കത്വയിലെ പെണ്‍കുട്ടിയും നിര്‍ഭയയും

Posted on: April 14, 2018 6:00 am | Last updated: April 13, 2018 at 10:19 pm

മനുഷ്യമനഃസാക്ഷിയെ നടുക്കിയ സംഭവമാണ് കത്‌വ ബാലികാ പീഡനവും കൊലയും. ആസിഫാ ബാനുവെന്ന എട്ടു വയസ്സുള്ള ബാലികയെ ദിവസങ്ങളോളം റസാനയിലെ ക്ഷേത്രത്തില്‍ പൂട്ടിയിട്ടു കൗമാരക്കാരന്‍ മുതല്‍ അറുപതുകാരന്‍ വരെ മാറി മാറി ബലാത്സംഗം ചെയ്തു ക്രൂരമായി കൊലചെയ്യുകയായിരുന്നു. കഴുത്തു ഞെരിച്ചും കല്ല് കൊണ്ട് തലക്കടിച്ചുമാണ് കൊന്നത്. റസാന ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ മേല്‍നോട്ടക്കാരനും റിട്ട. റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാം, മകന്‍ വിശാല്‍ ഗംഗോത്ര, കൗമാര പ്രായക്കാരനായ മരുമകന്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുട്ട, ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേശ് കുമാര്‍ എന്നിങ്ങനെ പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് കേസിലെ പ്രതികള്‍.

ഗ്രാമത്തില്‍ താമസമാക്കിയ മുസ്‌ലിം നാടോടികള്‍ക്കിടയില്‍ അരക്ഷിത ബോധം സൃഷ്ടിച്ചു അവരെ ആട്ടിയോടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നറിയുമ്പോഴാണ് സംഭവത്തിന്റെ ഭീകരത കൂടുതല്‍ വെളിപ്പെടുന്നത്. 22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ബലാത്സംഗത്തിനും കൊലക്കും പിന്നില്‍ സംഘ്പരിവാറിന്റെ കൊടിയ വര്‍ഗീയതയായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രതികളെ രക്ഷിക്കാന്‍ സഞ്ജി റാം, പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന് നാല് ലക്ഷം രൂപ കൈക്കൂലി നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു. വൈരമെന്തെന്നറിയാത്ത, വര്‍ഗീയതയുടെ ബാലപാഠം പോലും അഭ്യസിച്ചിട്ടില്ലാത്ത ഒരു കുരുന്നു ജീവനെയാണ് ഈ കുത്സിത ലക്ഷ്യത്തില്‍ വര്‍ഗീയ പിശാചുക്കള്‍ പിച്ചിച്ചീന്തിയത്!

2012ലെ നിര്‍ഭയ സംഭവം സ്ത്രീ പീഡന വിഷയത്തില്‍ രാജ്യം അന്നു വരെ കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനിടയാക്കി. മഹിളാ പ്രസ്ഥാനങ്ങള്‍ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിച്ചു. ജനപ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീ സമൂഹത്തിന്റെ രക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടു രംഗത്തിറങ്ങി. കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കപ്പുറം രാജ്യം ഒറ്റക്കെട്ടായ സമരമായി അത് രൂപാന്തരപ്പെട്ടു. സര്‍ക്കാറും കോടതിയും സടകുടഞ്ഞെഴുന്നേറ്റു. സ്ത്രീസുരക്ഷക്കായി പുതിയ നിയമങ്ങള്‍ പിറന്നു. പൈശാചികവും നിഷ്ഠൂരവുമെന്നാണ് നിര്‍ഭയ സംഭവത്തെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. കത്‌വ സംഭവത്തെ അങ്ങനെ വിശേഷിപ്പിച്ചാല്‍ പിശാച് പോലും പ്രതിഷേധിച്ചേക്കും. നിര്‍ഭയ അര്‍ധ രാത്രിയില്‍ സിനിമ കണ്ടു മടങ്ങും വഴി ആളൊഴിഞ്ഞ ബസില്‍ യാത്ര ചെയ്യവെയാണ് പീഡിപ്പിക്കപ്പെട്ടതെങ്കില്‍ പട്ടാപ്പകലില്‍ വീട്ടുപരിസരത്തു നിന്ന് തട്ടിക്കൊണ്ടു പോയാണ് ആസിഫാബാനു എന്ന നിഷ്‌കളങ്ക ബാല്യത്തെ കാവിഭീകരര്‍ പിച്ചിച്ചീന്തിയത്. എന്നിട്ടുമെന്തേ നിര്‍ഭയ പ്രശ്‌നത്തില്‍ ഉയര്‍ന്നതു പോലൊരു പ്രതിഷേധം ഉണ്ടാകുന്നില്ല? രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്ത രാഷ്ട്രീയ ചുവയുള്ള പ്രതിഷേധത്തില്‍ ഒതുങ്ങി പൊതുമണ്ഡലത്തില്‍ ഇതുസംബന്ധിച്ചുണ്ടായ പ്രതികരണം. രാജ്യത്തെ വനിതാ പ്രസ്ഥാനങ്ങളും പൊതുസമൂഹവും പ്രക്ഷോഭവുമായി രംഗത്തിറങ്ങാത്തതിന് എന്ത് കാരണമാണ് ചൂണ്ടിക്കാണിക്കാനുള്ളത്? നിര്‍ഭയയെ ഇന്ത്യയുടെ മകളെന്നാണ് സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും വിശേഷിപ്പിക്കുന്നത്. ആസിഫാ ബാനുവിന്റെ രാജ്യത്തെ ഇടം എന്താണെന്ന് ഭരണ തലപ്പത്തുള്ളവര്‍ വ്യക്തമാക്കുമോ? നിര്‍ഭയയുടെ നിലവിളി കേട്ട് വേദനിച്ചവര്‍ക്ക് ആസിഫാബാനുവിന്റെ നിലവിളി സംഗീത സമാനമായാണോ അനുഭവപ്പെടുന്നത്?

