കത്‌വ, ഉന്നാവോ പീഡനം: ഉണരട്ടെ മനഃസാക്ഷി: വ്യാപക പ്രതിഷേധം

Posted on: April 13, 2018 6:10 am | Last updated: April 13, 2018 at 6:40 pm

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച കത്‌വ, ഉന്നാവ സംഭവങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം. ബ്രാഹ്മണര്‍ക്ക് മേധാവിത്വമുള്ള ജമ്മു കശ്മീരിലെ കത്വയില്‍ ന്യൂനപക്ഷ നാടോടി വിഭാഗത്തില്‍പ്പെട്ട ആസിഫ എന്ന പിഞ്ചുബാലികയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവവും ഉത്തര്‍പ്രദേശില്‍ പീഡനക്കേസിലുള്‍പ്പെട്ട എം എല്‍ എക്ക് സംരക്ഷണം തുടരുന്നതുമാണ് രാജ്യത്ത് പ്രതിഷേധാഗ്നിക്കിടയാക്കിയത്. കശ്മീരില്‍ ക്ഷേത്രത്തിനകത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പോലീസ് കുറ്റപത്രം പുറത്ത് വന്നതോടെയാണ് പെണ്‍കുട്ടി നേരിട്ട ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ചിന്തിക്കാനാകാത്ത കുറ്റകൃത്യമാണ് കത്വ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകരുത്. രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപവസിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

യു പിയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ബി ജെ പി. എം എല്‍ എ കുല്‍ദീപ് സെന്‍ഗറിനെ സംരക്ഷിക്കുന്നതിനെതിരെയാണ് പ്രതിഷേധം. എം എല്‍ എക്കെതിരെ നടപടി എടുക്കാത്തതിനെതിരെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

പെണ്‍കുട്ടിയുടെ വ്യക്തമായ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് എം എല്‍ എയെ അറസ്റ്റ് ചെയ്തില്ലെന്ന് അലഹബാദ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എം എല്‍ എയെ അറസ്റ്റ് ചെയ്യാത്തതിനെ കോടതി ചോദ്യം ചെയ്തു. എം എല്‍ എയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ അറിയിച്ചപ്പോഴാണ് കോടതി രൂക്ഷവിമര്‍ശം ഉന്നയിച്ചത്‌