസ്ഥയില്‍ ഒപ്പുവെപ്പിച്ച് ബശറിനെ റഷ്യ രക്ഷിച്ചെടുത്തു. ഇസില്‍ തീവ്രവാദികളുടെ വ്യാപനത്തോടെ പ്രതിസന്ധിയുടെ പുതിയ ഒരു ഘട്ടത്തിലേക്ക് സിറിയ പ്രവേശിക്കുകയായിരുന്നു. ഇസില്‍വിരുദ്ധ ദൗത്യത്തിന്റെ പേരില്‍ സിറിയന്‍ മണ്ണിലെത്തിയ അമേരിക്കന്‍ സേന സഹായിച്ചത് വിമതരെയായിരുന്നു. റഷ്യയാകട്ടേ വിമത ഗ്രൂപ്പുകളെ കൊന്നൊടുക്കാനും തുടങ്ങി. ഏറ്റുമുട്ടിയത് അമേരിക്കയും റഷ്യയും തന്നെയാണെന്ന് ചുരുക്കം.

കുര്‍ദുകളെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന തുര്‍ക്കി അമേരിക്കന്‍ വ്യോമാക്രമണത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. മേഖലയിലെ ഓരോ രാജ്യവും അവരവരുടെ താത്പര്യങ്ങള്‍ മാത്രമാണ് മുന്നില്‍ കാണുന്നത് എന്നതിന്റെ തെളിവാണിത്. ആത്യന്തികമായി ആഘോഷിക്കുന്നത് ഇസ്‌റാഈലാണ്. സിറിയ മാത്രമല്ല, ഇറാനും ലബനാനുമൊക്കെ തകര്‍ന്ന് തരിപ്പണമാകണമെന്നതാണല്ലോ അവരുടെ സ്വപ്‌നം. ആ സ്വപ്‌നത്തെയാണ് അമേരിക്കന്‍ ആക്രമണം സഫലമാക്കുന്നത് എന്നതിനാല്‍ അതിനെ പിന്തുണക്കാന്‍ നേര്‍ ബുദ്ധിയുള്ള ഒരാള്‍ക്കും സാധിക്കില്ല.