കത്‌വ സംഭവത്തില്‍ ചില ബി ജെ പി നേതാക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അപഹാസ്യമായിപ്പോയി. ഇന്ത്യന്‍ ജനതക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ഏജന്റുമാരാണ് ബാലികയെ ബലാത്സംഗം ചെയ്തതെന്നായിരുന്നു ബി ജെ പി, എം പി സിംഗ് ചൗഹാന്‍ പറഞ്ഞത്. കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കാന്‍ ജമ്മുവിലെ ബാര്‍ അസോസിയേഷനില്‍ നിന്നും ക്രൈംബ്രാഞ്ചിന് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെന്ന ജമ്മു-കശ്മീര്‍ പോലീസ് വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍ പ്രശ്‌നത്തോട് നിമയ വൃത്തങ്ങള്‍ പോലും വര്‍ഗീയ മനോഭാവത്തോടെയാണ് പ്രതികരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു. ആസിഫാ ബാനുവിന് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് അഭിഭാഷക ദീപിക എസ് രജാവത്തിനോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി എസ് സലാത്തിയ ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടതായി അവര്‍ വെളിപ്പെടുത്തുകയുമുണ്ടായി. നിര്‍ഭയ പ്രശ്‌നത്തില്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായാണ് ബി ജെ പി രംഗത്തിറങ്ങിയതെങ്കില്‍ കത്‌വ പ്രശ്‌നത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബി ജെ പി മന്ത്രിമാര്‍ ഉള്‍പ്പെടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളുമായി തെരുവിലിറങ്ങിയത് പ്രതികളുടെ അറസ്റ്റ് തടയാനായിരുന്നു. പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യവുമായി സംഘ്പരിവാര്‍ വനിതകള്‍ റോഡ് ഉപരോധിക്കുകയും ഇല്ലെങ്കില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാതിമതഭേദമില്ലാതെ നാം സഹോദരീ സഹോദരന്മാരെന്ന് വിദ്യാലയങ്ങളില്‍ നിന്ന് പ്രതിജ്ഞയെടുത്തും സാമൂഹിക സമത്വത്തെക്കുറിച്ചുള്ള നേതാക്കളുടെ വാഗ്ദാനങ്ങള്‍ കേട്ടും വളര്‍ന്നവരാണ് ഇന്ത്യന്‍ ജനത. ഇന്നിപ്പോള്‍ രാജ്യത്തെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചുമുള്ള സങ്കല്‍പ്പമാകെ തകിടം മറിഞ്ഞിരിക്കയാണ്. ഹിന്ദുത്വ ഫാസിസത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അതിനെ അംഗീകരിക്കുന്നവര്‍ക്കും മാത്രമാണ് രാജ്യത്ത് നിര്‍ഭയത്വം. അല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. ഇന്ത്യയുടെ പൊതുബോധം പോലും ഇതിനനുസൃതമായി പരിവര്‍ത്തിപ്പിക്കപ്പെട്ടു കഴിഞ്ഞുവെന്ന് കത്‌വ സംഭവത്തോടുള്ള തണുത്ത പ്രതികരണം വ്യക്തമാക്കുന്നു. എവിടേക്കാണ് രാജ്യത്തിന്റെ പ്രയാണം?