എഴുനേറ്റ് നിന്ന് പാടിയില്ല: സിന്ധില്‍ ഗര്‍ഭിണിയായ ഗായികയെ കൊലപ്പെടുത്തി

Posted on: April 13, 2018 6:07 am | Last updated: April 13, 2018 at 12:21 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉത്സവച്ചടങ്ങിനിടെ ഗര്‍ഭിണിയായ ഗായികയെ വെടിവെച്ചുകൊന്നു. സമിന സമൂണ്‍ എന്ന ഇരുപത്തിനാലുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. എഴുന്നേറ്റു നിന്നു പാടാന്‍ പറഞ്ഞപ്പോള്‍ അത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. വെടിയുതിര്‍ത്ത താരിഖ് ജതോയ് എന്നയാളെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു.

വേദിയില്‍ ഇരുന്നുകൊണ്ട് പാട്ടുപാടിയ സമീനയോട് അക്രമി എഴുന്നേറ്റ് നിന്ന് പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ എഴുന്നേറ്റു നിന്നതും താരിഖ് വെടിവെക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.