കത്വ തേഞ്ഞുമാഞ്ഞുപോകാതിരുന്നതിന് പിന്നില്‍ ഈ പണ്ഡിറ്റുകളുടെ ജാഗ്രത

ദീപിക സിംഗ്, രമേഷ് കുമാര്‍ ജല്ല
Posted on: April 14, 2018 6:22 am | Last updated: April 13, 2018 at 11:45 pm
ദീപിക സിംഗ്, രമേഷ് കുമാര്‍ ജല്ല

ശ്രീനഗര്‍: കത്വ സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധാഗ്‌നി പടരുമ്പോള്‍ അത് മനുഷ്യത്വമുള്ള ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും ധീരതയുടെ പ്രഖ്യാപനം കൂടിയാകുകയാണ്. രമേഷ് കുമാര്‍ ജല്ല എന്ന പോലീസ് ഉദ്യോഗസ്ഥനും ദീപിക സിംഗ് എന്ന അഭിഭാഷകയും അങ്ങേയറ്റത്തെ ധീരതയോടെ നിലകൊണ്ടില്ലായിരുന്നുവെങ്കില്‍ പല കേസുകളിലൊന്നായി കത്വയിലെ എട്ട് വയസ്സുകാരിയുടെ ബലാത്സംഗവും കൊലപാതകവും അസ്തമിച്ച് പോകുമായിരുന്നു. പല കോണില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടായിട്ടും തന്റെ കൃത്യനിര്‍വഹണത്തില്‍ അണുവിട മാറാതെ നിലകൊണ്ടു രമേഷ് കുമാര്‍ ജല്ലയെന്ന ഉദ്യോഗസ്ഥന്‍. ക്രൈം ബ്രാഞ്ച് എസ് പിയായ ആര്‍ കെ ജല്ലയാണ് കേസില്‍ റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പഴുതുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിച്ച സംഘത്തെ നയിച്ചത്. ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം കോടതിയിലെത്തി. ഹൈക്കോടതി വെച്ച അന്ത്യശാസന സമയമായ 90 ദിവസം തീരാന്‍ 10 ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഈ കുറ്റപത്രമാണ് കാമവെറിയുടെയും വംശീയതയുടെയും ഭീകര മുഖം ലോകത്തിന് മുമ്പില്‍ തുറന്ന് വെച്ചത്.

സവര്‍ണ സംഘത്തിന്റെ ശക്തമായ സമ്മര്‍ദത്തെ അദ്ദേഹം അതിജീവിച്ചു. പ്രതികള്‍ക്കായി ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ തെരുവില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുകയും ഭരണത്തില്‍ പങ്കാളിയായ ബി ജെ പി തന്നെ ഈ പ്രതിഷേധത്തെ പിന്തുണക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയും അറസ്റ്റ് തടയാന്‍ പരസ്യമായി രംഗത്ത് വന്നു. എന്നാല്‍ എല്ലാം അതിജീവിച്ച് കുറ്റപത്രം തയ്യാറാക്കിയതോടെ ചരിത്രപരമായ നിയോഗം നിറവേറ്റുകയായിരുന്നു ജല്ല. കൃത്യം ആസൂത്രണം ചെയ്തതില്‍ മുഖ്യ പങ്കുവഹിച്ചത് നാല് പോലീസുകാരാണെന്നതും ഈ കശ്മീരി പണ്ഡിറ്റിനെ നീതിയുടെ പക്ഷത്ത് നിന്ന് വ്യതിചലിപ്പിച്ചില്ല.
സംസ്ഥാന ക്രൈം ബ്രാഞ്ചിലെ ജമ്മു മേഖലാ മേധാവിയായ ജല്ലയെ ഈ കേസിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കുമ്പോള്‍ ഒരു തെളിവുമില്ലായിരുന്നു. പോലീസുകാര്‍ ചേര്‍ന്ന് മിക്ക തെളിവുകളും നശിപ്പിച്ചിരുന്നു. 1984 മുതല്‍ കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രമേഷ് കുമാര്‍ ജല്ല. കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് അഭിഭാഷകര്‍ പ്രതിഷേധിച്ചെന്നും ക്രൈം ബ്രാഞ്ചിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും ജല്ല പറയുന്നു. പ്രധാനപ്പെട്ട തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നവീദ് പീര്‍സാദ എന്ന യുവ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ജല്ലയുടെ അന്വേഷണ സംഘത്തില്‍ ചേര്‍ന്നതോടെ നടപടികള്‍ ശരിയായ ദിശയിലെത്തുകയായിരുന്നു. തുമ്പില്ലാത്ത കേസുകളില്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ വിദഗ്ധനെന്ന ഖ്യാതി ആര്‍ജിച്ച ഉദ്യോഗസ്ഥനാണ് നവീദ്.

