ഗ്ലാസ്‌കോയില്‍ 15 സ്വര്‍ണം, ഗോള്‍ഡോ കോസ്റ്റില്‍ 17; ഇന്ത്യന്‍ മുന്നേറ്റം

Posted on: April 14, 2018 6:18 am | Last updated: April 14, 2018 at 12:23 am
ബജ്‌രംഗ് പുനിയ, അനീഷ് ഭന്‍വാല

ഗോള്‍ഡ് കോസ്റ്റ് (ആസ്‌ത്രേലിയ): കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ നില മെച്ചപ്പെടുത്തിയ ദിവസം. ഗുസ്തി താരം ബജ്രംഗ് പൂനിയയും പിസ്റ്റള്‍ ഷൂട്ടര്‍ അനിഷ് ഭന്‍വാലയും വെറ്ററന്‍ റൈഫിള്‍ ഷൂട്ടര്‍ തേജസ്വിനി സാവന്തും സ്വര്‍ണം നേടി. രണ്ട് ദിവസം ശേഷിക്കെ 42 മെഡലുകളുമായി ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ഷൂട്ടിംഗില്‍ അഞ്ജും മൗദ്ഗില്‍, ഗുസ്തി താരങ്ങളായ പൂജ ധന്‍ധ, മൗസം ഖാത്രി, വനിതാ ഡബിള്‍സ് ടേബിള്‍ ടെന്നീസ് സഖ്യം മണിക ബത്ര-മൗമ ദാസ് എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. ബോക്‌സിംഗില്‍ നമന്‍തന്‍വാര്‍, മുഹമ്മദ് ഹുസാമുദ്ദീന്‍, മനോജ് കുമാര്‍, ദിവ്യ കക്രാന്‍ എന്നിവരിലൂടെ ഇന്ത്യ വെങ്കലം ഉറപ്പിച്ചു.

പുരുഷ ഹോക്കിയില്‍ ഇന്ത്യ 3-2ന് ന്യൂസിലാന്‍ഡിനോട് സെമി ഫൈനലില്‍ പരാജയപ്പെട്ടത് തിരിച്ചടിയായി. വെങ്കല മെഡല്‍ പോരില്‍ ഇംഗ്ലണ്ടാണ് എതിരാളി. ആസ്‌ത്രേലിയ 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലിലെത്തി.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പ്രോണ്‍ ഫൈനലില്‍ 457.8 പോയിന്റുമായാണ് തേജസ്വിനി സാവന്ത് സ്വര്‍ണം നേടിയത്. ഗെയിംസില്‍ ഇന്ത്യയുടെ പതിനഞ്ചാം മെഡലായിരുന്നു ഇത്. നാല് വര്‍ഷം മുമ്പ് ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ പതിനഞ്ച് സ്വര്‍ണത്തിനൊപ്പമെത്താന്‍ സാധിച്ചു. അധികം വൈകാതെ പതിനഞ്ചു വയസുകാരന്‍ അനിഷ് ഭന്‍വാല ഇന്ത്യക്ക് പതിനാറാം സ്വര്‍ണം സമ്മാനിച്ചു. ഗെയിംസിലെ റെക്കോര്‍ഡ് സ്‌കോറിംഗ് പ്രകടനത്തോടെയായിരുന്നു ഇത്. ഗുസ്തിക്കിറങ്ങിയ നാല് താരങ്ങളും തിളങ്ങി. നാല് വര്‍ഷം മുമ്പ് ഗ്ലാസ്‌കോ ഗെയിംസില്‍ 61 കി.ഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ബജ്രംഗ് ഇത്തവണ എതിരില്ലാതെയാണ് ചാമ്പ്യനായത്. ഫൈനലില്‍ വെയില്‍സിന്റെ കാന്‍ ചാരിഗിനെ രണ്ട് മിനുട്ടിനുള്ളില്‍ മലര്‍ത്തിയടിച്ചു (10-0). സ്വര്‍ണ പ്രതീക്ഷയായിരുന്നു പൂജ 57 കി.ഗ്രാം വിഭാഗത്തില്‍ വെള്ളി നേടി. ഫൈനലില്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവും രണ്ട് തവണ ലോകചാമ്പ്യനുമായ നൈജീരിയയുടെ ഒഡുനായോ എഡെകുറോയോടാണ് തോറ്റത്.

ആദ്യമായി ഗെയിംസിനെത്തിയ മൗസം ഖാതിരി ഗുസ്തിയില്‍ 97 കി.ഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. പത്തൊമ്പതുകാരി ദിവ്യ കക്രാന്‍ കോമണ്‍വെല്‍ത്തില്‍ ആദ്യമായിട്ടാണ് മത്സരിച്ചത്. 68 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടി.