ശ്രീദേവി മികച്ച നടി, ഫഹദ് സഹനടന്‍; ജയരാജ് സംവിധാകന്‍; തൊണ്ടിമുതല്‍ മികച്ച മലയാള ചിത്രം

Posted on: April 13, 2018 12:41 pm | Last updated: April 13, 2018 at 3:52 pm


ന്യൂഡല്‍ഹി: 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒമ്പത് അവാര്‍ഡുകളുമായി മലയാള സിനിമ മികച്ച നേട്ടം കൊയ്തു. നഗര്‍ കീര്‍ത്തന്‍ എന്ന സിനിമയിലെ പ്രകടനത്തിന് ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനായും മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

അസമില്‍നിന്നുള്ള വില്ലേജ് റോക്സ്റ്റാര്‍സാണ് മികച്ച ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

ഭയാനകം എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകന്‍. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ജയരാജാണ് മികച്ച സംവിധാകന്‍. ചിത്രം ഭയാകനം. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരവും ഭയാനകത്തിന് ലഭിച്ചു. ടേക്ക്ഓഫിനും പാര്‍വതിയുടെ അഭിനയത്തിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖില്‍ എസ്.പ്രവീണാണ് മികച്ച ഛായാഗ്രാഹകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂര്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച സംഗീത സംവിധായകന്‍, പശ്ചാത്തല സംഗീതം എന്നീ പുരസ്‌കാരങ്ങള്‍ എ ആര്‍ റഹ്മാന് ലഭിച്ചു. ചിത്രം കാട്ര് വെളിയിടെ.