മക്ക മസ്ജിദ് സ്‌ഫോടനം: പ്രതികളെ വെറുതേ വിട്ടു

  • കുറ്റവിമുക്തമാക്കിയത് സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ
  • മതിയായ തെളിവുകളില്ലെന്ന് പ്രത്യേക കോടതി
  • എന്‍ ഐ എ അപ്പീല്‍ പോയേക്കും
Posted on: April 16, 2018 12:33 pm | Last updated: April 17, 2018 at 10:59 am

ഹൈദരാബാദ്: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ 2007ലെ മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ അഞ്ച് പ്രതികളെ പ്രത്യേക ഭീകരവാദ വിരുദ്ധ കോടതി വെറുതേ വിട്ടു. രാജസ്ഥാനില്‍ നിന്നുള്ള ആര്‍ എസ് എസ് മുന്‍ പ്രവര്‍ത്തകന്‍ ദേവേന്ദ്ര ഗുപ്ത, മധ്യപ്രദേശില്‍ നിന്നുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, രാജേന്ദ്ര ചൗധരി, അസീമാനന്ദയുടെ അടുത്ത അനുയായി മോഹന്‍ലാല്‍ രതേശ്വര്‍ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ എന്‍ ഐ എ കോടതി വെറുതേ വിട്ടത്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം കേസില്‍ മേല്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു. വിധിക്കെതിരെ എന്‍ ഐ എക്കും ഇരകളുടെ കുടുംബത്തിനും ഹൈക്കോടതിയില്‍ അപ്പീല്‍ പോകാവുന്നതാണ്.

2007 ഡിസംബര്‍ 29ന് വെടിയേറ്റ് മരിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ തീവ്രവാദ സംഘമാണ് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു എന്‍ ഐ എയുടെ കണ്ടെത്തല്‍. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ടതിനാല്‍ സുനില്‍ ജോഷിയുടെ പേര് അതില്‍ ഉള്‍പ്പെട്ടില്ല. കേസിലെ മറ്റ് രണ്ട് പ്രതികളായ സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സംഗ്ര എന്നിവരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2013 ജൂണില്‍ സ്വാമി അസീമാനന്ദ കേസില്‍ കുറ്റം സമ്മതം നടത്തിയിരുന്നു. എന്നാല്‍, പിന്നീട് അയാള്‍ മൊഴിയില്‍ നിന്ന് പിന്നാക്കം പോയി.

2007 മെയ് 18ന് വെള്ളിയാഴ്ച പ്രാര്‍ഥനാ വേളയിലാണ് മക്ക മസ്ജിദില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പിലും അഞ്ച് പേര്‍ മരിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ഹൈദരാബാദ് പോലീസ്, പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി (ഹുജി) എന്ന ഭീകരവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 200ഓളം പേരെ ചോദ്യം ചെയ്യുകയും 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹുജി പ്രവര്‍ത്തകന്‍ ബിലാല്‍ ആണ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നും പോലീസ് ആരോപിച്ചിരുന്നു. ഏറെ നീണ്ട വിചാരണക്കൊടുവില്‍ 2009 ജനുവരിയില്‍ ഈ പ്രതികളെയെല്ലാം തെളിവുകളുടെ അഭാവത്തില്‍ നമ്പള്ളി ക്രിമിനല്‍ കോടതി വെറുതേ വിട്ടു.

പിന്നീട് കേസ് ഏറ്റെടുത്ത സി ബി ഐ, പോലീസ് അന്വേഷണം പാടെ തള്ളിക്കളയുകയും ആര്‍ എസ് എസ് പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്ത, ലേകേഷ് ശര്‍മ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ശേഷം കേസ് ഏറ്റെടുത്ത എന്‍ ഐ എ മറ്റ് പ്രതികളെ നിലനിര്‍ത്തി സ്വാമി അസീമാനന്ദക്കെതിരെ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു.

അതിനിടെ ഈ കേസില്‍ ഉള്‍പ്പെട്ട ഗുപ്ത ഉള്‍പ്പെടെയുള്ള പ്രതികളെ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചു. മക്ക മസ്ജിദ് കേസില്‍ കുറ്റവിമുക്തരാക്കിയുള്ള വിധി വരുമ്പോള്‍, അസീമാനന്ദയും രതേശ്വറും ജാമ്യത്തിലും മറ്റ് മൂന്ന് പ്രതികള്‍ ഹൈദരാബാദ് സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലുമാണ്. 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ കഴിഞ്ഞ വര്‍ഷം അസീമാനന്ദ കുറ്റവിമുക്തനായിരുന്നു.