കണ്ണൂര്‍ വിമാനത്താവളം: അഭിമുഖത്തിന് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

തിരക്ക് ക്രമാതീതമായതോടെ അഭിമുഖം നിര്‍ത്തി സ്വകാര്യ വിമാനക്കമ്പനി അധികൃതര്‍ തടിയൂരി
Posted on: April 13, 2018 6:25 am | Last updated: April 13, 2018 at 12:47 am
കണ്ണൂര്‍ വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് സ്വകാര്യ വിമാനക്കമ്പനി നടത്തിയ ഇന്റര്‍വ്യൂവിനെത്തിയ ജനക്കൂട്ടം

കണ്ണൂര്‍: പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് സ്വകാര്യ വിമാനക്കമ്പനി നടത്തിയ അഭിമുഖത്തിനായി യുവതീ-യുവാക്കള്‍ ഒഴുകിയെത്തിയത് കണ്ണൂര്‍ നഗരത്തെ സംഘര്‍ഷഭരിതമാക്കി. അപേക്ഷകരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ അധികൃതര്‍ അവസാനം ഇന്റര്‍വ്യൂ നിര്‍ത്തിവെച്ച് രക്ഷപ്പെട്ടു.

പ്രമുഖ വിമാന കമ്പനിയായ ഇന്റിഗോ താവക്കരയിലെ സ്വകാര്യ റസിഡന്‍സിയിലായിരുന്നു അഭിമുഖം നടത്തിയിരുന്നത്. റാമ്പ്, കണ്‍ട്രോള്‍, സെക്യൂരിറ്റി വിഭാഗത്തിലേക്കായിരുന്നു ഇന്റര്‍വ്യൂ. വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപേക്ഷകരൊഴുകിയെത്തിയത്. തലേന്ന് രാത്രി മുതല്‍ നഗരത്തിലെ ലോഡ്ജുകളിലും മറ്റും താമസിച്ച് ഉദ്യോഗാര്‍ഥികള്‍ രാവിലെ ആറ് മണി മുതല്‍ തന്നെ ഇന്റര്‍വ്യൂ നടക്കുന്ന താവക്കരയിലെ ഹോട്ടലിന് മുമ്പില്‍ ഇടംപിടിച്ചു. രാവിലെ പത്ത് മണിയായപ്പോഴേക്കും താവക്കര മുതല്‍ പഴയ ബസ്സ്റ്റാന്‍ഡ് വരെ ആയിരങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടി. ഇന്റര്‍വ്യൂ ഹാളിന് പുറത്ത് ഉന്തും തള്ളുമുണ്ടായി.

രാവിലെ 11 മണി വരെയായിരുന്നു രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികളുടെ തിരക്ക് കാരണം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. നിയന്ത്രിക്കാന്‍ പോലീസ് എത്തിയതോടെ രംഗം തികച്ചും സംഘര്‍ഷഭരിതമായി. ഉദ്യോഗാര്‍ഥികളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. തിരക്ക് ക്രമാതീതമായതോടെ അഭിമുഖം അവസാനിപ്പിച്ച്് പോലീസിന്റെ സഹായത്തോടെ അപേക്ഷകള്‍ വാങ്ങിവെച്ച് ഇന്‍ഡിഗോ അധികൃതര്‍ രക്ഷപ്പെട്ടു.
എസ് എസ് എല്‍ സി മുതല്‍ പി ജി വരെ യോഗ്യതയുള്ളവരായിരുന്നു എത്തിയ ഉദ്യോഗാര്‍ഥികളില്‍ പലരും. അതിനിടെ, അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാതെ പൊരിവെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തിയതിനെതിരെ ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.

കണ്ണൂര്‍ വിമാനത്തവളത്തില്‍ നിരവധി തൊഴിലവസരങ്ങളാണുള്ളത്. ഇത്തരം തസ്തികകളിലേക്ക്് സൂക്ഷ്മതയോടെ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കേണ്ട പ്രമുഖ വിമാനക്കമ്പനികള്‍ തന്നെ വളരെ ലാഘവത്തോടെ അഭിമുഖവും തിരഞ്ഞെടുപ്പും നടത്തുന്നതില്‍ പൊതുവെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.