Connect with us

Sports

സാല്‍സ്ബര്‍ഗ് തകര്‍ത്താടി

Published

|

Last Updated

ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളില്‍ ഗംഭീര തിരിച്ചുവരവുകളുടെ കാലമാണ്. ബാഴ്‌സയെ വീഴ്ത്തി റോമ ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് കുതിച്ചതും റയലിനെ യുവെന്റസ് വിറിപ്പിച്ച് മടങ്ങിയതും ശ്രദ്ധേയമായി.

ചാമ്പ്യന്‍സ് ലീഗിനെ വെല്ലുന്ന പ്രകടനമാണ് യൂറോപ ലീഗിലുണ്ടായിരിക്കുന്നത്. ആസ്ത്രിയന്‍ ക്ലബ്ബ് സാല്‍സ്ബര്‍ഗ് ശൂന്യതയില്‍ നിന്ന് ഉയിര്‍ത്തെണീറ്റിരിക്കുന്നു.

സാല്‍സ്ബര്‍ഗ് ക്വാര്‍ട്ടറിന്റെ രണ്ടാം പാദം 4-1ന് ലാസിയോക്കെതിരെ ജയിച്ചത് മഹത്തായ തിരിച്ചുവരവായി. ആദ്യപാദം 2-4ന് സാല്‍സ്ബര്‍ഗ് പരാജയപ്പെട്ടിരുന്നു. ഹോം മാച്ചില്‍ നാല് ഗോളുകള്‍ അടിച്ചതോടെ റിസള്‍ട്ട് മാറി. ഇരുപാദത്തിലുമായി 6-5ന് ജയിച്ച് സാല്‍സ്ബര്‍ഗ് സെമിയിലേക്ക്.

കഴിഞ്ഞില്ല, ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലൈപ്ഷിഷിനെതിരെ മാഴ്‌സെ നടത്തിയതും ഗംഭീര തിരിച്ചുവരവാണ്. ആദ്യ പാദം 1-0ന് തോറ്റ മാഴ്‌സെ ഹോം മാച്ചിലെ രണ്ടാം പാദം 5-2് ജയിച്ചു. ഇരുപാദ സ്‌കോര്‍ 5-3.

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ റഷ്യന്‍ ടീം സി എസ് കെ എ മോസ്‌കോയെ കീഴടക്കി സെമിഫൈനലില്‍.

ഹോംഗ്രൗണ്ടില്‍ ആദ്യപാദ ക്വാര്‍ട്ടര്‍ 4-1ന് ജയിച്ച ആഴ്‌സണല്‍ റഷ്യയില്‍ നടന്ന രണ്ടാം പാദം 2-2ന് സമനിലയാക്കി ഇരുപാദത്തിലുമായി 6-3ന് മുന്നിലെത്തി സെമി ബെര്‍ത്ത് ഉറപ്പിച്ചു. 2-0ന് പിറകിലായ ശേഷം വെല്‍ബെക്ക് (75 മിനുട്ട്), റാംസി (90+2) എന്നിവരുടെ ഗോളുകളിലാണ് സമനില പിടിച്ചെടുത്തത്.

ആര്‍ബി സാല്‍സ്ബര്‍ഗ്, മാഴ്‌സെ, അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുകളും സെമിയിലെത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് ഇരുപാദത്തിലുമായി 2-1ന് സ്‌പോര്‍ട്ടിംഗിനെ പരാജയപ്പെടുത്തി.

ആദ്യ പാദം ഹോം ഗ്രൗണ്ടില്‍ 2-0ന് ജയിച്ചതാണ് അത്‌ലറ്റിക്കോക്ക് ഗുണകരമായത്. രണ്ടാം പാദത്തില്‍ സ്‌പോര്‍ട്ടിംഗ് 1-0ന് ജയിച്ചെങ്കിലും ഇരുപാദ സ്‌കോറില്‍ പിറകിലായി.

ആഴ്‌സണലിന് സെമി എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡ്

സെമിയില്‍ നേരിടേണ്ടത് സ്പാനിഷ് ലാ ലിഗ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ. മാഴ്‌സെയും റെഡ് ബുള്‍ സാല്‍സ്ബര്‍ഗും തമ്മിലാണ് രണ്ടാം സെമി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ പോരില്‍ പിറകിലായ ആഴ്‌സണലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള സാധ്യതയാണ് യൂറോപ ലീഗ് കിരീടം. കഴിഞ്ഞ തവണ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗ് ചാമ്പ്യന്‍മാരായാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. അതേ പാതയിലാണ് ആഴ്‌സണല്‍.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം ഉറപ്പിച്ച സ്ഥിതിക്ക് ആദ്യ നാലില്‍ ഇടം പിടിക്കുക മാത്രമാണ് ആഴ്‌സണലിന് ചെയ്യാനുള്ളത്. എന്നാല്‍,അതും അത്ര എളുപ്പമല്ല. ആദ്യ നാല് ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുമെന്നതാണ് ആകര്‍ഷകം. എന്നാല്‍, യൂറോപ ലീഗ് കിരീടം നേടുന്നതില്‍ മാത്രമാണ് ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ ക്ലബ്ബ് സി എസ് കെ എ മോസ്‌കോയെ ഇരുപാദത്തിലുമായി 6-3ന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ സെമിയിലേക്ക് മുന്നേറിയത്. അത്‌ലറ്റിക്കോ മാഡ്രിഡ് പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിംഗിനെ ഇരുപാദത്തിലുമായി 2-1ന് പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം പിടിച്ചത്.

അത്‌ലറ്റിക്കോ മാഡ്രിഡ് ഏറ്റവും ഭയക്കുന്ന പ്ലെയര്‍ ആഴ്‌സണല്‍ നിരയിലുണ്ട്. ജര്‍മന്‍ പ്ലേ മേക്കര്‍ മെസുറ്റ് ഒസില്‍. റയല്‍ മാഡ്രിഡ് താരമായിരുന്നു ഒസില്‍. മാഡ്രിഡ് ഡെര്‍ബിയില്‍ ഒസില്‍ വലിയ തലവേദനയായിരുന്നു സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിന്. ഒസില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയാണ്. നാല് ഗോളുകള്‍.

ആഴ്‌സണല്‍ ആദ്യമായിട്ടാണ് അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടുന്നത്. 2005-06 ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ വിയ്യാറയലുമായി കളിച്ചിരുന്നു. അന്ന് ജയം ആഴ്‌സണലിനൊപ്പം. ഫൈനലില്‍ ബാഴ്‌സലോണയോട് പരാജയപ്പെട്ടു.