അഭിമാനം ശ്രീ: കിഡംബി ശ്രീകാന്ത് ലോക ഒന്നാമന്‍

പ്രകാശ് പദുക്കോണിനു ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം
Posted on: April 12, 2018 7:17 pm | Last updated: April 12, 2018 at 10:23 pm

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണിലെ ഒന്നാമന്‍ ഇനി ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്. ലോക ബാഡ്മിന്റന്‍ ഫെഡറേഷന്‍ (ബി ഡബ്ല്യു എഫ്) വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ റാങ്കിങ് പട്ടികയിലാണ് ഒന്നാം സ്ഥാനത്ത് ശ്രീകാന്ത് എത്തിയത്. 76,895 പോയിന്റുകളോടെ നിലവിലെ ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ ആക്‌സ് ലെനെയെ പിന്തള്ളിയാണ് ശ്രീകാന്ത് ഒന്നാമനായത്. കൊറിയന്‍ താരം സോന്‍ വാന്‍ഹൊ ആണ് പട്ടികയില്‍ മുന്നാം സ്ഥാനത്തുള്ളത്.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ ടീം ചരിത്രം തിരുത്തി നേടിയ വിജയത്തോടെയാണ് ശ്രീകാന്ത് ഒന്നാം റാങ്കും നേടിയത്. ഇതോടെ ഇന്ത്യന്‍ ടീമിനത് ഇരട്ടിമധുരമായി. മിക്‌സഡ് ടീം വിഭാഗത്തില്‍ മൂന്നുവട്ടം ചാംപ്യന്‍മാരായ മലേഷ്യയെ 3-1നു കീഴടക്കി സ്വര്‍ണം ചൂടിയ ഇന്ത്യയുടെ നേട്ടത്തിനു പിന്നില്‍ നിര്‍ണായക പ്രകടനം നടത്തിയ ശ്രീകാന്തിന് 76,895 പോയിന്റുകളായി. ഇതോടെ, ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെനെ പിന്നിലാക്കി ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തി. 77,130 പോയിന്റുകളുണ്ടായിരുന്ന അക്‌സെല്‍സന് പരുക്കുമൂലം മല്‍സരങ്ങള്‍ നഷ്ടമായതിനാല്‍ 1660 പോയിന്റുകള്‍ കുറഞ്ഞതോടെയാണ് ശ്രീകാന്ത് ഒന്നാം സ്ഥാനത്തിനര്‍ഹനായത്.

സൈന നെഹ്‌വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.  2015ലാണ് സൈന ഒന്നാം നമ്പര്‍ പദവി നേടിയത്. പുല്ലേല ഗോപീ ചന്ദാണ് ഇരുവരുടെയും പരിശീലകന്‍. കംപ്യൂട്ടറൈസ്ഡ് റാങ്കിങ് സിസ്റ്റം നിലവിലില്ലാതിരുന്ന കാലത്ത് പ്രകാശ് പദുക്കോണ്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അതിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് ഇരുപത്തിയഞ്ചുകാരനായ ശ്രീകാന്ത്.

ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ഡബ്ള്‍സില്‍ ശ്രീകാന്തും സഖ്യവും ചരിത്രം തിരുത്തി കുറിച്ച് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയാണ് ശ്രീകാന്ത്.