കത്‌വ, ഉന്നാവോ പീഡനം: പ്രതിഷേധം ആളിക്കത്തിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി മാര്‍ച്ച്

Posted on: April 13, 2018 10:40 am | Last updated: April 13, 2018 at 12:43 pm

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച കത്‌വ, ഉന്നാവ സംഭവങ്ങളില്‍ വന്‍ പ്രതിഷേധത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ ഇന്ത്യാഗേറ്റിലേക്ക് അര്‍ധരാത്രി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന്
അര്‍ധരാത്രിയാണ് മാര്‍ച്ച് ആരംഭിച്ചത്. മെഴുകുതിരിയും പ്‌ളക്കാര്‍ഡുകളുമായി നൂറുകണക്കിന് പേര്‍ അണിനിരന്ന മാര്‍ച്ച് ഇന്ത്യാഗേറ്റിലേക്ക് എത്തുന്നത് തടയാന്‍ പോലീസ് ബാരിക്കേഡ് തീര്‍ത്തെങ്കിലും അത് മറികടന്ന് അമര്‍ ജവാന്‍ ജ്യോതിവരെ എത്തിയ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി. മോദി സര്‍ക്കാറിന്റെ ബേട്ടി ബച്ചോവോ മുദ്രാവാക്യം വെറും പൊള്ളയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പുലര്‍ച്ചെ ഒന്നര മണിവരെ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ത്യാഗേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജമ്മുവിലെ കത്വായില്‍ എട്ടുവയസ്സുകാരി ആസിഫക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും നേരിടേണ്ടി വന്ന അധികം ദേശീയ പ്രശ്‌നമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അംബികാസോണി, അശോക് ഖേലോട്ട്, അഹമ്മദ്പട്ടേല്‍ തുടങ്ങിയ നേതാക്കളും എത്തി. ഈ സമരത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്
സെങ്കറെ സിബിഐ കസ്റ്റഡിയിലെടുത്തത്. ചിന്തിക്കാനാകാത്ത കുറ്റകൃത്യമാണ് കത്വ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായതെന്നും ഇത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും നേരത്തെ രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.