ഗ്രാമത്തിലെ ‘തെറിച്ച ചെക്കന്‍’ ചെയ്ത ബാലിശമായ കുറ്റം എന്ന നിലയില്‍ കേസില്‍ വെള്ളം ചേര്‍ക്കാനാണ് പോലീസ് തുടക്കത്തില്‍ ശ്രമിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മാത്രമായിരുന്നു കസ്റ്റഡിയിലെടുത്തത്. ജല്ലയുടെ സംഘം വിശദമായി ചോദ്യം ചെയ്തിട്ടും പോലീസുകാര്‍ അടക്കമുള്ള മുതിര്‍ന്നവരെ കുറിച്ച് പ്രതി ഒരക്ഷരം ഉരിയാടിയില്ല. കുട്ടിയുടെ മയ്യിത്തില്‍ നിന്ന് കിട്ടിയ മണ്ണ,് മയ്യിത്ത് കണ്ടെടുത്ത സ്ഥലത്തേതല്ലെന്ന് തെളിഞ്ഞതോടെയാണ് ഭീകരമായ സംഭവങ്ങളിലേക്ക് ആദ്യ വഴി തുറന്നത്. കൊല്ലപ്പെട്ടത് മറ്റെവിടെയോ ആണെന്ന് വ്യക്തമായിരുന്നു. ആ വഴിക്കാണ് ഞങ്ങള്‍ തുടക്കത്തില്‍ സഞ്ചരിച്ചത്- അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതോടെ മയ്യിത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തിയത്. ആദ്യ ഫോട്ടോയില്‍ കാണുന്ന ചെളി പിന്നീട് കാണുന്നില്ല. പോലീസുകാര്‍ ഇടപെട്ടുവെന്ന് സംശയിക്കുന്നത് ഈ ഘട്ടത്തിലാണ്. വസ്ത്രത്തിലെ രക്തം കഴുകിക്കളഞ്ഞുവെന്നും വ്യക്തമായി.

കുഞ്ഞിനെ പാര്‍പ്പിച്ചത് ക്ഷേത്രത്തിലാണെന്ന് വ്യക്തമായപ്പോള്‍ ഞങ്ങള്‍ പുതിയ പ്രതിസന്ധി നേരിട്ടു. ക്ഷേത്രത്തില്‍ വിശദമായ പരിശോധനക്ക് അവസരം ലഭിച്ചില്ല. പ്രതികളുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. അവിടെ നിന്ന് കണ്ടെടുത്ത മുടിയിഴകളാണ് മുന്നോട്ട് വഴി കാണിച്ചത്. ഈ മുടിയിഴകളില്‍ ഒന്ന് കുട്ടിയുടെതാണെന്ന് ഡി എന്‍ എ പരിശോധനയില്‍ വ്യക്തമായി. ഇരുട്ട് മാത്രം നിറഞ്ഞ കേസായിരുന്നു ഇത്. ദൈവത്തിന്റെ ഇടപെടലാണ് വെളിച്ചം പകര്‍ന്നത്- പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രാദേശിക അഭിഭാഷക കൂട്ടായ്മ പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയപ്പോള്‍ ഇരകള്‍ക്ക് കൃത്യമായ നിയമസഹായമൊരുക്കിയാണ് ദീപിക സിംഗ് നീതിയുടെ കാവലാളായത്. വര്‍ഗീയതയുടെ ഏറ്റവും കടുത്ത ആവിഷ്‌കാരമാണ് നടന്നതെന്ന ബോധ്യമാണ് ജല്ലയെയും ദീപികയെയും പോലുള്ളവരെ ഇരകള്‍ക്കൊപ്പം അടിയുറച്ച് നിര്‍ത്തിയത്. ഇരയായ കുട്ടിയുടെ കുടുംബത്തിന് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ കേസ് വാദിച്ചത് 38കാരിയായ ദീപിക തുസൂ സിംഗാണ്.

ദീപിക നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്. ഇരയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് തന്നോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹൈക്കോടതിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് ദീപിക പറഞ്ഞിരുന്നു. കൊടും ക്രൂരത ചെയ്ത പ്രതികള്‍ക്ക് വേണ്ടി ഭാരത് മാതാ കീ ജയ് എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നതില്‍ ലജ്ജ തോന്നുന്നു. ഇത്തരം കുറ്റ കൃത്യങ്ങളില്‍ പോലും മതവും നിറവും നോക്കുന്നത് നാണക്കേടാണെന്ന് ദീപിക പറഞ്ഞു.

നാല് പോലീസുകാരെയും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയുമടക്കം പ്രതികളാക്കി സമര്‍പ്പിച്ച കുറ്റപത്രം കൊലപാതകം നടത്തിയത് മുസ്‌ലിംകളെ പേടിപ്പിച്ച് ഓടിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞിരുന്നു. കുറ്റപത്രവും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉത്തര്‍ പ്രദേശില്‍ നിന്ന് ആളെ വിളിച്ചു വരുത്തിയതും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.